
ചരിത്രം എന്നും നിഗൂഢതകൾ നിറഞ്ഞതാണ്.അവ സത്യമോ,മിഥ്യയോ ആയേക്കാം.എന്നിരുന്നാലും വർഷങ്ങൾ പഴക്കമുള്ള വിവരങ്ങൾ പഠനവിധേയമാക്കി സാധാരണക്കാർക്ക് മനസിലാകും വിധം അവതരിപ്പിക്കുന്നത് ശ്രമകരമായ ഒരു ജോലിയാണ്.കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തെക്കുറിച്ചു പറയുമ്പോൾ വർഷങ്ങൾ പിന്നിലേക്കാണ് യാത്ര ചെയ്യേണ്ടത്.
ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്രശാഖയും,വൈദ്യശാസ്ത്രവും കൂടിച്ചേരുമ്പോൾ കുറ്റാന്വേഷണത്തിനു പുതിയ മാനങ്ങൾ കൈ വരാറുണ്ട്. ഈ മേഖലയിൽ കേരളത്തിൽ ഏറെ പേരെടുത്ത വ്യക്തിയാണ് പ്രൊഫസർ ഡോ. ഉമാദത്തൻ.അദേഹത്തിന്റെ ഗ്രന്ഥങ്ങൾ കുറ്റാന്വേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും,ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്രശാഖയിൽ പഠനം നടത്തുന്നവർക്കും, കുറ്റാന്വേഷണ മേഖലയിൽ കഥകൾ, സിനിമകൾ,ലേഖനങ്ങൾ എന്നിവ തയ്യാറാക്കുന്നവർക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം എന്ന ബുക്ക് മേല്പറഞ്ഞവരിൽ ഉപകാരപ്പെടുന്നത് ചരിത്രഗവേഷകർക്കാണ്.
ഇന്നത്തെ തലമുറക്ക് ഒരു പരിധി വരെ അജ്ഞാതമായ നാട്ടുരാജ്യങ്ങളുടെയും, രാജഭരണവും, തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, കേരളത്തിന്റെയും ചരിത്രവും ഇവിടങ്ങളിൽ പോലീസ് വ്യവസ്ഥ യുടെ ആവിർഭാവവുമാണ് “ക്രൈം കേരളം ” എന്ന ബുക്കിന്റെ ആദ്യ പകുതിയിൽ ഡോ. ഉമാദത്തൻ ചുരുങ്ങിയ വാചകങ്ങളിൽ പരിചയപ്പെടുത്തുന്നത്.അതോടൊപ്പം ബ്രിട്ടീഷ്, പോർച്ചുഗീസ് അധിനിവേശത്തെയും,അവരിൽ നിന്നുണ്ടായ വിലപ്പെട്ട സംഭാവനകളെയും,അത് നൽകിയ വ്യക്തികളെയും വ്യക്തമായി പരാമർശിക്കുണ്ട്.
അന്നത്തെ നായർ ബ്രിഗേഡിൽ നിന്നും ഇന്ന് നമ്മൾ കാണുന്ന പോലീസ് സേനയിലേക്കുള്ള ദൂരം താരതമ്യം ചെയ്യാൻ കഴിയാത്ത വിധം വലുതാണ് എന്ന അവബോധം ഇതിലൂടെയുണ്ടായി. കേരള സംസ്ഥാനം നിലവിൽ വരുന്നത് മുന്നേയുള്ള ഓരോ സംഭവങ്ങളെയും, വ്യക്തികളെയുമെല്ലാം പക്ഷഭേദമില്ലാതെ ഉമാദത്തൻ സൂചിപ്പിക്കുന്നുണ്ട് . അതിപുരാതന കാലത്ത് പോലും ഭാരതത്തിൽ നിയമവ്യവസ്ഥകളും,നീതിന്യായ വിഭാഗവും നിലവിലുണ്ടായിരുന്നവെന്ന നിരീക്ഷണമാണ് തന്റെ പഠനത്തിലൂടെ ഡോ. ഉമാദത്തൻ മുന്നോട്ടു വെക്കുന്നത്.