
രക്തനിറമുള്ള ഓറഞ്ച് ” ജി ആർ ഇന്ദുഗോപന്റെ പ്രഭാകരൻ സീരിസിൽ മൂന്നാമത്തെ പുസ്തകം.ആദ്യ രണ്ടു ബുക്കിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് പ്രഭാകരന്റെ മൂന്നാം വരവ്.ആദ്യ നോവലുകൾ പോലെ ഡിറ്റക്റ്റീവ് പ്രഭാകരന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണവഴികൾ പ്രതിഷിക്കുന്നവർക്ക് ചിലപ്പോൾ ചെറിയൊരു നിരാശ തോന്നും രക്തനിറമുള്ള ഓറഞ്ച് വായിക്കുമ്പോൾ. കാരണം ഇത് പ്രഭാകരന്റെ മാത്രം കഥയല്ല.പുതിയ കുറച്ചു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് പ്രിയപ്പെട്ട ഇന്ദുഗോപൻ വായനക്കാരെ കൊണ്ട് പോവുന്നത്. ‘രക്ത നിറമുള്ള ഓറഞ്ച്’, ലഘുനോവലായ ‘രണ്ടാം നിലയിൽ ഉടൽ’ എന്നിവയാണ് നൂറ്റിഇരുപത്തിയേഴു പേജുള്ള ബുക്കിന്റെ ഉള്ളടക്കം.
രക്തനിറമുള്ള ഓറഞ്ച്
“സാധാരണ ജനം സ്വന്തം വയറ്റിപിഴപ്പിനെകുറിച്ചാ ചിന്തിക്കുന്നത്. അതൊക്കെ മാറ്റി, അവന്റെ ശ്രദ്ധ മാറ്റി ആംഡബരത്തിന്റെ പുറകെ നടത്തിച്ചു, കച്ചോടം നടത്തുകയാണ് ലോകം ചെയ്യുന്നത്. അവനെ നശിപ്പിക്കുന്നതിലാണ് ഗവേഷണം.”
നാഗ്പൂരിൽ നിന്നും വാങ്ങുന്ന ഓറഞ്ച് പാക്കറ്റും അതിലുള്ള ഫോൺ നമ്പറും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും,കൊല്ലം ബസ് സ്റ്റാൻഡിൽ ഓറഞ്ച് വിറ്റു നടന്നു അപ്രതീഷിതമായി കോടിശ്വരനാവുന്ന അബൂബക്കറിലൂടെയുമാണ് നോവൽ മുന്നോട്ടു പോവുന്നത്. പ്രഭാകരന്റെ സഹാസിക രംഗങ്ങൾ പ്രതിഷിച്ചു ഇരിക്കുന്ന വായനക്കാരന് മുന്നിലേക്ക് നിഗൂഢസ്വാഭാവം നന്നേ കുറഞ്ഞ ഒരു സ്ലോ ഡ്രാമയാണ് വന്നു ചേരുന്നത് .ഓറഞ്ച് മുതലാളി സേട്ടുവിന്റെ കഥാപാത്രം ഏറെ ആകർഷകമായിരുന്നു. വർത്തമാന കാലത്ത് ഏറെ പ്രസക്തവും, അർഥവത്തുമായ കഥയാണ് രക്തനിറമുള്ള ഓറഞ്ച്. മേല്പറഞ്ഞതു പോലെ ആഡംബരത്തിന്റെ പുറകെ പായുന്ന ഒരു ജനതയെ നമുക്ക് കാണാനാവും. അതു ചിലപ്പോൾ ഞാനാവാം, നിങ്ങളാവാം, അതുമല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളവരാകാം.എന്ത് തന്നെയാണെകിലും രക്തനിറമുള്ള ഓറഞ്ച് മുന്നോട്ടു വെക്കുന്ന ആശയങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നവയാണെന്നാണ് നിഗമനം.മനുഷ്യന്റെ ആർത്തി,പക, ദാരിദ്ര്യം, നിസ്സഹായത, ക്ഷമിക്കാനുള്ള മനസ്സ് എന്നിവയെല്ലാം രക്തനിറമുള്ള ഓറഞ്ചിൽ ദർശിക്കാനാവും.
രണ്ടാം നിലയിൽ ഉടൽ
വായനയിലുടനീളം
സിനിമാറ്റിക് എക്സ്പീരിയൻസ് തരുന്ന ഗംഭീര ലഘു നോവലാണ് രണ്ടാം നിലയിൽ ഉടൽ.ഡിറ്റക്റ്റീവ് പ്രഭാകരൻ തന്നെ ഏറെ കുഴപ്പിച്ച ഒരു കേസിനെക്കുറിച്ചു സുഹൃത്തുക്കളോട് വിവരിക്കുന്നതിലൂടെ കൗതുകവും ആകാംഷയും വായനക്കാരിൽ ഉണർത്തുന്ന നോവലാണിത്. സാഹസിക നീക്കങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന പ്രഭാകരന്റെ പ്രായം എഴുത്തുകാരൻ കൃത്യമായി വെളിപ്പെടുത്തിയത് കൗതുകകരമായി തോന്നി.യുക്തിയുള്ള അപകടങ്ങളിൽ കാലുവെക്കാനുറച്ചു നടന്നു നീങ്ങുന്ന പ്രഭാകരൻ പുതിയ സാഹസികതകളുമായി വീണ്ടും വരുമെന്ന് കരുതുന്നു.
രക്തനിറമുള്ള ഓറഞ്ച്
Author : ജി. ആർ ഇന്ദുഗോപൻ
Publisher : ഡിസി ബുക്സ്
Price : 80/-
©Geo George