
“ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ടു മലയാളത്തിൽ എഴുതപ്പെട്ട ആദ്യ നോവൽ “
ലെയ്ക്ക എന്ന നോവലിന്റെ പ്രസാധകകുറിപ്പിൽ (Blurb) ചെറിയ അക്ഷരങ്ങളിൽ എഴുതപ്പെട്ട വാചകങ്ങളാണിത്.എഴുത്തുകാരന്റെ ബാക്ക്ഗ്രൗണ്ടിനെക്കുറിച്ച് മുൻധാരണ ഉണ്ടായിരുന്നത് കൊണ്ടും ലെയ്ക്ക എന്ന പരിചിതമായ നാമവും കണ്ടപ്പോൾ തന്നെ
എന്തു കൊണ്ട് ഇങ്ങനെയൊരു അവകാശവാദമുന്നയിക്കുന്നു എന്ന സംശയം അസ്ഥാനത്തായിരുന്നു.
ഒരു എയർപോർട്ടിൽ വെച്ച് ലേഖകനും കുടുംബവും പരിചയപ്പെടുന്ന ഡെനിസോവിച്ച് എന്ന റഷ്യക്കാരനിൽ നിന്നും ഭാര്യയിൽ നിന്നുമാണ് എല്ലാത്തിന്റെയും ആരംഭം.ഒരു ഓർമ്മക്കുറിപ്പ് പോലെ മനോഹരമായി ആ കൂടിക്കാഴ്ചയെ ലേഖകൻ വിവരിച്ചു വെച്ചിരിക്കുന്നു.ശേഷം ഡെനിസോവിച്ച് ലേഖകന് അയക്കുന്ന കത്തുകളിൽ നിന്നാണ് നോവലിന്റെ യഥാർത്ഥ ഇതിവൃത്തത്തിലേക്കുള്ള പരിണാമം.
ശാസ്ത്രക്ലാസുകളിലും, പുസ്തകങ്ങളിലും, ബഹിരാകാശത്തെ കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഒരു പേരാണ് ലെയ്ക്ക.ഭൂമിയിൽ നിന്നും ബഹിരാകാശത്തെത്തുന്ന ആദ്യജീവിയായി ചരിത്രത്തിൽ ഇടം പിടിച്ച ലെയ്ക്കയെ എങ്ങനെ മറക്കാനാണ്. മോസ്കോയുടെ തെരുവുകളിൽ അലഞ്ഞു തിരഞ്ഞു നടന്ന ആയിരക്കണക്കിന് തെരുവ് നായകൾക്കിടയിൽ നിന്നും സോവിയറ്റ് യൂണിയന്റെ ചരിത്ര ദൗത്യം നിറവേറ്റാനുള്ള നിയോഗവുമായി ലെയ്ക്ക തിരഞ്ഞെടുക്കപ്പെട്ട കഥ ഒരു ഒരു ശരാശരി വിദ്യാർത്ഥിക്ക് വരെ പരിചിതമാവും. എന്നാൽ സ്പുട്നിക് 2 ൽ ലെയ്ക്ക പറന്നുയരുമ്പോൾ അതിനു പിന്നിൽ അറിയപ്പെടാത്ത ചില യഥാർഥ്യങ്ങളുണ്ട്. ആ യഥാർഥ്യങ്ങളെ ഫിക്ഷന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ.നോവൽ എന്നതിനേക്കാൾ വൈജ്ഞാനിക ഫിക്ഷൻ എന്ന് പറയുന്നതാവും നല്ലത്.
ലെയ്ക്ക അവൾ പലർക്കും പരീക്ഷണ വസ്തുവായ ഒരു തെരുവ് നായ മാത്രമായിരിക്കാം. പക്ഷെ ഡെനിസോവിച്ചിനും, മകൾ പ്രിയങ്കക്കും, ലേഖകനും, ബുക്ക് വായിക്കുന്ന വായനക്കാർക്കും അവൾ എന്തൊക്കെയോ,ആരെല്ലാമോ ആയിരുന്നുവെന്നു വായന പൂർത്തിയാവുമ്പോൾ എനിക്ക് തോന്നിയിരുന്നു.സാഹിത്യത്തിന്റെ തൊങ്ങലുകൾ ചാർത്തിയിട്ടുണ്ടെങ്കിലും ലളിതമായ ഭാഷയിലാണ് ലെയ്ക്കയുടെ രചന.
എഴുത്തുകാരൻ വിക്രം സാരാഭായി സ്പേസ്സെന്ററിൽ എഞ്ചീനിയർ ആയതിനാൽ വിശ്വസനിയമായ കാര്യങ്ങൾ ഒരുപാട് പങ്കു വെക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ വികാരങ്ങളിലൂടെ കടന്നു പോവുമ്പോൾ ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾക്ക് വായനക്കാർ സാക്ഷികളാവും.
മനസ്സിൽ നന്മയുള്ളവർക്ക് അല്പം വിഷമത്തോടെയല്ലാതെ ഈ കുഞ്ഞു നോവലിന്റെ വായന പൂർത്തികരിക്കാനാവില്ല.അത്രയേറെ നീറ്റലായി ലെയ്ക്ക എന്ന നായയും, വായനക്കാരിൽ ഇടപിടിച്ചിരിക്കും.
ലെയ്ക്ക
Author : വി. ജെ ജെയിംസ്
Publisher : ഡിസി ബുക്സ്
Price : 80/-
© Geo George