
“ജന്മം ജന്മത്തിനോട് പടവെട്ടുകയാണ്. ഒരു ജീവിതത്തിൽ നിന്നും പറിഞ്ഞു മാറാൻ. സ്വന്തമായി നിലനിൽക്കാൻ ജന്മത്തിന്റെ ആരംഭമേ യുദ്ധത്തിൽ തുടങ്ങുന്നു.
– ഭൂമിശ്മശാനം. “
അടിസ്ഥാനസൗകര്യങ്ങൾ പോലും ശോചനീയമായ ഒരാശുപത്രിയിൽ ഗർഭിണിയായ ഭാര്യയെ പ്രവേശിപ്പിക്കേണ്ടി വരുന്ന ശിവധർമ്മനെന്ന ജേർണലിസ്റ്റിൽ നിന്നുമാണ് നോവലിന്റെ ആരംഭം.മാസം തികയാതെ പിറന്നു വീഴുന്ന തന്റെ കുഞ്ഞിന്റെ മൃതദേഹവും മാറോടണച്ചു അതു മറവ് ചെയ്യാൻ ഒരു തുണ്ട് ഭൂമി തേടി ഇരുട്ടിൽ നടക്കുന്ന ശിവധർമ്മന്റെ ചിന്തകളും ഓർമ്മകളും നിറഞാണ് നോവലിന്റെ തുടർന്നുള്ള സഞ്ചാരം.
മരണം ഒരു സത്യമാണ്. നിഴൽ പോലെ ഏതൊരു ജീവിയെയും പിന്തുടരുന്ന സത്യം.
കാലമോ നേരമോ നോക്കാതെ ഏതു നിമിഷവും മരണം കടന്നു വരാം.ഈ നോവൽ സംസാരിക്കുന്നതും മരണത്തെക്കുറിച്ചാണ്,മരണത്തെ ഭയത്തോടെ കാണുന്ന മനുഷ്യരെക്കുറിച്ചും ഗ്രാമത്തെകുറിച്ചുമാണ്.അതേ സമയം മരണത്തെ പുച്ഛത്തോടെ നോക്കിക്കാണുന്ന കഥാപാത്രങ്ങളേയും കാണാം.ശിവധർമ്മനൊപ്പം, ഗോവിന്ദേട്ടനും രാവുണ്ണിയമ്മാവനും,പേറെടുക്കാൻ വരുന്ന വയറ്റാട്ടിയും, കഷ്ടിച്ച് തുടക്കത്തിലേ ഏതാനും പേജുകളിൽ മാത്രം വരുന്ന കൃഷ്ണൻനായരും,പൊട്ടക്കിണറ്റിൽ
ശവമെറിയാൻ വരുന്ന ചെലവനും അനുവാചകരിൽ ഒരൊഴിയാബാധ പോലെ കേറിക്കൂടുന്ന ലക്ഷണം നോവലിലാകെ കാണാം. ഭൂമിശ്മശാനത്തിന്റെ നൂറ്റിരണ്ടു പേജുകളിൽ ആഴ്ന്നിറങ്ങിയ ശേഷം കുറച്ചു ദിവസം മനസ്സാകെ മൂടിക്കെട്ടി പോയെങ്കിലും കഥാപാത്രങ്ങളിലൂടെ കണ്ണും മനസ്സും നിറക്കാൻ
ഇന്ദുഗോപനു കഴിഞ്ഞെങ്കിൽ അതിൽ കൂടതൽ എന്ത് സംതൃപ്തിയാണ് എന്നെപ്പോലെ ഒരു സാധാരണ വായനക്കാരന് വേണ്ടത്..?
മരണഗന്ധം നിറഞ്ഞു നിൽക്കുന്ന നോവൽ എന്ന വിലയിരുത്തൽ കണ്ടു വായിക്കാൻ ഭയമാണെങ്കിൽ കൂടി നിങ്ങൾ ഈ നോവലിന്റെ ആദ്യത്തെ ഏതാനും പേജുകൾ ഒന്നോടിച്ചു വായിക്കുക.പിന്നെ പേജുകൾ മറിയുന്നത് അറിയില്ല. അതാണ് വായനക്കാരെ പിടിച്ചിരുത്തുന്ന ജി ആർ ഇന്ദുഗോപന്റെ വൈദഗ്ദ്ധ്യം. 1997 ൽ കുങ്കുമം അവാർഡ് സ്വന്തമാക്കിയ ഭൂമിശ്മശാനം പുസ്തകമാക്കിയ ശേഷം ഇരുപത് വർഷം പിന്നിട്ടപ്പോഴാണ് രണ്ടാം പതിപ്പിലേക്ക് കടന്നത് എന്ന കാര്യം വിചിത്രമാണ്.അതിലും എത്രയോ വായനയും,ചർച്ചകളും അർഹിക്കുന്ന നോവലാണിത്. പുച്ഛം തോന്നുന്നു ഞാനുൾപ്പെടുന്ന വായനക്കാരോടിപ്പോൾ.
ഭൂമിശ്മാശനത്തിലൂടെ ചുറ്റി സഞ്ചരിച്ചപ്പോൾ എന്റെ മനസ്സിൽ ഉയർന്നു വന്ന ചില ചിന്തകളും, ചോദ്യങ്ങളും കൂടി കുറിച്ചാലാണ് ഈ വായനാക്കുറിപ്പ് പൂർണ്ണമാവുകയുള്ളു. കാരണം
ഞാൻ ചവുട്ടി നിൽക്കുന്ന ഭൂമിയൊരു ചുടലക്കാടാണ്.ഇവിടെ എണ്ണിയാലൊടുങ്ങാത്ത ആത്മാക്കൾ കുടിയിരിക്കുന്നു. മരണത്തിന്റെ രൂക്ഷഗന്ധവും പേറി ജീവിതം മുന്നോട്ടു തള്ളി നീക്കുന്ന കുറെ ജന്മങ്ങൾക്കിടയിൽ ,ആത്മാക്കൾക്ക് ഇടയിൽ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിയുന്ന എനിക്ക് നാളെ ഈ ഭൂമിയിൽ അന്ത്യവിശ്രമം കൊള്ളാൻ ഒരു നുള്ള് ഭൂമിയെങ്കിലും ബാക്കിയുണ്ടാവുമോ?
അതോ അതില്ലാതെ നിങ്ങളെന്റെ ശവം നദിയിലൊഴുക്കുമോ അതുമല്ലെങ്കിൽ തീച്ചുളയിലെറിയുമോ …?
ഭൂമിശ്മശാനം
Author : ജി ആർ ഇന്ദുഗോപൻ
Publisher : സൈന്ധവ ബുക്സ്
Price : 130/-
©Geo George