പൊത്തകപ്പുഴു

പൊത്തകപ്പുഴു

വിരിഞ്ഞു നിൽക്കുന്ന ചോരചെമ്പരത്തിയിലേക്ക് നോക്കി വെറുതെ നിൽക്കുന്ന സമയം .പഴുത്ത പ്ലാവിലകൾ കൊഴിഞ്ഞു വീണ മുറ്റത്ത് നിന്ന് കാലാവസ്ഥ നിരീക്ഷകനെപ്പോലെ മാനത്ത് കണ്ണോടിച്ചു. പെയ്യും പെയ്യും എന്ന് കൊതിപ്പിച്ചിട്ട്‌ ഓടിയോളിക്കുന്ന മഴ മേഘങ്ങൾ എന്നെ നോക്കി കണ്ണിറുക്കി.മഴയുടെ ലക്ഷണമുണ്ടെങ്കിലും രാവിലെ തന്നെ അലക്കി വിരിച്ച തുണികൾ അയയിൽ തൂങ്ങിയാടുന്നു.മൂടിക്കെട്ടിയ അന്തരീഷത്തിൽ മൂടിക്കെട്ടിയ മനസ്സുമായി നാല് ചുവരുകൾക്കുള്ളിലേക്ക് നടക്കുമ്പോൾ കയ്യിലിരുന്ന ഫോൺ ആരോടോ വാശി തീർക്കാനെന്ന പോലെ കിടക്കയിലെറിഞ്ഞു.

അലമാരയിൽ നിരനിരയായി അടുക്കി വെച്ചിരിക്കുന്ന നൂറുകണക്കിന് പൊത്തകങ്ങളിലെന്റെ കണ്ണുടക്കി.വായിച്ചതും വായിക്കാത്തതുമായ അനേകം പൊത്തകങ്ങൾ .സൗഹൃദവലയങ്ങൾ സ്നേഹപൂർവ്വം സമ്മാനിച്ചതും,പണം മുടക്കി വാങ്ങിയതുമുൾപ്പെടെ എത്രയോ പൊത്തകങ്ങൾ.എന്റെ ചങ്ങാതിമാരണണവർ. ഊണിലും ഉറക്കത്തിലും, യാത്രകളിലും , ജോലിയിലും ഞാനവരെ കൂടെ കൂട്ടാറുണ്ട്.
കാലപ്പഴക്കാത്താൽ നരച്ച് ചുളുങ്ങിയ കവറുകളും, കീറിയടർന്ന പേജുകളും ഞങ്ങളെ ഉപേക്ഷിക്കരുതേയെന്നു എത്രയോ വട്ടം എന്നോട് മന്ത്രിച്ചിരിക്കുന്നു. മുറിവുകളിൽ പശ തേച്ചും സെല്ലോടെപ്പുകളാൽ തുന്നിചേർത്തും, അവരുടെയെല്ലാം നിലവിളികൾ കൈക്കൊണ്ട്, പൊടി തുടച്ച് , അക്ഷരങ്ങളിലൂടെ അരിച്ചിറങ്ങി അറിവുകളുടെ ലോകത്തേക്ക്, പൊത്തകങ്ങളിലെ കഥാപാത്രങ്ങളിലൂടെ, കഥാപാശ്ചാത്തലങ്ങളിലൂടെ എത്രയോ വട്ടം യാത്ര പോയിരിക്കുന്നു. ഇന്നും അവരെന്നെ നോക്കി ചിരിച്ചു.മാടിവിളിച്ചു. മൂടിക്കെട്ടിയ മുഖത്തിനൊരു അയവു വന്നിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി.സന്തോഷപൂർവ്വം ഞാനാ ചങ്ങാതികളുടെ പുറം ചട്ടകളിൽ വിരലോടിച്ചു.അവരെന്നെ വിളിക്കുകയാണ് വീണ്ടും വീണ്ടും.ഇടയിലെവിടെയോ മറഞ്ഞിരുന്ന , ഒന്നിലേറെത്തവണ ഞാനാർത്തിയോടെ വായിച്ച കിളിമഞ്ജാരോ ബുക്ക്‌സ്റ്റാൾ വീണ്ടുമെന്റെ കൈകളിൽ തടഞ്ഞു.

“പർവതങ്ങൾ വിളിക്കുമ്പോൾ..” എന്നെഴുതിയ വാചകങ്ങളിൽ കുരുങ്ങി അക്ഷരങ്ങളുടെ മായിക ലോകത്തേക്ക് ഞാൻ വീണ്ടുമൊരു സഞ്ചാരിയായി.ഈയൊരു ദിനത്തിലെ മറ്റ് ജോലികൾ മാറ്റി വെച്ചുവെന്നൊരു അർഥം അതിനില്ല. ഇടക്കിടക്ക് മുറിയിലേക്ക് എത്തി നോക്കി പണിയെടുപ്പിക്കുന്ന അമ്മയുടെയും, അപ്പന്റെയും നിഴലനക്കം, കുറുമ്പിപൂച്ചയുടെ മ്യാവു മ്യാവൂ, അടുക്കളയിൽ നിന്നും നാസികയയിലേക്ക് പടരുന്ന മീൻ വറുത്തതിന്റെ ഗന്ധം, ബെല്ലടിക്കുന്ന മൊബൈൽ ഫോൺ അങ്ങനെ പലതും പൊത്തകത്തിലെ അക്ഷരങ്ങളിൽ കുരുങ്ങി നീങ്ങുമ്പോൾ കടന്നു വന്ന അതിഥികളായി.

ഈ ലോകത്തുള്ള സകല പൊത്തകപുഴുക്കളെയും സാക്ഷിയാക്കി കിളിമഞ്ജാരോയിലെ പുസ്‌തകവില്പനക്കാരനായി യാത്ര ചെയ്യുമ്പോൾ അതിലെ മറ്റ് കഥാപാത്രങ്ങളൊക്കെ ഇന്ന് ഈ നിമിഷം വരെയും എന്റെയൊപ്പം ഉള്ളത് പോലെ. കഥകളിൽ നിന്നും കഥകളിലേക്ക് ഒഴുകി മാറുന്ന പേജുകൾ , അക്ഷരങ്ങൾ. പുറത്ത് മഴയുടെ ഇരമ്പൽ കേട്ടപ്പോൾ ബുക്ക്‌മാർക്കുകൾ ഉള്ളിൽ തിരുകി പൊത്തകമെടുത്ത് കയ്യിൽ പിടിച്ച് സിറ്റ്ഔട്ടിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു.പരിചിതരും അപരിചിതരുമായ പൊത്തകപുഴുക്കൾ കേൾക്കുന്ന പഴികളൊക്കെ അകം മുറിയിൽ നിന്ന് എന്റെ കാതുകളിലേക്ക് ഭരണിപ്പാട്ട് ഒഴുകുന്നത് പോലെ ഒഴുകിയെത്തി. മഴയുടെ താളത്തിൽ അവയെല്ലാം തെന്നി തെറിച്ച് പോവുന്നത് നോക്കി രസത്തോടെയിരുന്ന ഞാൻ ഒരിറക്ക് ദാഹജലവും മൊത്തി.പെയ്തിറങ്ങുന്ന മഴയിലേക്ക് എല്ലാം ദുഃഖങ്ങളെയും ആട്ടിയകറ്റി
വീണ്ടും പൊത്തകത്തിലേക്ക്, അതിലെ കഥകളിലേക്ക്, കഥാപാത്രങ്ങളിലേക്ക്.

സായാഹ്നത്തിൽ അമ്മയുടെ കൈപ്പുണ്യത്തിൽ നെയ്യപ്പവും, ചുക്കുകാപ്പിയും മൊത്തി. ചുക്കുകാപ്പിയുടെ രുചിയിലേക്ക് കടന്നു കേറും മുൻപ് അതിനെ വിവരിക്കാൻ വാക്കുകൾ പോരാതെ വരും.അതിന്റെ ചേരുവകൾ ആ സമയം എനിക്കോർമ്മ വന്നു.തിളച്ച വെള്ളത്തിലേക്ക് ഇടുന്ന പൊടിച്ച ചുക്കും കുരുമുളക് പൊടിയും,തുളസിയിലയും,ഏലക്കയും, കാപ്പിപ്പൊടിയും, കരിപ്പെട്ടിയും, പിന്നെ പഞ്ചസാരയും ചേർത്തിളക്കി കപ്പിലേക്ക് പകരുന്നത് എന്റെയുള്ളിൽ വിരിഞ്ഞ ഒരു ദൃശ്യമാണ്.ഈ സമയമത്രയും നിശബ്ദമാക്കി വെച്ചിരുന്ന പ്രിയപ്പെട്ടവരുടെ സന്ദേശങ്ങളിൽ പ്രിയപ്പെട്ട ഒന്നിന് മാത്രം ദീർഘമായ മറുപടികളും ചോദ്യങ്ങളുമെറിയാനും എനിക്ക് കഴിഞ്ഞു.പിന്നീടെപ്പോഴോ
കിളിമഞ്ജാരോ ബുക്ക്‌സ്റ്റാളിന്റെ വാതിലും പൂട്ടി വീണ്ടും അലമാരയിലെ ചങ്ങാതികളിലേക്ക് നടന്നു.

