
“നമ്മുടെ രാജ്യം ചോരക്കളമായി മാറുകയായിരുന്നു. ആ ചോര നക്കിക്കുടിക്കാൻ ജനിച്ച മറ്റൊരു ജനവിഭാഗം കൂടി മുളച്ചു പൊന്തി. അവർ അവരുടെ രാജ്യം നിർമ്മിക്കാനുള്ള പുറപ്പാടിലാണ്. ജിഹാദികളുടെ രാജ്യം.”
വിലാപങ്ങളുടെ നാട്ടിൽ നിന്നും അൽത്തേസ് അയച്ച മെയിലുകളിൽ നിന്നുമുള്ള വരികൾ ഒരു ഞെട്ടലോടെയാണ് അൽത്തേബിനൊപ്പം വായനക്കാർക്കും വായിച്ചു പൂർത്തീകരിക്കാൻ കഴിയൂ.തൊട്ടാൽ പൊള്ളുന്ന വിഷയത്തെ ഫിക്ഷന്റെ അകമ്പടിയോടെ വായനക്കാരിൽ എത്തിക്കാൻ എഴുത്തുകാരൻ എടുത്ത കഠിനാധ്വാനത്തിനു ഫുൾ മാർക്കും നൽകുന്നു.
സിറിയ,തുർക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ,ദുബായ് എന്നിങ്ങനെ അഞ്ചോളം രാജ്യങ്ങളാണ് നോവലിന്റെ പശ്ചാത്തലം.ഈ കാലഘട്ടത്തിൽ അവിടെയുള്ള ഓരോ മനുഷ്യജീവികളും,ഭരണകൂടവും നേരിടേണ്ടി വരുന്ന വെല്ലുവിളികളും, ആത്മ സംഘർഷങ്ങളും ,ഭരണകൂടഭീകരതകളും കൂടിച്ചേർന്നതാണു യാ ഇലാഹി ടൈംസ് എന്ന നോവലിന്റെ പ്രമേയം.
2018 ലെ ഡിസിയുടെ സാഹിത്യ പുരസ്കാരം നേടിയ നോവൽ എന്ന വിശേഷണത്തിലൂടെയാണ് ആദ്യമായി യാ ഇലാഹി ടൈംസ് എന്ന നോവൽ എന്റെ ശ്രദ്ധയിൽ പെടുന്നത്.ഡിസംബറിൽ കയ്യിലെത്തിയ ഈ ബുക്ക് പുതുവർഷ വായനയിൽ ആദ്യത്തെയാവുമെന്നു അപ്പോഴേ കുറിച്ചിട്ടിരുന്നു.ആദ്യ വായനയും രണ്ടാം വായനയും പൂർത്തിയാക്കി ഈ കുറിപ്പെഴുതുമ്പോൾ ഉള്ളിൽ ഒരു തരം മരവിപ്പാണ് അനുഭവപ്പെടുന്നത്.
സ്വാദേശത്തെയും, വിദേശത്തെയും, പ്രവാസത്തെയും മനുഷ്യജീവിതങ്ങൾ പ്രമേയമാക്കി ഒരുപാട് നോവലുകൾ വന്നിട്ടുണ്ടാകും. .എന്നാൽ യാ ഇലാഹി ടൈംസ് ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്.യുദ്ധവും, പലായനവും, ജീവിതത്തിലെ ഉയർച്ച താഴ്ചകളും അനിൽ ദേവസിയെന്ന എഴുത്തുകാരൻ അച്ചടക്കമുള്ള ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുകയാണ് യാ ഇലാഹി ടൈംസിലൂടെ.ഭാവിയിൽ അനിൽ ദേവസി എന്ന പേര് മലയാളസാഹിത്യത്തിൽ ഒരു മുതൽക്കൂട്ട് ആവുമെന്ന് ഉറപ്പിച്ചു പറയുന്നു.
സിറിയയെക്കുറിച്ച് പറയുമ്പോൾ തന്നെ വേദനിപ്പിക്കുന്ന കുറച്ചു ചിത്രങ്ങൾ ആണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.അയൽനാടുകളിൽ അഭയാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു വാതിലുകൾ കൊട്ടിയടക്കുന്ന പ്രവണതയും, ഭരണകൂട,മതതീവ്രവാദ ഭീകരതകളും ന്യൂസ് പേപ്പറുകളിൽ വായിച്ച ഓർമ്മകൾ നോവൽ വായനയിൽ ഉടനീളം വായനക്കാരെ വേട്ടയാടും.ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്കുള്ള ഓട്ടം, സ്വന്തം നാട്ടിൽ അന്യരായ അവസ്ഥ തുടങ്ങിയ ഭീകരമായ അവസ്ഥകളിലൂടെ നോവൽ കടന്നു പോവുന്നു.
സമകാലിക ഇന്ത്യയുടെ സ്ഥിതിയും മേല്പറഞ്ഞ രാജ്യങ്ങളിലേതിൽ നിന്നും കാര്യമായ വ്യതാസമില്ലന്നു അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും ഈ നോവൽ എന്നെ ഓർമ്മപ്പെടുത്തി.
കഥാപാത്രങ്ങളുടെ രൂപവൽക്കരണം ആണ് യാ ഇലാഹി ടൈംസിൽ ആകർഷകമായ മറ്റൊരു ഘടകം.
ആതുരതരംഗ, അൽത്തേബ്, മാർഗരറ്റ് മാലാഖ, ബാബാ, മാമാ, ഡോക്ടർ ദമ്പതികൾ തുടങ്ങിയ ഓരോ കഥാപാത്രങ്ങളും മനസ്സിൽ തൊടുന്ന വിധം മികച്ചതായി അനുഭവപ്പെട്ടിരുന്നു.ചിലപ്പോഴൊക്കെ കഥാപാത്രങ്ങളുടെ അവസ്ഥ നെഞ്ചിൽ കൊളുത്തി വലിക്കുന്നവയും ആയി അനുഭവപ്പെട്ടിരുന്നു.ജീവിതത്തിന്റെ ഓരോ വശങ്ങളും നോവലിസ്റ്റ് ഇതിൽ പകർത്തിയത് വായിച്ചപ്പോൾ ചിലപ്പോഴൊക്കെ പ്രവാസജീവിതം നയിക്കുന്ന സഹോദരന്മാരെ ഓർമ്മ വന്നിരുന്നു. തുടക്കത്തിൽ അല്പം വിരസത തോന്നിയെങ്കിലും ഓരോ പേജുകളും മറിക്കുമ്പോൾ അവതരണശൈലിയും, ഭാഷയുടെ കയ്യൊതുക്കവും നിമിത്തം വായന കൂടതൽ ആസ്വാദ്യകരമായി മാറിയതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.പുസ്തകമിറങ്ങി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ യാ ഇലാഹി ടൈംസ് വായിക്കാത്ത ഓരോ വായനക്കാരോടും എനിക്ക് പറയാനുള്ളത് നിങ്ങൾ തീർച്ചയായും ഈ നോവൽ വായിക്കുക എന്നാണ്. രണ്ടായിരത്തി ഇരുപത്തിഒന്നിലെ എന്റെ ആദ്യ വായന തന്നെ മികച്ച അനുഭവമായി മാറ്റിയ യാ ഇലാഹി ടൈംസിനും രചിയിതാവ് അനിൽ ദേവസി ചേട്ടനും നിറഞ്ഞ സ്നേഹം.
യാ ഇലാഹി ടൈംസ്
Author : Anil Devasi
Publisher : Dc Books
Price : 190/-
© Geo George