
ഞങ്ങളുടെ കഥയോ ചരിത്രമോ ആർക്കും അറിയേണ്ടല്ലോ എല്ലവരും കുറെ കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പുറകെയാണല്ലോ. സാരമില്ല അതൊക്കെ കാലം തെളിയിച്ചോളും
– കാളിച്ചേകോൻ (കാളിയൻ)”
ശബരിമലയെക്കുറിച്ചും ചില കുറിപ്പുകളിൽ കണ്ട് മറന്ന ഒരു വാക്കാണ് കാന്തമല.സഹ്യാധ്രിയിൽ പരശുരാമനാൽ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന പഞ്ചശാസ്താ ക്ഷേത്രങ്ങളെ കുറിച്ചുള്ള ഓരോ പരമദർശങ്ങളിലും അയ്യപ്പൻ കോവിലിനെക്കുറിച്ചുള്ള വിവരണങ്ങളും കാണാറുണ്ട്.കാന്തമലയെന്നു വിളിക്കപ്പെടുന്ന ഈ അയ്യപ്പൻ കോവിലിനെയും, ശബരിമലയെയും, ഈജിപ്റ്റിലെ പിരമിഡുകളെയും ഫറവോയും ചുറ്റിപ്പറ്റിയാണ് നവാഗത എഴുത്തുകാരനായ വിഷ്ണു എം.സി രചിച്ച കാന്തമല ചരിതം ഒന്നാം അദ്ധ്യായം അഖിനാതന്റെ നിധി എന്ന നോവൽ പുരഗോമിക്കുന്നത്.
പുസ്തകത്തിന്റെ പുറം ചട്ടയിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ മൂവായിരം വർഷം പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുനും, അവനു മുന്നിൽ നിൽക്കുന്ന കാന്തമലയെക്കുറിച്ചുള്ള കുറച്ചു കെട്ടുകഥകളും,കേട്ടറിവുകളും മാത്രമാണ്.കാന്തമലയുടെ പിന്നിലുള്ള രഹസ്യങ്ങൾ തേടിയിറങ്ങുന്ന മിഥുന്റെ സാഹസികയാത്രയാണ് നോവലിന്റെ ഇതിവൃത്തം. കഥയെക്കുറിച്ചുള്ള ചുരുക്കെഴുത്ത് സ്പോയ്ലർ ആയേക്കുമെന്നതിനാൽ അതിനെക്കുറിച്ചു ഈ വായനാകുറിപ്പിൽ കൂടതൽ വിശദീകരിച്ചു വായനക്കാരുടെ ത്രില്ല് നശിപ്പിക്കുന്നില്ല.
ചരിത്രം എന്നും ഒരു അത്ഭുതമാണ്. അതിൽ സത്യമേത് മിഥ്യയേത് എന്ന് പ്രവചിക്കുക അസാധ്യമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മിത്തുകളിൽ തന്റെതായ മിത്തുകളും കൂടികലർത്തി യുക്തിക്ക് നിരക്കുന്ന വിധം സമകാലിക സംഭവങ്ങളെ കോർത്തിണക്കിയാണ് കാന്തമല ചരിതം എഴുത്തുകാരൻ രചിച്ചത്.കാന്തമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇതിഹാസങ്ങളെയും, ചരിത്രത്തെയും ഫിക്ഷന്റെ പിൻബലത്തോടെ മികച്ച ഒരു വായനാ അനുഭവമാക്കി മാറ്റാൻ എഴുത്തുകാരന് കഴിഞ്ഞു.
കടിച്ചാൽ പൊട്ടാത്ത പദ പ്രയോഗങ്ങളോ,വലിച്ചു നീട്ടിയ വാചകങ്ങളോ ഇതിലില്ല.സാധാരണക്കാർക്ക് പോലും വളരെയെളുപ്പം വായിക്കാവുന്ന വിധമാണ് അവതരണം.