നേരമിരുട്ടിയിരിക്കുന്നു. പൊത്തകക്കൂട്ടങ്ങൾക്കിടയിൽ നിന്നും കുളിമുറിയുടെ ചുവരിലേക്ക് യാത്ര പറഞ്ഞപ്പോൾ പൊത്തകങ്ങൾ എന്നെ നോക്കി നിലവിളിച്ചു.തൊട്ടും തലോടിയുമവരെ ആശ്വസിപ്പിച്ച് കുളിമുറിയിലേക്കോടി.അത്താഴമുണ്ണുമ്പോൾ പൊത്തകമടക്കഡായെന്ന പതിവ് ഭീഷണി കാറ്റിൽ പറത്തി ഒരു ശരാശരി പൊത്തകപ്പുഴുവായി സൂസന്നയുടെ ഗ്രന്ഥപ്പുരയിലേക്ക് യാത്ര തുടങ്ങി. ഇന്നത്തെ ദിനം സൂസന്നയുടെ ഗ്രന്ഥപ്പുര പൂർത്തിയാക്കാൻ നിന്നെയനുവദിക്കല്ല എന്ന വാശിയിൽ നിദ്രാദേവി കണ്ണുകളെ തഴുകി. ഈയൊരു നിമിഷം
നാളെ വീണ്ടും വരാമെന്ന് മന്ത്രിച്ച് ബുക്ക്‌മാർക്ക് തിരുകി സൂസന്നയുടെ ഗ്രന്ഥപ്പുരയെ അവളുടെ ചങ്ങാതികൾക്ക് ഒപ്പമാക്കി നാളെ വീണ്ടുമെത്തുമെന്നു ഉറപ്പ് നൽകി ഞാൻ കിടക്കയിലേക്ക് വീണു. പുതുസ്വപ്നങ്ങൾ നെയ്തെടുത്ത് വരും തലമുറകൾക്കൊരു നിധിയാവാൻ പോവുന്ന പൊത്തകങ്ങളെ നോക്കി ഞാൻ കണ്ണുകളടച്ചു.

© ജീയോ ജോർജ് 27/05/2021

[പ്രതിലിപി രചനാ മത്സരം 27/05/2021 ]

ടൈഗർ പറഞ്ഞ കഥ

[Published Manorama online Literature April 10,2021]

ഒരു സായാഹ്നം. കട്ടൻ കാപ്പിയുടെ രുചിയറിഞ്ഞ് ഏമാനൊപ്പം ഞാൻ നടക്കാനിറങ്ങി.  വള്ളിപ്പടർപ്പുകളിലും,ഇലകളിലും  തങ്ങി നിന്ന ഗന്ധം  എന്നോട് രഹസ്യം പറഞ്ഞു. അരിച്ചരിച്ചു നീങ്ങുന്ന ഉറുമ്പിൻ കൂട്ടം. ഇഴഞ്ഞു നീങ്ങുന്ന പുഴുക്കൾ.
ഇടവഴിയിലൊരു കണ്ടൻ. അർദ്ധരാത്രി കാമുകിയോടൊപ്പം ശയിച്ചതിന്റെ സംതൃപ്തിയിലാണ് അവൻ. എന്നെക്കണ്ടതും ഒന്ന് മുരണ്ടു. പിന്നെയെവിടെയോ ഓടി മറഞ്ഞു.

എന്റെ നടപ്പിന്റെ വേഗത  കൂടി. മനുഷ്യജീവികളെ ഞാൻ കണ്ടു. മുഖത്ത് നോക്കാതെ നടന്നു നീങ്ങുന്ന മനുഷ്യജീവികൾ. എനിക്കരിശം വന്നു. “ഹേ മനുഷ്യാ എന്നെയൊന്നു നോക്കൂ!” ഞാനുള്ളിൽ മന്ത്രിച്ചു. പെട്ടന്നൊരു മൂത്രശങ്ക. കുറ്റിക്കാട്ടിലേക്ക് നടന്നു.

“പതിയെ എനിക്ക് വേദനിക്കുന്നു.. “

“വേദനിക്കട്ടെ. “

പരിചിതമായ ഒരു മണം നാസികയിലെത്തി. ഞാൻ മൂക്കു വിടർത്തി. ചെവി വട്ടം പിടിച്ച്
ഇലപ്പടർപ്പുകൾക്കിടയിലൂടെ ചൂഴ്ന്നു നോക്കി. രണ്ട് ഇണക്കുരുവികൾ ഇണ ചേരുന്നു. ആൺകുരുവി പെൺകുരുവിയുടെ മുകളിൽ അമർന്നിരിക്കുന്നു. എനിക്ക് നാണം വന്നു. മൂത്രമൊഴിക്കാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എന്നെ തിരഞ്ഞെക്കിയ ഏമാന്റെ അലർച്ച കേട്ടു!

“പട്ടികഴുവേറി മോനെ… “

ഇണക്കുരുവികൾ ഞെട്ടി. ഇല്ലിക്കാടുകളിൽ നിന്നും കൊക്കുകൾ കൂട്ടമായി പറന്നുയർന്നു. അവരകന്നു മാറി. ഉടയാടാകളില്ലാത്ത നഗ്നമേനികൾ കണ്ടെനിക്ക് വീണ്ടും നാണം തോന്നി. ഞാൻ മുഖംതിരിച്ചു. ഏമാനൊപ്പം ഒരു സംഘമാളുകൾ അവരെ വളഞ്ഞു. കുറുവടികളുടെ പ്രഹരശബ്ദം. ഇണക്കുരുവികളുടെ  നിലവിളി. പിഞ്ഞിക്കീറിയ  തുണികൾ കാറ്റിൽ പറന്നു. ആൾക്കൂട്ടം പിരിഞ്ഞു.

പൊടുന്നനെ എന്റെ കഴുത്തിലൊരു പൂട്ട് വീണു. മുന്നോട്ട് നീങ്ങാനാവാത്ത വിധം അതെന്നെ നിശ്ചലനാക്കി.
ഏമാന്റെ കണ്ണുകൾ തീക്കട്ട പോലെ ചോന്നിരിക്കുന്നു. ഏമാന്റെ പിന്നിൽ അര വസ്ത്രമണിഞ്ഞ  ഒരു പെൺകുരുവിയിൽ എന്റെ കണ്ണുടക്കി. പരിചതമായ മുഖം. കുപ്പിവളയണിഞ്ഞ  കൈകൾ. ഏമാന്റെ മുഖശ്രീ. ആളെ മനസ്സിലായി.എന്റെ കണ്ണു നിറഞ്ഞു.

പുറകിലെവിടെയോ ആൺകുരുവിയുടെ നിലവിളി. ചതുപ്പ് നിലത്തിന്റെ ആഴങ്ങളിൽ  അവ ആഴ്ന്നില്ലാതായി. ആൾക്കൂട്ടത്തിൽ നിന്ന് നടന്നകലുന്ന ഒരാൾ ഉറക്കെ കൂവി. ആൾക്കൂട്ടം അതേറ്റു പിടിച്ചു.

ആരോടോ അരിശം തീർക്കുന്ന പോലെ എന്റെ കഴുത്തിലെ ആഭരണം വലിഞ്ഞു.നടപ്പിന്റെ വേഗത കൂടി. എതിരെ വന്ന ജീവികൾ  വഴിയൊതുങ്ങി.
നടത്തമവസാനിച്ചു. എന്റെയാകാശവും, ഭൂമിയും  വീണ്ടും ഇരുമ്പഴികൾക്കുള്ളിലായി.  ഏമാന്റെ പൊരയിലെ ഏതോ മുറിയിൽ നിന്നും ചാട്ടവാറിന്റെ ശബ്ദവും പെൺകുരുവിയുടെ നിലയ്ക്കാത്ത നിലവിളിയും എന്റെ കാതുകളിൽ മുഴങ്ങി.
പശ്ചാത്താപം പ്രായശ്ചിത്തം എന്ന കണക്കെ ഞാൻ ഒന്നുമറിയാത്ത പോലെ കണ്ണടച്ച് ചുരുണ്ടു കൂടി.