നിയമവാഴ്ചയുടെ സുന്ദരവും, വികൃതവുമായ മുഖത്തെ ചുരുങ്ങിയ വാചകങ്ങളിൽ അനുവാചകരിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളസംസ്ഥാനരൂപീകരണത്തിന് ശേഷമുള്ള സംഭവങ്ങളും, മന്ത്രിസഭകളെയും കുറിച്ചുള്ള പരമദർശങ്ങളിലൂടെയാണ് ആധുനിക കുറ്റാന്വേഷണ മേഖലയിലേക്കുള്ള വിവരണം ആരംഭിക്കുന്നത്.മറ്റൊരർഥത്തിൽ പറഞ്ഞാൽ വളരെ പതുക്കെ നീങ്ങുന്ന വായന യഥാർത്ഥ വേഗം കൈവരിക്കുന്നത് ഇവിടെ മുതലാണ്. പോലീസിന്റെ പ്രവർത്തന മേഖലകൾ എന്ന അദ്ധ്യായം ആണ് വിവിധമേഖലകളുമായി ബന്ധപ്പെട്ടു നടക്കുന്ന കുറ്റകൃത്യങ്ങളേയും അവയുടെ പരാതികൾ സ്വീകരിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും സഹായിക്കുന്ന വിവിധ വകുപ്പുകളെയും പരിചയപ്പെടുത്തിയത്. ചരിത്രസൂചികയുടെ ഭാഗങ്ങൾ പൂർണ്ണമായാൽ ഒരു റെഫറെൻസ് ബുക്കിൽ നിന്നും അതന്ത്യം ആകാംഷ ജനിപ്പിക്കും വിധമാണ് തുടർന്നുള്ള അദ്ധ്യായങ്ങൾ മുന്നോട്ടു നീങ്ങുന്നത്.
വിരലടയാള ബ്യുറോ, ഫോറൻസിക്, രാസപരിശോധനാ ലബോറട്ടറി എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഉമാദത്തൻ വിശിദീകരിക്കുന്നത് അതിനു ഉത്തമ ഉദാഹരണമാണ്.വിവരങ്ങൾ എങ്ങനെ ഏതു വിധം അവതരിപ്പിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ പ്ലാനിങ്ങ് ഉണ്ടായിരുന്നു എന്നനുമാനിക്കാം ഇതിൽ നിന്നും.ഫോറൻസിക് മെഡിസിൻ, ക്രൈം ബ്രാഞ്ച് സി. ഐ ഡി തുടങ്ങിയ ശാഖളെക്കുറിച്ചുള്ള പ്രായോഗിക അറിവുകൾ സമ്പാദിക്കാനും ഈ ബുക്ക് ഉപയോഗപ്പെടുത്താം എന്നാണ് എന്റെ അഭിപ്രായം.
സാധാരണക്കാർക്ക് അന്യമായ വിവരങ്ങൾ തീർത്തും ലളിതമായി പ്രതിപാദിക്കുന്ന ഉമാദത്തന്റെ അവതരണശൈലി ഏറെ ആകർഷകമായി അനുഭവപ്പെട്ടിരുന്നു. നോൺ ഫിക്ഷൻ- ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ സാധാരണയായി പല വിവരണങ്ങളും അല്പം അരോചകമായി വായനക്കാരെ മടുപ്പിക്കാറുണ്ട്.പക്ഷെ കുറ്റാന്വേഷണ ചരിത്രം അറിയാൻ ആഗ്രഹിക്കുന്ന ആർക്കും മടുപ്പില്ലാതെ വായിച്ചു പോകാവുന്ന ഗ്രന്ഥമാണ് ക്രൈം കേരളം എന്ന ടാഗിൽ പുറത്തിറങ്ങിയ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം എന്ന ബുക്ക്.ഒരു ത്രില്ലർ നോവലോ, ഓർമ്മക്കുറിപ്പോ പ്രതീഷിച്ചു വായിക്കാതെ ഒരു ചെറിയ പാഠപുസ്തകം എന്ന മനോഭാവത്തിൽ വായിക്കുന്നതും ഗുണകരമാവും.
ക്രൈം കേരളം
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം
GENRE : റെഫറൻസ്
Author : ഡോക്ടർ ബി. ഉമാദത്തൻ
Publisher : ഡിസി ബുക്സ്
Price : 299
©Geo George