ഹൈഡ്രേഞ്ചിയ

“സ്വന്തം സുഖത്തിനും ഹരത്തിനും വേണ്ടി മറ്റൊരാളെ കൊല്ലുന്നത് മനുഷ്യൻ മാത്രമാണ്. വന്യമൃഗങ്ങൾ പോലും വിശപ്പടക്കാൻ വേണ്ടി മാത്രമാണ് കൊല്ലുന്നത്. മനുഷ്യനോ..? അവന് ശാരീരിക വിശപ്പല്ല പ്രധാനം, മാനസിക വിശപ്പാണ്. “

കോഫിഹൗസ് മർഡർ കേസിനു പിന്നാലെയുള്ള സാഹസികതകൾക്ക് ശേഷം ഒരിടവേളക്ക് ശേഷം എസ്തർ ഇമ്മാനുവേലും, അപർണയും വീണ്ടും എത്തുകയാണ് ഹൈഡ്രേഞ്ചിയ എന്ന നോവലിലൂടെ.ആദ്യ ഭാഗത്തെക്കാൾ മികച്ചു നിൽക്കുന്ന രണ്ടാം ഭാഗം ഒരുക്കാൻ കഴിഞ്ഞതിൽ ലാജോയിലെ എഴുത്തുകാരന് അഭിമാനിക്കാം. അടുത്ത കാലത്ത് മലയാളത്തിൽ വായിച്ച മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ/സൈക്കോളജിക്കൽ ത്രില്ലർ നോവലുകളിൽ ഉൾപെടുത്താവുന്ന നോവലാണ് ഹൈഡ്രേഞ്ചിയയും, ലാജോയുടെ തന്നെ റൂത്തിന്റെ ലോകവും.

കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക മെയിലിലേക്ക് ആരോ കുറച്ചു വീഡിയോ ക്ലിപ്പുകൾ അയക്കുന്നു . അതിനു ശേഷം നഗരത്തിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. പതിവ് കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി കൊല നടന്ന മുറി അലങ്കരിച്ചതായും അതിൽ കത്തിത്തീർന്ന മെഴുകുതിരികളും,പിങ്ക് നിറമുള്ള ഹൈഡ്രേഞ്ചിയപ്പൂക്കളും കാണപ്പെട്ടിരുന്നു. ആ കൊലപാതകങ്ങൾക്ക് കാരണക്കാരനായ അജ്ഞാതനായ കൊലയാളിയെത്തേടിയിറങ്ങുന്ന എസ്തർ ഇമ്മാനുവേലിന്റെയും സംഘത്തിന്റെയും കഥയാണ് നോവലിന്റെ ഇതിവൃത്തം.

കോഫിഹൗസിൽ നിന്നും അതിന്റെ തുടർച്ചയായ ഹൈഡ്രേഞ്ചിയായിൽ എത്തുമ്പോൾ അപരിചിതരായ കുറച്ചു കഥാപാത്രങ്ങളെ കൂടി വായനക്കാർക്ക് പരിചയപ്പെടാൻ കഴിയും. മോഹൻലാലിന്റെ മൂന്നാം മുറ എന്ന ചിത്രം കണ്ടവർക്ക് അതിലെ അലി ഇമ്രാൻ എന്ന പോലീസ് ഓഫീസറെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.ഹൈഡ്രേഞ്ചിയായിൽ അലി ഇമ്രാൻ പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ് എത്തുന്നത്.
കോഫിഹൗസിൽ ബെഞ്ചമിൻ എന്ന കഥാപാത്രത്തിലൂടെയും എസ്തർ ഇമ്മാനുവേലിലൂടെയും ഇമോഷണലായി കഥപറഞ്ഞ എഴുത്തുകാരൻ ഹൈഡ്രേഞ്ചിയായിൽ എത്തുമ്പോൾ വന്നു പോവുന്ന എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിനു സ്ക്രീൻടൈം നൽകിയത് അഭിനന്ദനാർഹമാണ്.നായികാപ്രാധാന്യം ഉള്ള നോവൽ ആയതിനാൽ എസ്തറിനു തന്നെയാണ് മുൻഗണന നൽകിയിരിക്കുന്നത്. കുറ്റവാളിയെ ഞാൻ എന്ന വിശേഷണത്തിലൂടെ ഇടയ്ക്കിടെ പരാമർശിച്ചിട്ടു പോലും അതാരാണെന്ന യാതൊരു സൂചനയും നൽകാതെ വളരെ ത്രില്ലിങ്ങായിട്ടാണ് നോവൽ ഒരുക്കിയിരിക്കുന്നത്.അവസാന നിമിഷം വരെയും ഒളിപ്പിച്ചു വെച്ചിരിക്കുന്ന ട്വിസ്റ്റ്‌ അതിഗംഭീരം.എസ്തർ ഇമ്മാനുവേലിനെ ഒരു ട്രിയോളജി ആക്കാനുള്ള ചാൻസ് ഇപ്പോഴും ഇതിലുണ്ട് എന്ന കാര്യം കൂടി എഴുത്തുകാരനെ ഓർമിപ്പിക്കുന്നു.

