ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതികഥകളും

വായനക്കാരിൽ ഭീതിയുണർത്തുക എന്നതാണ്  ഭീതി കഥകളുടെ പ്രധാന ലക്ഷ്യം.എന്നാൽ പലരുടെയും പൊതുവായ ധാരണ  ഭീതികഥകൾ  എന്നാൽ പ്രേതങ്ങളും, രക്തരാക്ഷസുകളും,ബാധയൊഴിപ്പിക്കലും മാത്രം ആണെന്നാവും.ആ ധാരണ തെറ്റാണെന്നു  ശ്രീ മരിയ റോസിന്റെ  ഗ്രന്ഥകാരന്റെ മരണവും  മറ്റു ഭീതികഥകളും എന്ന ബുക്കിലെ  രചനകൾ വായനക്കാരെ  ബോധവാൻമാരാക്കിയേക്കും .ഹൊറർ /ഗോഥിക് കഥാ  വിഭാഗത്തിൽ അടുത്തിടെ  വായിച്ചതിൽ  ഒറ്റക്കാലുള്ള  പ്രേതം  എന്ന ഗോഥിക്  നോവലെറ്റും, അതിലെ  കഥാപാത്രങ്ങളും വ്യത്യസ്തവും, ആകർഷവുമായി തോന്നിയിരുന്നു. അതിനു  ശേഷമാണ്  ഗ്രന്ഥകാരന്റെ  മരണവും  മറ്റു  ഭീതികഥകളും  വായിക്കാൻ  ഉറച്ചത്. ഏതൊരു സാഹിത്യരചനയും  പോലെ  ധ്വനികളായി വായനക്കാരനോട് ഇടപെടുമ്പോൾ ആണ്  യഥാർത്ഥ ഭീതികഥകൾ ഉണ്ടാവുന്നതെന്ന  വിവരണം  ശെരി  വെക്കുന്നതാണ്  വായന.
ടൈറ്റിൽ കഥയുൾപ്പടെ  ആറു രചനകളാണ്  ഈ  സമാഹാരത്തിൽ ഉള്ളത്. അവയിൽ  എന്നെ ആകർഷിച്ച നാലു  രചനകളെക്കുറിച്ചുള്ള  ഒരു ലഘു വിവരണം  നൽകുന്നു.

“പാപബോധവും  ഭീതിയും ജീവിതത്തോടൊപ്പം സഞ്ചരിക്കും. അവസ്ഥയെ കൂടതൽ ഭീകരമാക്കുവാൻ, ഉള്ളിൽ കിടന്നു അടങ്ങുന്നതിനു പകരം അവ പെരുകിപ്പെരുകി വരും. പിന്നെ അടുത്ത തലമുറയിലേക്ക് കടന്നു പോവും.  
           -കാലിൽ കുളമ്പുള്ള മനുഷ്യൻ. “

  ഭീതി സങ്കല്പങ്ങൾ  പലവിധത്തിൽ ഉണ്ടാവും. പ്രേതമുണ്ടെങ്കിലും ഇല്ലെങ്കിലും സാങ്കല്പികമായ കെട്ടു കഥകളും, മിത്തുകളും, അന്ധ വിശ്വാസങ്ങളും കൂട്ടിചേർത്തു  സമൂഹത്തിൽ  ഭീകരതയുടെ വിത്ത് പാകപ്പെടുന്നത് സ്വാഭാവികമാണ്. ഒരു ചെറിയ ഗ്രാമത്തിൽ  നിലനിൽക്കുന്ന അത്തരമൊരു മിത്തിനെ ആസ്പദമാക്കി എഴുതപ്പെട്ട രചനയാണ്‌  കാലിൽ കുളമ്പുള്ള മനുഷ്യൻ.ഒരു ഗ്രാമം മുഴുവൻ ഭീതിയുടെ നിഴലിൽ മുങ്ങിയ  ചിത്രം രചനയിൽ ഉടനീളം  നമുക്ക്  കാണാനും കഴിയും. കഴിഞ്ഞു പോയ സംഭവത്തിന്റെ  വേദനയിൽ നീറി തലമുറകളായി പടർന്നു പിടിക്കുന്ന വേദനയും ഭയവും  മനുഷ്യനെ  ഇല്ലായ്മ  ചെയ്യാൻ  ശേഷിയുള്ള ഒന്നാണെന്നു  ഈ രചന അടിവരയിടുന്നു.വിജനമായ പാതയും  ഇരുട്ടിൽ നടക്കാൻ ഭയപ്പെടുന്ന മനുഷ്യരും ഇതിലുണ്ട് .