ടൈഗർ പറഞ്ഞ കഥ

©Geo George
06/04/2021

2021 ഏപ്രിൽ പത്തിന് മനോരമഓൺലൈനിൽ പ്രസീദ്ധീകരിച്ച രചന

https://www.manoramaonline.com/literature/your-creatives/2021/04/10/tiger-paranja-kadha-malayalam-short-story.html

തറവാട്

എൺപത്തിഒന്നു ദിവസങ്ങൾക്ക് ശേഷം ഞാൻ മടങ്ങിയെത്തി. മരുന്ന് മണക്കുന്ന ഇടനാഴികളിൽ നിന്നും. തറവാടിന്റെ പടി ചവിട്ടുമ്പോൾ തൊടിയിലെ ഉണങ്ങി ചിതലരിച്ച മരക്കുറ്റികൾ എന്നെ നോക്കി പല്ലിളിച്ചു.അമ്മിണിപ്പശുവിന്റെ തൊഴുത്ത് ഒഴിഞ്ഞു കിടക്കുന്നു. അതിനുള്ളിൽ മുളച്ചു പൊന്തിയ ചിപ്പി കൂണുകൾക്ക് മുകളിലും താഴെയുമായി ചുവന്നതും കറുത്തതുമായ അട്ടകൾ.പരൽമീനുകൾ നീന്തിയ മീൻകുളത്തിൽ നീർക്കോലിക്കൂട്ടം നീന്തുന്നു.അവരൊക്കെയെന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ വീണ്ടും വാശിയോടെ നീന്തിമറിഞ്ഞു.

തുളസിയുടെ അസ്ഥിത്തറക്ക് മുന്നിലെത്തിയപ്പോൾ ഞാനൊരു നിമിഷം നിന്നു.അതാകെ കരിയിലകൾ വീണു കിടക്കുന്നു.എണ്ണയില്ലാതെ തിരി കെട്ടിരിക്കുന്നു.ഗോവിന്ദനെ വിളിക്കണം.അവനെവിടെപ്പോയോ..? ഉറക്കെ വിളിച്ചു നോക്കി മറുപടിയില്ല.
എന്റെ കറക്കം അവസാനിച്ചു. ഉമ്മറത്തെ ചാരുകസേരയിലിരുന്നു ഞാൻ കണ്ണുകളടച്ചു.

മണിക്കൂറുകൾ കടന്നു പോയി.
മൂമൂന്നു ഒൻപതു മക്കളും എനിക്ക് ചുറ്റും കൂടി നിന്നു.വീതമെടുപ്പാണ്.തണ്ടുള്ളവർ മൂവരും ഭൂരിഭാഗവും കഷത്തിലാക്കി ഒരു ചിരി ചിരിച്ചു.എന്റെ വിരലുകൾ വിറച്ചു തൊണ്ട വരണ്ടു.കണ്ണുകൾ തുറിച്ചു.
“കിളവൻ ചത്തോ…? “
കൂടി നിന്നവരിൽ ആരോ ചോദിച്ചു.
പേരക്കുട്ടികളുടെ കളിചിരികൾ നിലച്ചു. എന്നെ പുതപ്പിച്ച വെള്ളത്തുണി കാറ്റിൽ പറന്നു പൊങ്ങി. തറവാടിന്റെ തെക്കേ തൊടിയിൽ എനിക്കൊരു ചിതയൊരുങ്ങി.

Geo George
24/02/2021

ഡബിൾ ബെൽ

ഓർമ്മ ശെരിയാണെങ്കിൽ അപ്പന്റെ കയ്യിൽ തൂങ്ങി എറണാകുളത്തേക്കുള്ള യാത്രകളാണ് ആനവണ്ടിയിലേക്ക് എന്നെയടുപ്പിച്ചത്.ഏതാണ്ട് പതിനെട്ടു-പത്തൊൻപത് വർഷങ്ങൾ മുൻപ് ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള യാത്രകൾ ഒരു വിനോദയാത്ര പോലെയാണ്. മുൻവശം വളഞ്ഞു ചൊവന്ന നിറമുള്ള ആനവണ്ടിയോടുള്ള ഭ്രമം അന്ന് മുതലേ മനസ്സിൽ കേറിക്കൂടി.വർഷങ്ങൾ കടന്നു പോയപ്പോൾ വളഞ്ഞ മുഖമുള്ള ആനവണ്ടികൾ കാണാതായി. ലോ ഫ്ലോറുകൾ ഉൾപ്പടെ നിരത്തു കയ്യടക്കിയപ്പോഴും ദീർഘദൂര യാത്രകൾക്ക് ഇന്നും ആനവണ്ടിയിൽ കേറിയിരിക്കും.കാലവും കോലവും മാറിയെങ്കിലും സൈഡ് സീറ്റ് പിടിക്കാനുള്ള ആക്രാന്തത്തിനു മാത്രം ഇന്നുമൊരു മാറ്റവുമില്ല.ഇത്രയും കാലത്തെ K.S.R.T.C യാത്രകൾക്കിടയിൽ ഒരിക്കൽപോലും ജീവനക്കാരിൽ നിന്നും മോശമായ ഒരനുഭവും ഉണ്ടായിട്ടുമില്ല.രസകരമായ ചില സംഭവങ്ങൾക്ക് സാക്ഷിയായിട്ടുമുണ്ട്.

ചുറ്റിലും കാടിന്റെ പച്ചപ്പ്‌. അതിനു നടുവിലൂടെ ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന ചുവന്ന ബസ്സ്‌. “ഡബിൾ ബെൽ ” എന്ന പുസ്തകത്തിന്റെ കവർ കാണുമ്പോൾ തന്നെ നൊസ്റ്റാൾജിയ പൊട്ടിമുളക്കാൻ ഇതിൽ കൂടതൽ എന്ത് വേണം.ചുമച്ചും തുപ്പിയും ആടിക്കുലുങ്ങി നീങ്ങുന്ന ചുവന്ന ബസ്സിന്റെ വിൻഡോ സീറ്റിൽ ഇരിപ്പുറപ്പിച്ചു പുറം കാഴ്ചകൾ ആസ്വദിക്കുന്ന ഒരു യാത്രികന്റെ കൗതുകമാണ് ഹാരിസ് നെന്മേനിയുടെ “ഡബിൾ ബെൽ ” എന്ന അനുഭവകുറിപ്പുകൾ മറിക്കുമ്പോൾ ഉണ്ടാവുന്നത്.
എഴുത്തുകാരനെക്കുറിച്ചോ പുസ്‌തകത്തെകുറിച്ചോ മുൻവിധികൾ ഇല്ലാതെ കയ്യിലെടുത്തു ഒരു മണിക്കൂർ തികയും മുൻപേ വായിച്ചു തീർന്നു എന്ന സങ്കടം ബാക്കിയാക്കി പുസ്തകം അടച്ചു വെച്ച് ആനവണ്ടിയോർമ്മകൾ അയവിറക്കി ഇരിക്കുമ്പോൾ ആദ്യം ഓർമ്മ വന്നതാണു ആദ്യം പാരഗ്രാഫിൽ സൂചിപ്പിച്ച കാര്യങ്ങൾ.

“എന്താണ് ഡബിൾ ബെൽ…? “
കറുകറുത്ത റോഡിൽ തലയെടുപ്പോടെ കുതിച്ചു വരുന്ന ആനവണ്ടി. അതിൽ കഴുത്തിൽ ടിക്കറ്റ് മെഷീനും തൂക്കി കക്ഷത്തിൽ ഒരു ബാഗും പിടിച്ചു നിൽക്കുന്ന യൂണിഫോമിട്ട കണ്ടക്ടർ. അയാൾ ചിരിക്കുന്നതു കണ്ടിട്ടില്ല.അതിനു പിന്നിലെ കാരണം അന്വേഷിക്കാൻ വേറെവിടെയും പോവേണ്ടി വരില്ല. ഉത്തരം ഈ ബുക്കിലുണ്ട്.വളരെ കുറഞ്ഞ കാലയളവിൽ K.S.R.T.C യിൽ കണ്ടക്ടർ ആയിരുന്ന ഹാരിസ് നെന്മേനിയുടെ വാക്കുകളിൽ ആനവണ്ടിയിൽ യാത്ര ചെയുന്ന കൗതുകത്തോടെ ആസ്വദിച്ചു വായിച്ചിരുന്നു പോവും ഡബിൾ ബെല്ലിന്റെ പേജുകൾ.തന്റെ അനുഭവങ്ങളും, സർവീസ് കാലത്ത് സംഭവിച്ച കാര്യങ്ങളും വിഷയ തീവ്രത ചോരാതെ നമ്മളിലേക്ക് എത്തുന്നു.ചിന്തിപ്പിക്കാനും, ചിരിപ്പിക്കാനും, പഠിക്കാനും, പഠിപ്പിക്കാനും ഒരുപാടുണ്ട്.എഴുതിയാലും എഴുതിയാലും അവസാനിക്കാത്ത പലതുമുണ്ട് ഡബിൾ ബെൽ എന്ന അനുഭവകുറിപ്പിൽ. വായനയെ ബാധിക്കുമെന്നതിനാൽ അവ വിശദമായി പറയുവാൻ മനസ്സനുവദിക്കില്ല.

