ലക്ഷ്മി (കപ്പേള 2020)

അടുത്തിടെ  കണ്ട സിനിമകളിൽ  നായികയെപ്പോലെ  തന്നെ  മനസ്സിൽ  തങ്ങി നിൽക്കുന്ന  പ്രകടനം  കാഴ്ച  വച്ച കഥാപാത്രമാണ്   കപ്പേളയിലെ  ലക്ഷ്മി. തനി  നാട്ടിൻപുറത്തുകാരിയായ ലക്ഷ്മിയായി  വേഷമിട്ടത്  ആർ.ജെ കൂടിയായ  നിൽജ കെ ബേബിയാണ് . കാസറ്റിങ്ങിലെ പെർഫെക്ഷൻ  ഒരു  കഥാപാത്രത്തെ  പ്രേക്ഷകരിലേക്ക്  അടുപ്പിക്കുന്നതിൽ  പ്രധാന  പങ്കു  വഹിക്കുന്നു എന്നതിന്  ഉദാഹരണമാണ്  ലക്ഷ്മി.

ജെസ്സിയുടെയും, വിഷ്ണുവിന്റെയും,റോയിയുടെയും കഥക്കിടയിൽ  ഒരു  മിനിക്കഥ  പോലെയാണ്  ലക്ഷ്മിയുടെ  ജീവിതം എഴുതി ചേർത്തിരിക്കുന്നത്.
വയനാടൻ  മണ്ണിലെ ഒരു സാധാരണ  കുടുംബത്തിൽ  ജനിച്ചു  വളർന്ന ലക്ഷ്മിയുടെ ലോകം  വീടും,വീട്ടുകാരും  ജെസ്സിയുമാണ്.വാറു പൊട്ടിയ  ചെരിപ്പെടുത്തു   കയ്യിൽ  തൂക്കിയാൽ  നാട്ടുകാരെന്ത്  വിചാരിക്കുമെന്നു     ജെസ്സിയോട്  പരിഭവം  പറയുന്ന ലക്ഷ്മി  ഒരു  സാധാരണ പെൺകുട്ടിയുടെ  ആകുലതകളാണ്  പങ്കു  വെക്കുന്നത്.

തന്റെ  ആഗ്രഹങ്ങൾ  എല്ലാം  ഉള്ളിലടക്കി  വീട്ടുകാരെ  ബഹുമാനിക്കുന്ന  കുറുമ്പും,കുസൃതിയും,അസൂയയും  നിറഞ്ഞ ഒരു  സാധാരണക്കാരിയായ  പെൺകുട്ടിയാണ്  ലക്ഷ്മി. കവലയിൽ  ഉയർന്ന  ജെസ്സിയുടെ  മുഖചിത്രമുള്ള   ഫ്ലെക്സിലേക്ക്  നോക്കുന്ന സന്ദർഭത്തിൽ എല്ലാ  പെൺകുട്ടികളെയും  പോലെ     ലക്ഷ്മിയുടെ മുഖഭാവം  അല്പം  അസൂയ നിറഞ്ഞതാവുന്നു.  അതേ  സമയം   അതൊക്കെ  മറച്ചു  വച്ചു  കുഴപ്പമില്ല  എന്നൊരു  വാചകത്തിലൂടെ  കൂട്ടുകാരിയെ  അഭിനന്ദനങ്ങൾ  അറിയിക്കാനും  അവൾ  മറക്കുന്നില്ല.അസൂയ എന്ന സാധനം തനിക്കും  ജെസ്സിക്കുമിടയിൽ   കടന്നു വരുമ്പോൾ  അതിനെ  വേണ്ട  രീതിയിൽ  കൈകാര്യം  ചെയ്യാനുള്ള  ലക്ഷ്മിയുടെ  പക്വതയാണ്  അവിടെ  നിഴലിക്കുന്നത്.ഒരു  ഫോൺ  പോലും  കൈവശമില്ലാത്ത  ലക്ഷ്മി അതിനു  വേണ്ടി  ആഗ്രഹിക്കുന്നുണ്ടെങ്കിലും വീട്ടിലെ  തന്നെ  മറ്റൊരു  പാര  അവളുടെ  ആഗ്രഹങ്ങൾക്ക്  തുരങ്കം  വെക്കുന്നതായി  കാണാൻ  കഴിയുന്നുണ്ട്. അപ്പോഴും  തന്റെ  പ്രസ്താവന  വളച്ചൊടിച്ചല്ലേ  എന്ന്  തുറന്നടിക്കുന്നു.