ബെറ്റി

ദുർമരണവും, കൊലപാതകങ്ങളും  സംഭവിച്ച  വീടുകൾ പലപ്പോഴും  മറ്റുള്ളവർക്ക്   നൽകുന്നത്  പലകഥകളാണ്. ആ  കഥകളൊക്കെ  അവിടെ  വാസമുറപ്പിക്കുന്നവരുടെയോ  എത്തിപ്പെടുന്നവരുടെയോ   മനസ്സിൽ  അടിഞ്ഞു കൂടി ഭീതിയുടെ വേരുകൾ  ആഴ്ത്തും.ബെറ്റി  എന്ന കഥയുടെ ഇതിവൃത്തം അങ്ങനെയൊരു വീടാണ്.
പ്രേതഭവനങ്ങൾ  എന്ന് കേൾക്കുമ്പോൾ  മനസ്സിൽ  കുറച്ചു ക്ലീഷേകൾ  ഉണ്ടാവും. ഇരുട്ട് നിറഞ്ഞ മുറികൾ, പൊട്ടിപ്പൊളിഞ്ഞ ജനലുകളും, ചുവരുകളും,അതങ്ങനെ നീണ്ടു പോവും. കഥാനായകനെപ്പോലെ  ആ സാധാരണ   ഇരുനില   വീട്ടിലേക്കു എത്തുന്നത്  വരെ  നമ്മളും ഇത്തരം ക്ലീഷേകൾ പ്രതിഷിച്ചാവും ഇരിക്കുന്നത്. ആ മുൻധാരണകൾ   പൊട്ടിച്ചെറിഞ്ഞു നായകൻ  അവിടെ വാസമുറപ്പിക്കുന്നു.തുടർന്ന്  അയാൾക്കുണ്ടാവുന്ന  മാറ്റങ്ങളും, അനുഭവങ്ങളും  വായിച്ചറിയുമ്പോൾ ചെറിയൊരു  ഭയം  എന്നിലും  തോന്നാതെയിരുന്നില്ല.ബെറ്റിയുടെ  സാന്നിധ്യം  എവിടെയൊക്കെയോ  ഉള്ളത്  പോലെ.  കഥയിലുടനീളം   പ്രേതം ആവേശിച്ച  മനുഷ്യനെയല്ല 
പ്രേതത്തെ  ആവേശിച്ച  ഒരു  മനുഷ്യനെയാണ് കാണാൻ  കഴിഞ്ഞത്.വ്യത്യസ്തമായ വായന  അനുഭവം  സമ്മാനിച്ച ചെറുകഥ.

സേതുവിന്റെ മരണം :ഒരു കേസ് സ്റ്റഡി

ഇൻ ഹരിഹർ  നഗർ എന്ന സിനിമ കണ്ടവർക്ക് അതിലെ സേതുമാധവനെ ഓർമ്മയുണ്ടാവും.വളരെ കുറവ് സമയം മാത്രം സ്‌ക്രീനിൽ വന്നു പോയ സേതുവിന്റെ  മനശാസ്ത്രപരമായ  ഒരു ഉൾക്കാഴ്ചയാണ്  ഈ  കഥക്ക് ആധാരം.മുംബൈയിലെ ഒരു മുറിയിൽ  ആത്മഹത്യ ചെയ്തെന്നു പറയപ്പെടുന്ന  സേതുവിന്റെ  അതിനു മുൻപുള്ള  പെരുമാറ്റങ്ങളും, ഭാവപ്രകടനങ്ങളും  സൂക്ഷ്മതയോടെ ഓരോ വരികളിലും പകർത്തിയ എഴുത്തുകാരൻ മികച്ച വായന അനുഭവം ആണ്  നൽകിയത്. 

കെ നഗരത്തിന്റെ  പതനം

സമകാലിക സംഭവത്തിൽ നിന്നും,മോപ്പോസാങിന്റെയും അലൻ പോയുടെയും രചനകളിൽ നിന്നും  പ്രചോദനമുൾക്കൊണ്ടു ഒരുക്കിയ  കഥയാണ്  കെ നഗരത്തിന്റെ പതനം.  സമകാലികതയെ പ്രാചിനമായൊരു  ആശയത്തിലൂടെയാണ് എഴുത്തുകാരൻ അവതരിപ്പിച്ചത്.മനുഷ്യന്റെ  നിയന്ത്രണമില്ലാത്ത  വികാരങ്ങളുടെയും  ലൈംഗികതയുടെയും  ഭീതികരമായ  ഒരു ചിത്രം  വായനക്കാരിൽ പതിപ്പിക്കാൻ  കഴിയുന്ന രചനയാണ് ഇത്. ചൂരങ്ങളിൽ  ഒരു ദുരൂഹ മരണം,  ഗ്രന്ഥകാരന്റെ  മരണം  എന്നീ ഭീതികഥകളും  ഇതോടൊപ്പം വായിക്കാം.ബുക്കിന്റെ  ആസ്വാദനത്തിനു  തടസമായി തോന്നിയത്  ഓരോ കഥകൾക്കും മുൻപ്  നൽകിയ  കഥക്ക്  പിന്നിൽ എന്ന കുറിപ്പാണു. അവ അവസാനം നൽകിയിരുന്നെങ്കിൽ  എന്ന് തോന്നി.മലയാളത്തിൽ  ഗോഥിക്  ഹൊറർ  കഥകളുടെ  ആരാധകർക്ക്  തീർച്ചയായും  ഒരു വേറിട്ട അനുഭവമാവും ഈ  ബുക്ക്‌.

ഗ്രന്ഥകാരന്റെ  മരണവും  മറ്റു  ഭീതികഥകളും

Author      :  മരിയ റോസ്
Genre       :  ഫിക്ഷൻ /ഹൊറർ
Publisher : മാത്രഭൂമി ബുക്സ്
Price         : 150/-

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s