ഹൈഡ്രേഞ്ചിയായിൽ ഞെട്ടിച്ച മറ്റൊരു സംഗതി
നോവലിൽ ലാജോ ഉപയോഗിച്ച ഭാഷയാണ് .ആദ്യനോവലിലെ പോരായ്മകളെ തിരിച്ചറിഞ്ഞു രണ്ടാംനോവലിൽ വാചകങ്ങൾ അടക്കവും ഒതുക്കവും നൽകി പക്വതയോടെ ചിട്ടപ്പെടുത്താൻ എഴുത്തുകാരന് കഴിഞ്ഞു. വളരെ ലളിതമായ വർണ്ണനകൾ നൽകി വായനസുഖം നൽകിയതും മികച്ചതായി തോന്നി.ത്രില്ലർ പ്രേമികളുടെ പൾസ് അറിഞ്ഞുള്ള ഈ അവതരണശൈലിക്ക് മുഴുവൻ മാർക്കും നൽകാം.

ഇരുന്നൂറ്റി അറുപതോളം പേജുകൾ ഉണ്ടായിട്ടും ഒരു ശരാശരി വായനക്കാരന് ഒറ്റയിരുപ്പിൽ ഹൈഡ്രേഞ്ചിയ വായന പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ നോവലിന്റെ വിജയവും, എഴുത്തുകാരനുള്ള ബഹുമതിയും. ലാജോ ജോസിന്റെ നാലു നോവലുകളും വായിച്ചതിന്റെ അനുഭവത്തിൽ ഒരു രഹസ്യം പറയാം. ഇടക്കെവിടെയും കഥയുടെ രസച്ചരട് പൊട്ടാതെ വായനക്കാരനെ ആകാംഷയോടെ വായിപ്പിക്കുന്ന ലാജോയുടെ കഥപറച്ചിൽ ഏറെ മനോഹരമായി അനുഭവപ്പെട്ടത് ഹൈഡ്രേഞ്ചിയായിലും റൂത്തിന്റെ ലോകത്തിലുമാണ്.മികച്ച രണ്ടു ത്രില്ലർ സിനിമകൾക്കുള്ള സ്കോപ്പ് ഇട്ടിരിക്കുന്ന ഈ നോവലുകൾ ഇന്നല്ലെങ്കിൽ നാളെ സ്‌ക്രീനിൽ കാണാനാവും എന്ന് കരുതുന്നു.

ഹൈഡ്രേഞ്ചിയ
Author : Lajo Jose
Publisher : Mathrubhumi Books
Genre : Crime Thriller
Price : 300/-


© Geo George
16/01/2021

One thought on “ഹൈഡ്രേഞ്ചിയ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s