അയൽവാസികൾ എന്നതിനുമപ്പുറം   ലക്ഷ്മിക്കും  ജെസ്സിക്കുമിടയിൽ  നില നിന്നിരുന്ന  ആത്മബന്ധത്തിന്റെ  തീവ്രത  വ്യക്തമാവുന്നത്   വിഷ്ണുവിനെ  തേടി  പോകാനുള്ള  ജെസ്സിയുടെ  തീരുമാനം അറിയുന്ന  നിമിഷമാണ്.ഓർക്കാപ്പുറത്ത്   ആ  വാർത്ത  ഏറ്റു  വാങ്ങുന്ന  ലക്ഷ്മി  കൂട്ടുകാരിയുടെ  തീരുമാനത്തിന്  മുന്നിൽ  പകച്ചു  പോവുന്നു. എങ്കിലും പാതി മനസ്സോടെ  കൂട്ടുകാരിയെ യാത്രയാക്കുന്ന  ലക്ഷ്മിയുടെ  മനസ്സിൽ  ഇരുണ്ടു കൂടിയ  കാർമേഘങ്ങൾ   ഒരു മഴയായി അന്ന്  രാത്രിയും  ജെസ്സിയുടെ  യാത്രയുടെ  തുടക്കവും  പെയ്യുന്നു.കോഴിക്കോട്  എത്തിയ  ശേഷം  വിളിക്കണേ  എന്നുള്ള  വാചകങ്ങളിൽ  ലക്ഷ്മിക്ക്  ജെസ്സിയോടുള്ള  കരുതൽ  വ്യക്തമാക്കുന്നതായിരുന്നു.അവളുടെ  മനസാക്ഷി  അപ്പോഴും ജെസ്സിയെ  വിലക്കുന്നുണ്ടായിരുന്നിരിക്കാം.
ജെസ്സി ലോഡ്ജിൽ മുറിയെടുത്തു   എന്ന്  കേൾക്കുമ്പോൾ ചുളിഞ്ഞ  നെറ്റിയുമായി  അവളോട്‌  ഫോണിലൂടെ   തന്റെ  വേവലാതി  വ്യക്തമാക്കുകയും  സൂക്ഷിക്കണം  എന്ന  മുന്നറിയിപ്പ്  നൽകാനും  ശ്രമിക്കുന്ന  ലക്ഷ്മിയെ  അതേ  തീവ്രതയോടെ  നമുക്ക്  മുന്നിലെത്തിക്കാൻ  നിൽജക്ക്   സാധ്യമായിരുന്നു.സ്വന്തം അമ്മ ജെസ്സിയെ  അന്യോഷിക്കുമ്പോൾ  കള്ളം  പറയുന്നതിലുള്ള  വേവലാതിയും  ലക്ഷ്മി  ഒട്ടും  മറച്ചു  വെച്ചിരുന്നില്ല. നിഷ്കളങ്കമായ  മുഖവും,സംസാരവും   പക്വതയൊത്ത  പെരുമാറ്റവുമായി  ലക്ഷ്മി  അപ്പോൾ  നടന്നു  കേറിയത്  പ്രേഷകരിലേക്കായിരുന്നു.

©ജിയോ ജോർജ്

Leave a comment