സാഹിത്യപരമായി ഡബിൾബെല്ലിൽ ഒന്നുമില്ല. ഭാഷയോ, ദേശമോ ഒന്നും തന്നെ വായനയെ ബാധിക്കുകയില്ല. കാസർഗോഡ്,വയനാട്,എറണാകുളം തുടങ്ങിയ കേരളത്തിലെ മിക്ക ജില്ലകളിലൂടെയും കടന്നു പോവുന്ന യാത്ര വേറിട്ട ഒരു വായന അനുഭവമാണ് സമ്മാനിക്കുന്നത്.ആനവണ്ടിയിൽ നൊസ്റ്റാൾജിയ അയവിറക്കി ഇരിക്കുമ്പോൾ ഇറങ്ങാനുള്ള സ്റ്റോപ്പെത്തുന്നത് എന്ത് കഷ്ടമാണ് എന്ന് പറയുന്നത് പോലെയാണ് ഈ അനുഭവകുറിപ്പുകൾ വായിച്ചു തീരുമ്പോൾ അനുഭവപ്പെടുക.

ഡബിൾ ബെൽ
Author : ഹാരിസ് നെന്മേനി
Publisher : ഗ്രീൻ ബുക്സ്
Genre : അനുഭവക്കുറിപ്പ്
Price : 120/-

ഹൈഡ്രേഞ്ചിയ

“സ്വന്തം സുഖത്തിനും ഹരത്തിനും വേണ്ടി മറ്റൊരാളെ കൊല്ലുന്നത് മനുഷ്യൻ മാത്രമാണ്. വന്യമൃഗങ്ങൾ പോലും വിശപ്പടക്കാൻ വേണ്ടി മാത്രമാണ് കൊല്ലുന്നത്. മനുഷ്യനോ..? അവന് ശാരീരിക വിശപ്പല്ല പ്രധാനം, മാനസിക വിശപ്പാണ്. “

കോഫിഹൗസ് മർഡർ കേസിനു പിന്നാലെയുള്ള സാഹസികതകൾക്ക് ശേഷം ഒരിടവേളക്ക് ശേഷം എസ്തർ ഇമ്മാനുവേലും, അപർണയും വീണ്ടും എത്തുകയാണ് ഹൈഡ്രേഞ്ചിയ എന്ന നോവലിലൂടെ.ആദ്യ ഭാഗത്തെക്കാൾ മികച്ചു നിൽക്കുന്ന രണ്ടാം ഭാഗം ഒരുക്കാൻ കഴിഞ്ഞതിൽ ലാജോയിലെ എഴുത്തുകാരന് അഭിമാനിക്കാം. അടുത്ത കാലത്ത് മലയാളത്തിൽ വായിച്ച മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ/സൈക്കോളജിക്കൽ ത്രില്ലർ നോവലുകളിൽ ഉൾപെടുത്താവുന്ന നോവലാണ് ഹൈഡ്രേഞ്ചിയയും, ലാജോയുടെ തന്നെ റൂത്തിന്റെ ലോകവും.

കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക മെയിലിലേക്ക് ആരോ കുറച്ചു വീഡിയോ ക്ലിപ്പുകൾ അയക്കുന്നു . അതിനു ശേഷം നഗരത്തിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. പതിവ് കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി കൊല നടന്ന മുറി അലങ്കരിച്ചതായും അതിൽ കത്തിത്തീർന്ന മെഴുകുതിരികളും,പിങ്ക് നിറമുള്ള ഹൈഡ്രേഞ്ചിയപ്പൂക്കളും കാണപ്പെട്ടിരുന്നു. ആ കൊലപാതകങ്ങൾക്ക് കാരണക്കാരനായ അജ്ഞാതനായ കൊലയാളിയെത്തേടിയിറങ്ങുന്ന എസ്തർ ഇമ്മാനുവേലിന്റെയും സംഘത്തിന്റെയും കഥയാണ് നോവലിന്റെ ഇതിവൃത്തം.

കോഫിഹൗസിൽ നിന്നും അതിന്റെ തുടർച്ചയായ ഹൈഡ്രേഞ്ചിയായിൽ എത്തുമ്പോൾ അപരിചിതരായ കുറച്ചു കഥാപാത്രങ്ങളെ കൂടി വായനക്കാർക്ക് പരിചയപ്പെടാൻ കഴിയും. മോഹൻലാലിന്റെ മൂന്നാം മുറ എന്ന ചിത്രം കണ്ടവർക്ക് അതിലെ അലി ഇമ്രാൻ എന്ന പോലീസ് ഓഫീസറെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.ഹൈഡ്രേഞ്ചിയായിൽ അലി ഇമ്രാൻ പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ് എത്തുന്നത്.
കോഫിഹൗസിൽ ബെഞ്ചമിൻ എന്ന കഥാപാത്രത്തിലൂടെയും എസ്തർ ഇമ്മാനുവേലിലൂടെയും ഇമോഷണലായി കഥപറഞ്ഞ എഴുത്തുകാരൻ ഹൈഡ്രേഞ്ചിയായിൽ എത്തുമ്പോൾ വന്നു പോവുന്ന എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിനു സ്ക്രീൻടൈം നൽകിയത് അഭിനന്ദനാർഹമാണ്.നായികാപ്രാധാന്യം ഉള്ള നോവൽ ആയതിനാൽ എസ്തറിനു തന്നെയാണ് മുൻഗണന നൽകിയിരിക്കുന്നത്. കുറ്റവാളിയെ ഞാൻ എന്ന വിശേഷണത്തിലൂടെ ഇടയ്ക്കിടെ പരാമർശിച്ചിട്ടു പോലും അതാരാണെന്ന യാതൊരു സൂചനയും നൽകാതെ വളരെ ത്രില്ലിങ്ങായിട്ടാണ് നോവൽ ഒരുക്കിയിരിക്കുന്നത്.അവസാന നിമിഷം വരെയും ഒളിപ്പിച്ചു വെച്ചിരിക്കുന്ന ട്വിസ്റ്റ്‌ അതിഗംഭീരം.എസ്തർ ഇമ്മാനുവേലിനെ ഒരു ട്രിയോളജി ആക്കാനുള്ള ചാൻസ് ഇപ്പോഴും ഇതിലുണ്ട് എന്ന കാര്യം കൂടി എഴുത്തുകാരനെ ഓർമിപ്പിക്കുന്നു.

ഹൈഡ്രേഞ്ചിയായിൽ ഞെട്ടിച്ച മറ്റൊരു സംഗതി
നോവലിൽ ലാജോ ഉപയോഗിച്ച ഭാഷയാണ് .ആദ്യനോവലിലെ പോരായ്മകളെ തിരിച്ചറിഞ്ഞു രണ്ടാംനോവലിൽ വാചകങ്ങൾ അടക്കവും ഒതുക്കവും നൽകി പക്വതയോടെ ചിട്ടപ്പെടുത്താൻ എഴുത്തുകാരന് കഴിഞ്ഞു. വളരെ ലളിതമായ വർണ്ണനകൾ നൽകി വായനസുഖം നൽകിയതും മികച്ചതായി തോന്നി.ത്രില്ലർ പ്രേമികളുടെ പൾസ് അറിഞ്ഞുള്ള ഈ അവതരണശൈലിക്ക് മുഴുവൻ മാർക്കും നൽകാം.

ഇരുന്നൂറ്റി അറുപതോളം പേജുകൾ ഉണ്ടായിട്ടും ഒരു ശരാശരി വായനക്കാരന് ഒറ്റയിരുപ്പിൽ ഹൈഡ്രേഞ്ചിയ വായന പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ നോവലിന്റെ വിജയവും, എഴുത്തുകാരനുള്ള ബഹുമതിയും. ലാജോ ജോസിന്റെ നാലു നോവലുകളും വായിച്ചതിന്റെ അനുഭവത്തിൽ ഒരു രഹസ്യം പറയാം. ഇടക്കെവിടെയും കഥയുടെ രസച്ചരട് പൊട്ടാതെ വായനക്കാരനെ ആകാംഷയോടെ വായിപ്പിക്കുന്ന ലാജോയുടെ കഥപറച്ചിൽ ഏറെ മനോഹരമായി അനുഭവപ്പെട്ടത് ഹൈഡ്രേഞ്ചിയായിലും റൂത്തിന്റെ ലോകത്തിലുമാണ്.മികച്ച രണ്ടു ത്രില്ലർ സിനിമകൾക്കുള്ള സ്കോപ്പ് ഇട്ടിരിക്കുന്ന ഈ നോവലുകൾ ഇന്നല്ലെങ്കിൽ നാളെ സ്‌ക്രീനിൽ കാണാനാവും എന്ന് കരുതുന്നു.

