
ഓർമ്മ ശെരിയാണെങ്കിൽ അപ്പന്റെ കയ്യിൽ തൂങ്ങി എറണാകുളത്തേക്കുള്ള യാത്രകളാണ് ആനവണ്ടിയിലേക്ക് എന്നെയടുപ്പിച്ചത്.ഏതാണ്ട് പതിനെട്ടു-പത്തൊൻപത് വർഷങ്ങൾ മുൻപ് ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള യാത്രകൾ ഒരു വിനോദയാത്ര പോലെയാണ്. മുൻവശം വളഞ്ഞു ചൊവന്ന നിറമുള്ള ആനവണ്ടിയോടുള്ള ഭ്രമം അന്ന് മുതലേ മനസ്സിൽ കേറിക്കൂടി.വർഷങ്ങൾ കടന്നു പോയപ്പോൾ വളഞ്ഞ മുഖമുള്ള ആനവണ്ടികൾ കാണാതായി. ലോ ഫ്ലോറുകൾ ഉൾപ്പടെ നിരത്തു കയ്യടക്കിയപ്പോഴും ദീർഘദൂര യാത്രകൾക്ക് ഇന്നും ആനവണ്ടിയിൽ കേറിയിരിക്കും.കാലവും കോലവും മാറിയെങ്കിലും സൈഡ് സീറ്റ് പിടിക്കാനുള്ള ആക്രാന്തത്തിനു മാത്രം ഇന്നുമൊരു മാറ്റവുമില്ല.ഇത്രയും കാലത്തെ K.S.R.T.C യാത്രകൾക്കിടയിൽ ഒരിക്കൽപോലും ജീവനക്കാരിൽ നിന്നും മോശമായ ഒരനുഭവും ഉണ്ടായിട്ടുമില്ല.രസകരമായ ചില സംഭവങ്ങൾക്ക് സാക്ഷിയായിട്ടുമുണ്ട്.
ചുറ്റിലും കാടിന്റെ പച്ചപ്പ്. അതിനു നടുവിലൂടെ ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന ചുവന്ന ബസ്സ്. “ഡബിൾ ബെൽ ” എന്ന പുസ്തകത്തിന്റെ കവർ കാണുമ്പോൾ തന്നെ നൊസ്റ്റാൾജിയ പൊട്ടിമുളക്കാൻ ഇതിൽ കൂടതൽ എന്ത് വേണം.ചുമച്ചും തുപ്പിയും ആടിക്കുലുങ്ങി നീങ്ങുന്ന ചുവന്ന ബസ്സിന്റെ വിൻഡോ സീറ്റിൽ ഇരിപ്പുറപ്പിച്ചു പുറം കാഴ്ചകൾ ആസ്വദിക്കുന്ന ഒരു യാത്രികന്റെ കൗതുകമാണ് ഹാരിസ് നെന്മേനിയുടെ “ഡബിൾ ബെൽ ” എന്ന അനുഭവകുറിപ്പുകൾ മറിക്കുമ്പോൾ ഉണ്ടാവുന്നത്.
എഴുത്തുകാരനെക്കുറിച്ചോ പുസ്തകത്തെകുറിച്ചോ മുൻവിധികൾ ഇല്ലാതെ കയ്യിലെടുത്തു ഒരു മണിക്കൂർ തികയും മുൻപേ വായിച്ചു തീർന്നു എന്ന സങ്കടം ബാക്കിയാക്കി പുസ്തകം അടച്ചു വെച്ച് ആനവണ്ടിയോർമ്മകൾ അയവിറക്കി ഇരിക്കുമ്പോൾ ആദ്യം ഓർമ്മ വന്നതാണു ആദ്യം പാരഗ്രാഫിൽ സൂചിപ്പിച്ച കാര്യങ്ങൾ.
“എന്താണ് ഡബിൾ ബെൽ…? “
കറുകറുത്ത റോഡിൽ തലയെടുപ്പോടെ കുതിച്ചു വരുന്ന ആനവണ്ടി. അതിൽ കഴുത്തിൽ ടിക്കറ്റ് മെഷീനും തൂക്കി കക്ഷത്തിൽ ഒരു ബാഗും പിടിച്ചു നിൽക്കുന്ന യൂണിഫോമിട്ട കണ്ടക്ടർ. അയാൾ ചിരിക്കുന്നതു കണ്ടിട്ടില്ല.അതിനു പിന്നിലെ കാരണം അന്വേഷിക്കാൻ വേറെവിടെയും പോവേണ്ടി വരില്ല. ഉത്തരം ഈ ബുക്കിലുണ്ട്.വളരെ കുറഞ്ഞ കാലയളവിൽ K.S.R.T.C യിൽ കണ്ടക്ടർ ആയിരുന്ന ഹാരിസ് നെന്മേനിയുടെ വാക്കുകളിൽ ആനവണ്ടിയിൽ യാത്ര ചെയുന്ന കൗതുകത്തോടെ ആസ്വദിച്ചു വായിച്ചിരുന്നു പോവും ഡബിൾ ബെല്ലിന്റെ പേജുകൾ.തന്റെ അനുഭവങ്ങളും, സർവീസ് കാലത്ത് സംഭവിച്ച കാര്യങ്ങളും വിഷയ തീവ്രത ചോരാതെ നമ്മളിലേക്ക് എത്തുന്നു.ചിന്തിപ്പിക്കാനും, ചിരിപ്പിക്കാനും, പഠിക്കാനും, പഠിപ്പിക്കാനും ഒരുപാടുണ്ട്.എഴുതിയാലും എഴുതിയാലും അവസാനിക്കാത്ത പലതുമുണ്ട് ഡബിൾ ബെൽ എന്ന അനുഭവകുറിപ്പിൽ. വായനയെ ബാധിക്കുമെന്നതിനാൽ അവ വിശദമായി പറയുവാൻ മനസ്സനുവദിക്കില്ല.
സാഹിത്യപരമായി ഡബിൾബെല്ലിൽ ഒന്നുമില്ല. ഭാഷയോ, ദേശമോ ഒന്നും തന്നെ വായനയെ ബാധിക്കുകയില്ല. കാസർഗോഡ്,വയനാട്,എറണാകുളം തുടങ്ങിയ കേരളത്തിലെ മിക്ക ജില്ലകളിലൂടെയും കടന്നു പോവുന്ന യാത്ര വേറിട്ട ഒരു വായന അനുഭവമാണ് സമ്മാനിക്കുന്നത്.ആനവണ്ടിയിൽ നൊസ്റ്റാൾജിയ അയവിറക്കി ഇരിക്കുമ്പോൾ ഇറങ്ങാനുള്ള സ്റ്റോപ്പെത്തുന്നത് എന്ത് കഷ്ടമാണ് എന്ന് പറയുന്നത് പോലെയാണ് ഈ അനുഭവകുറിപ്പുകൾ വായിച്ചു തീരുമ്പോൾ അനുഭവപ്പെടുക.
ഡബിൾ ബെൽ
Author : ഹാരിസ് നെന്മേനി
Publisher : ഗ്രീൻ ബുക്സ്
Genre : അനുഭവക്കുറിപ്പ്
Price : 120/-