കാന്തമല വായിച്ചു തുടങ്ങുമ്പോൾ തന്നെ
കഥാപശ്ചാത്തലം പരിചതമായിരിക്കും.ഇടുക്കിയും,പത്തനംതിട്ടയും അത്ര മേൽ ഏതൊരാളെയും ആകർഷിക്കുന്ന സ്ഥലങ്ങളാണ്. പ്രകൃതിയുടെ പച്ചപ്പും, കാടിന്റെ മനോഹരിതയും,വന്യതയും, നിറഞ്ഞു തുളുമ്പി കിടക്കുന്ന ജലാശയങ്ങളും ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അവയുടെ ഒപ്പം ഈജിപ്റ്റിലെ പിരമിഡുകളും കൂടി ചേരുമ്പോൾ വല്ലാത്തൊരു വശ്യതയാവും.കഥാപാത്രങ്ങളിൽ പതിയിരിക്കുന്ന നിഗൂഢതകളും വായനക്കാരെ ഞെട്ടിക്കാൻ ഉതകുന്നവയാണ്. ആക്ഷൻ- അഡ്വഞ്ചർ വിഭാഗത്തിൽ ഉൾപ്പെടുന്ന നോവൽ ആയതിനാൽ വായിക്കാനുള്ള ത്വര അടക്കിപ്പിടിക്കാനും ആവില്ല.
മലയാളത്തിൽ അധികം ആരും കൈ വെക്കാത്ത ഒന്നാണ് ട്രിയോളജി. കാന്തമലചരിതം അങ്ങനെ ഒന്നാണ്.സാഹസികതയും, ആക്ഷനും,ഫാന്റസിയും സമന്വയിപ്പിച്ച
ഒരു ത്രില്ലർ ആണിത്. മൂന്ന് ഭാഗങ്ങളിലായി വായനക്കാരന്റെ ആകാംഷ വർധിപ്പിച്ചും, സമസ്യകൾ പൂർത്തീകരിച്ചും ആസ്വാദന ക്ഷമതക്ക് കോട്ടം തട്ടാതെ പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ആ ജോലിയാണ് നവാഗതനായ വിഷ്ണു എം. സി ഏറ്റെടുത്തിരിക്കുന്നത്.ട്രിയോളജിയിലെ ആദ്യ ബുക്ക് ആ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.
ഇരുന്നൂറ്റി എട്ടു പേജുകൾ ഉള്ള കാന്തമല ചരിതം
വായിക്കാനൊരുങ്ങുമ്പോൾ ഓർക്കുക
ഈജിപ്ഷ്യൻ ഫറവോയാ യിരുന്ന അഖിനാതെന്റെ നിധിയെയും, ജീവന്റെ കല്ലിനെയും ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളുടെ ഒരു തുടക്കം മാത്രമാണ് ഈ ബുക്കെന്നു . കൂടതൽ രഹസ്യങ്ങളും നിഗൂഢതകളും,വായനക്കാരുടെ സംശയങ്ങളും ഇനി വരുന്ന രണ്ടു അദ്ധ്യായങ്ങളിലായേ ചുരുൾ അഴിയൂ.സാഹസിക, ത്രില്ലർ നോവൽ പ്രേമികൾ ഒരു കാരണവശാലും മിസ് ചെയ്യാൻ പാടില്ലാത്ത ബുക്ക്. ചുരുങ്ങിയ കാലയളവിൽ രണ്ടാം പതിപ്പിലേക്ക് കടക്കുന്ന നോവലിനും രചിതാവിനും ആശംസകൾ.
കാന്തമല ചരിതം ഒന്നാം അദ്ധ്യായം
അഖിനാതന്റെ നിധി
Author : വിഷ്ണു എം.സി
Genre : അഡ്വഞ്ചർ
Publisher : ലോഗോസ് പട്ടാമ്പി
Price : 230/-
©Geo George