ഹൈഡ്രേഞ്ചിയ
Author : Lajo Jose
Publisher : Mathrubhumi Books
Genre : Crime Thriller
Price : 300/-


© Geo George
16/01/2021

ലെയ്‌ക്ക

“ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ടു മലയാളത്തിൽ എഴുതപ്പെട്ട ആദ്യ നോവൽ “

ലെയ്‌ക്ക എന്ന നോവലിന്റെ പ്രസാധകകുറിപ്പിൽ (Blurb) ചെറിയ അക്ഷരങ്ങളിൽ എഴുതപ്പെട്ട വാചകങ്ങളാണിത്.എഴുത്തുകാരന്റെ ബാക്ക്ഗ്രൗണ്ടിനെക്കുറിച്ച് മുൻധാരണ ഉണ്ടായിരുന്നത് കൊണ്ടും ലെയ്‌ക്ക എന്ന പരിചിതമായ നാമവും കണ്ടപ്പോൾ തന്നെ
എന്തു കൊണ്ട് ഇങ്ങനെയൊരു അവകാശവാദമുന്നയിക്കുന്നു എന്ന സംശയം അസ്ഥാനത്തായിരുന്നു.

ഒരു എയർപോർട്ടിൽ വെച്ച് ലേഖകനും കുടുംബവും പരിചയപ്പെടുന്ന ഡെനിസോവിച്ച് എന്ന റഷ്യക്കാരനിൽ നിന്നും ഭാര്യയിൽ നിന്നുമാണ് എല്ലാത്തിന്റെയും ആരംഭം.ഒരു ഓർമ്മക്കുറിപ്പ് പോലെ മനോഹരമായി ആ കൂടിക്കാഴ്ചയെ ലേഖകൻ വിവരിച്ചു വെച്ചിരിക്കുന്നു.ശേഷം ഡെനിസോവിച്ച് ലേഖകന് അയക്കുന്ന കത്തുകളിൽ നിന്നാണ് നോവലിന്റെ യഥാർത്ഥ ഇതിവൃത്തത്തിലേക്കുള്ള പരിണാമം.

ശാസ്ത്രക്ലാസുകളിലും, പുസ്‌തകങ്ങളിലും, ബഹിരാകാശത്തെ കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഒരു പേരാണ് ലെയ്‌ക്ക.ഭൂമിയിൽ നിന്നും ബഹിരാകാശത്തെത്തുന്ന ആദ്യജീവിയായി ചരിത്രത്തിൽ ഇടം പിടിച്ച ലെയ്‌ക്കയെ എങ്ങനെ മറക്കാനാണ്. മോസ്‌കോയുടെ തെരുവുകളിൽ അലഞ്ഞു തിരഞ്ഞു നടന്ന ആയിരക്കണക്കിന് തെരുവ് നായകൾക്കിടയിൽ നിന്നും സോവിയറ്റ് യൂണിയന്റെ ചരിത്ര ദൗത്യം നിറവേറ്റാനുള്ള നിയോഗവുമായി ലെയ്‌ക്ക തിരഞ്ഞെടുക്കപ്പെട്ട കഥ ഒരു ഒരു ശരാശരി വിദ്യാർത്ഥിക്ക് വരെ പരിചിതമാവും. എന്നാൽ സ്പുട്നിക് 2 ൽ ലെയ്‌ക്ക പറന്നുയരുമ്പോൾ അതിനു പിന്നിൽ അറിയപ്പെടാത്ത ചില യഥാർഥ്യങ്ങളുണ്ട്. ആ യഥാർഥ്യങ്ങളെ ഫിക്ഷന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ.നോവൽ എന്നതിനേക്കാൾ വൈജ്ഞാനിക ഫിക്ഷൻ എന്ന് പറയുന്നതാവും നല്ലത്.

ലെയ്‌ക്ക അവൾ പലർക്കും പരീക്ഷണ വസ്തുവായ ഒരു തെരുവ് നായ മാത്രമായിരിക്കാം. പക്ഷെ ഡെനിസോവിച്ചിനും, മകൾ പ്രിയങ്കക്കും, ലേഖകനും, ബുക്ക്‌ വായിക്കുന്ന വായനക്കാർക്കും അവൾ എന്തൊക്കെയോ,ആരെല്ലാമോ ആയിരുന്നുവെന്നു വായന പൂർത്തിയാവുമ്പോൾ എനിക്ക് തോന്നിയിരുന്നു.സാഹിത്യത്തിന്റെ തൊങ്ങലുകൾ ചാർത്തിയിട്ടുണ്ടെങ്കിലും ലളിതമായ ഭാഷയിലാണ് ലെയ്‌ക്കയുടെ രചന.

എഴുത്തുകാരൻ വിക്രം സാരാഭായി സ്പേസ്സെന്ററിൽ എഞ്ചീനിയർ ആയതിനാൽ വിശ്വസനിയമായ കാര്യങ്ങൾ ഒരുപാട് പങ്കു വെക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ വികാരങ്ങളിലൂടെ കടന്നു പോവുമ്പോൾ ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾക്ക് വായനക്കാർ സാക്ഷികളാവും.
മനസ്സിൽ നന്മയുള്ളവർക്ക് അല്പം വിഷമത്തോടെയല്ലാതെ ഈ കുഞ്ഞു നോവലിന്റെ വായന പൂർത്തികരിക്കാനാവില്ല.അത്രയേറെ നീറ്റലായി ലെയ്‌ക്ക എന്ന നായയും, വായനക്കാരിൽ ഇടപിടിച്ചിരിക്കും.

ലെയ്ക്ക
Author : വി. ജെ ജെയിംസ്‌
Publisher : ഡിസി ബുക്സ്
Price : 80/-

© Geo George

യാ ഇലാഹി ടൈംസ്

“നമ്മുടെ രാജ്യം ചോരക്കളമായി മാറുകയായിരുന്നു. ആ ചോര നക്കിക്കുടിക്കാൻ ജനിച്ച മറ്റൊരു ജനവിഭാഗം കൂടി മുളച്ചു പൊന്തി. അവർ അവരുടെ രാജ്യം നിർമ്മിക്കാനുള്ള പുറപ്പാടിലാണ്. ജിഹാദികളുടെ രാജ്യം.”

വിലാപങ്ങളുടെ നാട്ടിൽ  നിന്നും  അൽത്തേസ് അയച്ച  മെയിലുകളിൽ നിന്നുമുള്ള വരികൾ ഒരു ഞെട്ടലോടെയാണ്  അൽത്തേബിനൊപ്പം വായനക്കാർക്കും വായിച്ചു പൂർത്തീകരിക്കാൻ കഴിയൂ.തൊട്ടാൽ പൊള്ളുന്ന വിഷയത്തെ  ഫിക്ഷന്റെ അകമ്പടിയോടെ വായനക്കാരിൽ എത്തിക്കാൻ എഴുത്തുകാരൻ എടുത്ത കഠിനാധ്വാനത്തിനു ഫുൾ മാർക്കും നൽകുന്നു.

സിറിയ,തുർക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ,ദുബായ്  എന്നിങ്ങനെ അഞ്ചോളം രാജ്യങ്ങളാണ്  നോവലിന്റെ  പശ്ചാത്തലം.ഈ കാലഘട്ടത്തിൽ  അവിടെയുള്ള  ഓരോ മനുഷ്യജീവികളും,ഭരണകൂടവും  നേരിടേണ്ടി വരുന്ന വെല്ലുവിളികളും, ആത്മ  സംഘർഷങ്ങളും ,ഭരണകൂടഭീകരതകളും  കൂടിച്ചേർന്നതാണു  യാ  ഇലാഹി ടൈംസ്  എന്ന  നോവലിന്റെ പ്രമേയം.

2018 ലെ ഡിസിയുടെ സാഹിത്യ പുരസ്‌കാരം നേടിയ നോവൽ എന്ന വിശേഷണത്തിലൂടെയാണ്  ആദ്യമായി  യാ ഇലാഹി  ടൈംസ് എന്ന നോവൽ എന്റെ ശ്രദ്ധയിൽ പെടുന്നത്.ഡിസംബറിൽ കയ്യിലെത്തിയ  ഈ  ബുക്ക്‌ പുതുവർഷ വായനയിൽ ആദ്യത്തെയാവുമെന്നു അപ്പോഴേ കുറിച്ചിട്ടിരുന്നു.ആദ്യ വായനയും  രണ്ടാം വായനയും പൂർത്തിയാക്കി ഈ കുറിപ്പെഴുതുമ്പോൾ  ഉള്ളിൽ  ഒരു തരം മരവിപ്പാണ് അനുഭവപ്പെടുന്നത്.

സ്വാദേശത്തെയും, വിദേശത്തെയും, പ്രവാസത്തെയും  മനുഷ്യജീവിതങ്ങൾ പ്രമേയമാക്കി  ഒരുപാട് നോവലുകൾ വന്നിട്ടുണ്ടാകും. .എന്നാൽ  യാ ഇലാഹി ടൈംസ്  ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്.യുദ്ധവും, പലായനവും, ജീവിതത്തിലെ ഉയർച്ച താഴ്ചകളും  അനിൽ ദേവസിയെന്ന  എഴുത്തുകാരൻ  അച്ചടക്കമുള്ള  ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുകയാണ്  യാ ഇലാഹി ടൈംസിലൂടെ.ഭാവിയിൽ   അനിൽ ദേവസി എന്ന പേര് മലയാളസാഹിത്യത്തിൽ   ഒരു മുതൽക്കൂട്ട് ആവുമെന്ന്  ഉറപ്പിച്ചു പറയുന്നു.

സിറിയയെക്കുറിച്ച് പറയുമ്പോൾ തന്നെ  വേദനിപ്പിക്കുന്ന കുറച്ചു ചിത്രങ്ങൾ  ആണ്  മനസ്സിലേക്ക് ഓടിയെത്തുന്നത്.അയൽനാടുകളിൽ  അഭയാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു വാതിലുകൾ കൊട്ടിയടക്കുന്ന  പ്രവണതയും, ഭരണകൂട,മതതീവ്രവാദ ഭീകരതകളും  ന്യൂസ്‌ പേപ്പറുകളിൽ  വായിച്ച  ഓർമ്മകൾ നോവൽ വായനയിൽ ഉടനീളം  വായനക്കാരെ വേട്ടയാടും.ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്കുള്ള ഓട്ടം, സ്വന്തം നാട്ടിൽ  അന്യരായ അവസ്ഥ തുടങ്ങിയ ഭീകരമായ അവസ്ഥകളിലൂടെ നോവൽ കടന്നു പോവുന്നു.
സമകാലിക ഇന്ത്യയുടെ സ്ഥിതിയും  മേല്പറഞ്ഞ രാജ്യങ്ങളിലേതിൽ നിന്നും കാര്യമായ വ്യതാസമില്ലന്നു അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും ഈ  നോവൽ എന്നെ ഓർമ്മപ്പെടുത്തി.

കഥാപാത്രങ്ങളുടെ  രൂപവൽക്കരണം ആണ് യാ ഇലാഹി ടൈംസിൽ ആകർഷകമായ മറ്റൊരു  ഘടകം.
ആതുരതരംഗ, അൽത്തേബ്, മാർഗരറ്റ് മാലാഖ, ബാബാ, മാമാ, ഡോക്ടർ ദമ്പതികൾ തുടങ്ങിയ ഓരോ കഥാപാത്രങ്ങളും  മനസ്സിൽ തൊടുന്ന വിധം   മികച്ചതായി അനുഭവപ്പെട്ടിരുന്നു.ചിലപ്പോഴൊക്കെ  കഥാപാത്രങ്ങളുടെ അവസ്ഥ നെഞ്ചിൽ കൊളുത്തി വലിക്കുന്നവയും ആയി അനുഭവപ്പെട്ടിരുന്നു.ജീവിതത്തിന്റെ  ഓരോ  വശങ്ങളും നോവലിസ്റ്റ്  ഇതിൽ  പകർത്തിയത്  വായിച്ചപ്പോൾ  ചിലപ്പോഴൊക്കെ പ്രവാസജീവിതം നയിക്കുന്ന സഹോദരന്മാരെ ഓർമ്മ വന്നിരുന്നു.  തുടക്കത്തിൽ   അല്പം വിരസത തോന്നിയെങ്കിലും ഓരോ പേജുകളും മറിക്കുമ്പോൾ അവതരണശൈലിയും, ഭാഷയുടെ കയ്യൊതുക്കവും നിമിത്തം വായന കൂടതൽ ആസ്വാദ്യകരമായി മാറിയതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം.പുസ്‌തകമിറങ്ങി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ  യാ ഇലാഹി ടൈംസ്  വായിക്കാത്ത   ഓരോ വായനക്കാരോടും എനിക്ക് പറയാനുള്ളത് നിങ്ങൾ തീർച്ചയായും ഈ നോവൽ വായിക്കുക എന്നാണ്.  രണ്ടായിരത്തി ഇരുപത്തിഒന്നിലെ എന്റെ  ആദ്യ വായന തന്നെ  മികച്ച അനുഭവമായി മാറ്റിയ യാ ഇലാഹി ടൈംസിനും രചിയിതാവ് അനിൽ ദേവസി ചേട്ടനും   നിറഞ്ഞ സ്നേഹം.

യാ ഇലാഹി ടൈംസ്
Author        :  Anil Devasi
Publisher   :  Dc  Books
Price          :  190/-

© Geo George


307. 47

അച്ചായന്മാരുടെ നാട്ടിലെ വെള്ളയപ്പവും, ബീഫ് റോസ്റ്റും,മധുരക്കള്ളും നോക്കി വെള്ളമിറക്കാനും,പിന്നെയത് വയറു നോക്കാതെ വെട്ടിവിഴുങ്ങാനും ചിലർക്കൊരു പ്രിത്യേക കഴിവാണ്.തീറ്റയുടെ കാര്യത്തിൽ ലേഖകനെപ്പോലെ നമ്മളും ഒട്ടും പിന്നിൽ അല്ലാത്ത കൊണ്ട് എല്ലാവർക്കും ജാഗ്രതൈ. നല്ല തൂവെള്ള നിറമുള്ള വെള്ളയപ്പം എത്രയെണ്ണം വേണമെങ്കിലും അകത്താക്കാനും,പിന്നെ മൂന്നാറിനും ചിന്നക്കനാലിനും പോവുന്ന വഴിയിൽ തമിഴത്തിയുടെ വീട് അന്വേഷിക്കാനും പ്രിയപ്പെട്ട വായനക്കാർക്ക് മലയാളത്തിലെ ആദ്യ ട്രാവൽ ഫിക്ഷൻ എന്ന ലേബലിൽ നവാഗത എഴുത്തുകാരൻ ആശിഷ് ബെൻ അജയ് ഒരുക്കിയ 307.47 എന്ന നോവൽ അവസാനിക്കുന്നത്.

മൂന്നാറിലേക്ക് ഉള്ള യാത്രകൾ വളരെ രസകരമാണ് എന്നതാണ് സുഹൃത്തുക്കളുടെ ഭാഷ്യം. സത്യകഥ എന്താണെന്നു വെച്ചാൽ ഞാനിതു വരെ മൂന്നാറിലേക്ക് യാത്ര നടത്തിയിട്ടില്ല.പല കാരണങ്ങളാൽ രണ്ടായിരത്തി പന്ത്രണ്ടിൽ അതിരപ്പിള്ളിയും, മലമ്പുഴയും ചുറ്റിയടിച്ചു ഊട്ടിപ്പട്ടണവും കണ്ട ശേഷം ഒരു യാത്ര പോയത് രണ്ടായിരത്തി പതിനെട്ടിൽ തെന്മല ഇക്കോ ടൂറിസം കാണുവാൻ ആയിരുന്നു. രസകരമായ കുറെ അനുഭവങ്ങൾ അന്നും ഉണ്ടായിരുന്നു.307.47 എന്ന നോവൽ വായിച്ചപ്പോൾ ആ യാത്രകളുടെ സ്മരണകൾ ഉണർന്നു.അതിവിടെ വലിച്ചു നീട്ടി എഴുതി പുസ്‌തകാസ്വാദനത്തിൽ നിന്നും വൃതിചലിക്കാനുള്ള ദുരുദ്ദേശ്യം മനസ്സിൽ ഉടലെടുക്കും മുൻപേ വായനക്കുറിപ്പ് പൂർത്തീകരിക്കാം.

ബാങ്ക് ഉദ്യോസ്ഥനായ അഭിഷേക് അയ്യർ നോർത്ത് പറവൂർ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആയിട്ടെത്തുന്നതും വാടകക്ക് താമസിക്കുന്ന വീട്ടിൽ അപ്രതീഷിതമായി തേടിയെത്തുന്ന ഒരു പാഴ്‌സലിൽ നിന്നും ലഭിക്കുന്ന ഒരു മൂന്നാർ യാത്രയുടെ ഓർമ്മകുറിപ്പുകൾ എന്ന യാത്രകുറിപ്പിന്റെ കയ്യെഴുത്തുപ്രതിയുമാണ് നോവലിന്റെ ഇതിവൃത്തം.

307.47 പേരിനു പിന്നിലെ കൗതുകമാണ് പുസ്‌തകത്തിലേക്ക് അടുപ്പിച്ചത്. എന്ത് കൊണ്ട് ഈ നോവലിന് ഈ പേര് വീണുവെന്ന യാഥാർഥ്യം നോവലിന്റെ അവസാനം രചിയിതാവ് വ്യക്തമാക്കിയപ്പോഴാണ് ശെരിക്കും തലയിൽ കിളികൾ മൂളിപറന്നത്. നൈറ്റ്‌മേർ ഡിസോർഡറിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിനെ നോവലിൽ വളരെ സിമ്പിളായി ഉപയോഗിച്ചതാണു വായനയിൽ ആകർഷിച്ചത്.കടും കട്ടി സാഹിത്യത്തിന്റെ ഏച്ചു കെട്ടലുകൾ ഇല്ലാതെ യാത്രാവിവരണത്തിൽ ഫിക്ഷൻ കൂട്ടിചേർത്തു നോവലാക്കിയത് അരോചകമായിട്ടില്ല.എങ്കിലും ഒരു വായനക്കാരൻ എന്ന നിലയിൽ രചിയിതാവിന്റെ കാഴ്ചപ്പാടിൽ നിന്നുമുള്ള അവതരണവും, അഭിഷേക് എന്ന പ്രാധാന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നുള്ള വിവരണവും കുറച്ചു കൂടെ നന്നായി അവതരിപ്പിക്കാമായിരുന്നു എന്ന് അഭിപ്രായമുണ്ട്. കേവലം നൂറ്റിപതിനെട്ടു പേജുകൾ മാത്രമുള്ള ഈ കുഞ്ഞ് നോവൽ വായിക്കാൻ എനിക്ക് വേണ്ടി വന്നത് കേവലം രണ്ടു മണിക്കൂർ മാത്രമാണ്. അതിന്റെ പ്രധാന കാരണം എഴുത്തിലെ ലാളിത്യമാണ്.പുതിയതായി വായന ആരംഭിക്കുന്ന സുഹൃത്തുക്കൾക്കു സജസ്റ്റ് ചെയ്യാനുള്ള ബുക്കുകളുടെ കൂട്ടത്തിൽ 307. 47 എന്ന നോവലും ഉൾപ്പെടുത്താം എന്നതാണ് അതിന്റെ ഗുണം. പിന്നെ യാത്രകൾ ഒരു ഹരമായവർക്കും ആകർഷകമായ വായനയാവും ഈ നോവൽ ഓഫർ ചെയ്യുന്നത്. എടുത്തു പറയേണ്ട മറ്റൊന്നു ബുക്കിന്റെ പേപ്പർ& കവർ ക്വാളിറ്റിയെക്കുറിച്ചാണ് “It’s Awesome”.

  1. 307.47
    Author : Ashish Ben Ajay
    Publishser : Dream Bookbindery
    Price : 160/- Genre : Travel Fiction

© Geo George

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം

ചരിത്രം എന്നും  നിഗൂഢതകൾ നിറഞ്ഞതാണ്.അവ സത്യമോ,മിഥ്യയോ ആയേക്കാം.എന്നിരുന്നാലും വർഷങ്ങൾ പഴക്കമുള്ള വിവരങ്ങൾ പഠനവിധേയമാക്കി സാധാരണക്കാർക്ക് മനസിലാകും വിധം അവതരിപ്പിക്കുന്നത് ശ്രമകരമായ ഒരു ജോലിയാണ്.കേരളത്തിന്റെ  കുറ്റാന്വേഷണ ചരിത്രത്തെക്കുറിച്ചു പറയുമ്പോൾ  വർഷങ്ങൾ പിന്നിലേക്കാണ് യാത്ര ചെയ്യേണ്ടത്.

ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്രശാഖയും,വൈദ്യശാസ്ത്രവും  കൂടിച്ചേരുമ്പോൾ  കുറ്റാന്വേഷണത്തിനു  പുതിയ മാനങ്ങൾ കൈ വരാറുണ്ട്. ഈ  മേഖലയിൽ  കേരളത്തിൽ  ഏറെ  പേരെടുത്ത വ്യക്തിയാണ്  പ്രൊഫസർ ഡോ. ഉമാദത്തൻ.അദേഹത്തിന്റെ ഗ്രന്ഥങ്ങൾ  കുറ്റാന്വേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും,ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്രശാഖയിൽ പഠനം നടത്തുന്നവർക്കും, കുറ്റാന്വേഷണ മേഖലയിൽ കഥകൾ, സിനിമകൾ,ലേഖനങ്ങൾ  എന്നിവ തയ്യാറാക്കുന്നവർക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. കേരളത്തിന്റെ  കുറ്റാന്വേഷണ ചരിത്രം എന്ന  ബുക്ക്‌  മേല്പറഞ്ഞവരിൽ  ഉപകാരപ്പെടുന്നത്  ചരിത്രഗവേഷകർക്കാണ്.

ഇന്നത്തെ തലമുറക്ക് ഒരു പരിധി വരെ   അജ്ഞാതമായ നാട്ടുരാജ്യങ്ങളുടെയും, രാജഭരണവും,  തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, കേരളത്തിന്റെയും ചരിത്രവും ഇവിടങ്ങളിൽ പോലീസ് വ്യവസ്ഥ യുടെ ആവിർഭാവവുമാണ്  “ക്രൈം കേരളം ”  എന്ന ബുക്കിന്റെ ആദ്യ പകുതിയിൽ ഡോ. ഉമാദത്തൻ ചുരുങ്ങിയ  വാചകങ്ങളിൽ പരിചയപ്പെടുത്തുന്നത്.അതോടൊപ്പം  ബ്രിട്ടീഷ്, പോർച്ചുഗീസ് അധിനിവേശത്തെയും,അവരിൽ നിന്നുണ്ടായ വിലപ്പെട്ട സംഭാവനകളെയും,അത് നൽകിയ വ്യക്തികളെയും  വ്യക്തമായി പരാമർശിക്കുണ്ട്.
അന്നത്തെ നായർ ബ്രിഗേഡിൽ നിന്നും ഇന്ന്  നമ്മൾ കാണുന്ന   പോലീസ്  സേനയിലേക്കുള്ള  ദൂരം താരതമ്യം ചെയ്യാൻ കഴിയാത്ത വിധം  വലുതാണ് എന്ന അവബോധം ഇതിലൂടെയുണ്ടായി.  കേരള സംസ്ഥാനം നിലവിൽ വരുന്നത് മുന്നേയുള്ള ഓരോ സംഭവങ്ങളെയും, വ്യക്തികളെയുമെല്ലാം പക്ഷഭേദമില്ലാതെ ഉമാദത്തൻ സൂചിപ്പിക്കുന്നുണ്ട് . അതിപുരാതന കാലത്ത് പോലും ഭാരതത്തിൽ നിയമവ്യവസ്ഥകളും,നീതിന്യായ വിഭാഗവും നിലവിലുണ്ടായിരുന്നവെന്ന നിരീക്ഷണമാണ് തന്റെ പഠനത്തിലൂടെ  ഡോ. ഉമാദത്തൻ മുന്നോട്ടു വെക്കുന്നത്.നിയമവാഴ്ചയുടെ സുന്ദരവും, വികൃതവുമായ മുഖത്തെ ചുരുങ്ങിയ വാചകങ്ങളിൽ അനുവാചകരിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരളസംസ്ഥാനരൂപീകരണത്തിന് ശേഷമുള്ള സംഭവങ്ങളും, മന്ത്രിസഭകളെയും കുറിച്ചുള്ള പരമദർശങ്ങളിലൂടെയാണ് ആധുനിക  കുറ്റാന്വേഷണ മേഖലയിലേക്കുള്ള വിവരണം  ആരംഭിക്കുന്നത്.മറ്റൊരർഥത്തിൽ പറഞ്ഞാൽ വളരെ പതുക്കെ നീങ്ങുന്ന വായന യഥാർത്ഥ വേഗം കൈവരിക്കുന്നത് ഇവിടെ മുതലാണ്. പോലീസിന്റെ പ്രവർത്തന മേഖലകൾ എന്ന അദ്ധ്യായം ആണ് വിവിധമേഖലകളുമായി ബന്ധപ്പെട്ടു നടക്കുന്ന കുറ്റകൃത്യങ്ങളേയും അവയുടെ പരാതികൾ സ്വീകരിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും സഹായിക്കുന്ന വിവിധ വകുപ്പുകളെയും  പരിചയപ്പെടുത്തിയത്. ചരിത്രസൂചികയുടെ ഭാഗങ്ങൾ പൂർണ്ണമായാൽ  ഒരു റെഫറെൻസ് ബുക്കിൽ  നിന്നും അതന്ത്യം ആകാംഷ ജനിപ്പിക്കും വിധമാണ് തുടർന്നുള്ള അദ്ധ്യായങ്ങൾ മുന്നോട്ടു നീങ്ങുന്നത്.
വിരലടയാള ബ്യുറോ, ഫോറൻസിക്, രാസപരിശോധനാ ലബോറട്ടറി എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഉമാദത്തൻ വിശിദീകരിക്കുന്നത് അതിനു ഉത്തമ ഉദാഹരണമാണ്.വിവരങ്ങൾ എങ്ങനെ  ഏതു വിധം  അവതരിപ്പിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ പ്ലാനിങ്ങ് ഉണ്ടായിരുന്നു എന്നനുമാനിക്കാം ഇതിൽ നിന്നും.ഫോറൻസിക് മെഡിസിൻ, ക്രൈം ബ്രാഞ്ച്  സി. ഐ ഡി തുടങ്ങിയ  ശാഖളെക്കുറിച്ചുള്ള പ്രായോഗിക അറിവുകൾ സമ്പാദിക്കാനും  ഈ ബുക്ക്‌ ഉപയോഗപ്പെടുത്താം എന്നാണ് എന്റെ അഭിപ്രായം.

സാധാരണക്കാർക്ക് അന്യമായ വിവരങ്ങൾ  തീർത്തും ലളിതമായി പ്രതിപാദിക്കുന്ന ഉമാദത്തന്റെ അവതരണശൈലി ഏറെ ആകർഷകമായി അനുഭവപ്പെട്ടിരുന്നു. നോൺ ഫിക്ഷൻ- ചരിത്ര ഗ്രന്ഥങ്ങൾ   വായിക്കുമ്പോൾ  സാധാരണയായി  പല വിവരണങ്ങളും  അല്പം അരോചകമായി  വായനക്കാരെ മടുപ്പിക്കാറുണ്ട്.പക്ഷെ  കുറ്റാന്വേഷണ ചരിത്രം അറിയാൻ ആഗ്രഹിക്കുന്ന ആർക്കും മടുപ്പില്ലാതെ വായിച്ചു പോകാവുന്ന ഗ്രന്ഥമാണ് ക്രൈം കേരളം എന്ന ടാഗിൽ പുറത്തിറങ്ങിയ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം എന്ന ബുക്ക്‌.ഒരു ത്രില്ലർ നോവലോ, ഓർമ്മക്കുറിപ്പോ പ്രതീഷിച്ചു വായിക്കാതെ ഒരു ചെറിയ പാഠപുസ്തകം എന്ന മനോഭാവത്തിൽ വായിക്കുന്നതും ഗുണകരമാവും.

ക്രൈം കേരളം
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം
GENRE       :  റെഫറൻസ്
Author        :  ഡോക്ടർ ബി. ഉമാദത്തൻ
Publisher   :  ഡിസി ബുക്സ്
Price          :   299

©Geo George

ഭൂമിശ്മശാനം

“ജന്മം ജന്മത്തിനോട് പടവെട്ടുകയാണ്. ഒരു ജീവിതത്തിൽ നിന്നും പറിഞ്ഞു മാറാൻ. സ്വന്തമായി നിലനിൽക്കാൻ ജന്മത്തിന്റെ ആരംഭമേ യുദ്ധത്തിൽ തുടങ്ങുന്നു.
                                             – ഭൂമിശ്‌മശാനം. “

അടിസ്ഥാനസൗകര്യങ്ങൾ പോലും ശോചനീയമായ ഒരാശുപത്രിയിൽ ഗർഭിണിയായ ഭാര്യയെ പ്രവേശിപ്പിക്കേണ്ടി  വരുന്ന  ശിവധർമ്മനെന്ന ജേർണലിസ്റ്റിൽ നിന്നുമാണ് നോവലിന്റെ ആരംഭം.മാസം  തികയാതെ പിറന്നു വീഴുന്ന  തന്റെ കുഞ്ഞിന്റെ    മൃതദേഹവും മാറോടണച്ചു അതു മറവ് ചെയ്യാൻ  ഒരു തുണ്ട് ഭൂമി തേടി ഇരുട്ടിൽ നടക്കുന്ന ശിവധർമ്മന്റെ ചിന്തകളും ഓർമ്മകളും നിറഞാണ് നോവലിന്റെ തുടർന്നുള്ള സഞ്ചാരം.

മരണം ഒരു സത്യമാണ്. നിഴൽ പോലെ ഏതൊരു ജീവിയെയും  പിന്തുടരുന്ന സത്യം.
കാലമോ നേരമോ നോക്കാതെ ഏതു നിമിഷവും മരണം കടന്നു വരാം.ഈ   നോവൽ സംസാരിക്കുന്നതും മരണത്തെക്കുറിച്ചാണ്,മരണത്തെ  ഭയത്തോടെ കാണുന്ന  മനുഷ്യരെക്കുറിച്ചും  ഗ്രാമത്തെകുറിച്ചുമാണ്.അതേ സമയം  മരണത്തെ പുച്ഛത്തോടെ  നോക്കിക്കാണുന്ന കഥാപാത്രങ്ങളേയും  കാണാം.ശിവധർമ്മനൊപ്പം, ഗോവിന്ദേട്ടനും  രാവുണ്ണിയമ്മാവനും,പേറെടുക്കാൻ വരുന്ന വയറ്റാട്ടിയും, കഷ്ടിച്ച് തുടക്കത്തിലേ ഏതാനും പേജുകളിൽ മാത്രം വരുന്ന കൃഷ്ണൻനായരും,പൊട്ടക്കിണറ്റിൽ
ശവമെറിയാൻ വരുന്ന ചെലവനും   അനുവാചകരിൽ ഒരൊഴിയാബാധ പോലെ കേറിക്കൂടുന്ന ലക്ഷണം നോവലിലാകെ കാണാം. ഭൂമിശ്‌മശാനത്തിന്റെ നൂറ്റിരണ്ടു പേജുകളിൽ ആഴ്ന്നിറങ്ങിയ ശേഷം കുറച്ചു ദിവസം  മനസ്സാകെ മൂടിക്കെട്ടി പോയെങ്കിലും  കഥാപാത്രങ്ങളിലൂടെ  കണ്ണും മനസ്സും നിറക്കാൻ
ഇന്ദുഗോപനു കഴിഞ്ഞെങ്കിൽ  അതിൽ കൂടതൽ എന്ത് സംതൃപ്‌തിയാണ് എന്നെപ്പോലെ  ഒരു സാധാരണ വായനക്കാരന് വേണ്ടത്..?

മരണഗന്ധം  നിറഞ്ഞു നിൽക്കുന്ന നോവൽ  എന്ന വിലയിരുത്തൽ കണ്ടു  വായിക്കാൻ ഭയമാണെങ്കിൽ  കൂടി  നിങ്ങൾ ഈ നോവലിന്റെ  ആദ്യത്തെ ഏതാനും പേജുകൾ  ഒന്നോടിച്ചു വായിക്കുക.പിന്നെ പേജുകൾ മറിയുന്നത് അറിയില്ല. അതാണ് വായനക്കാരെ  പിടിച്ചിരുത്തുന്ന    ജി ആർ  ഇന്ദുഗോപന്റെ  വൈദഗ്‌ദ്ധ്യം. 1997 ൽ  കുങ്കുമം  അവാർഡ് സ്വന്തമാക്കിയ ഭൂമിശ്‌മശാനം പുസ്‌തകമാക്കിയ ശേഷം   ഇരുപത് വർഷം  പിന്നിട്ടപ്പോഴാണ് രണ്ടാം പതിപ്പിലേക്ക് കടന്നത് എന്ന കാര്യം  വിചിത്രമാണ്.അതിലും എത്രയോ വായനയും,ചർച്ചകളും അർഹിക്കുന്ന നോവലാണിത്. പുച്ഛം തോന്നുന്നു ഞാനുൾപ്പെടുന്ന വായനക്കാരോടിപ്പോൾ.

ഭൂമിശ്മാശനത്തിലൂടെ ചുറ്റി സഞ്ചരിച്ചപ്പോൾ  എന്റെ മനസ്സിൽ ഉയർന്നു വന്ന ചില ചിന്തകളും, ചോദ്യങ്ങളും കൂടി  കുറിച്ചാലാണ് ഈ വായനാക്കുറിപ്പ് പൂർണ്ണമാവുകയുള്ളു. കാരണം
ഞാൻ ചവുട്ടി നിൽക്കുന്ന ഭൂമിയൊരു  ചുടലക്കാടാണ്.ഇവിടെ എണ്ണിയാലൊടുങ്ങാത്ത ആത്മാക്കൾ കുടിയിരിക്കുന്നു. മരണത്തിന്റെ രൂക്ഷഗന്ധവും പേറി ജീവിതം മുന്നോട്ടു  തള്ളി നീക്കുന്ന കുറെ ജന്മങ്ങൾക്കിടയിൽ ,ആത്മാക്കൾക്ക് ഇടയിൽ  ഒരു ഭ്രാന്തനെപ്പോലെ  അലഞ്ഞു തിരിയുന്ന എനിക്ക്  നാളെ  ഈ ഭൂമിയിൽ  അന്ത്യവിശ്രമം കൊള്ളാൻ ഒരു നുള്ള് ഭൂമിയെങ്കിലും ബാക്കിയുണ്ടാവുമോ?
അതോ  അതില്ലാതെ  നിങ്ങളെന്റെ  ശവം  നദിയിലൊഴുക്കുമോ അതുമല്ലെങ്കിൽ തീച്ചുളയിലെറിയുമോ …?

ഭൂമിശ്‌മശാനം
Author         :  ജി ആർ ഇന്ദുഗോപൻ
Publisher     :  സൈന്ധവ ബുക്സ്
Price           :  130/-

©Geo George