തറവാട്

എൺപത്തിഒന്നു ദിവസങ്ങൾക്ക് ശേഷം ഞാൻ മടങ്ങിയെത്തി. മരുന്ന് മണക്കുന്ന ഇടനാഴികളിൽ നിന്നും. തറവാടിന്റെ പടി ചവിട്ടുമ്പോൾ തൊടിയിലെ ഉണങ്ങി ചിതലരിച്ച മരക്കുറ്റികൾ എന്നെ നോക്കി പല്ലിളിച്ചു.അമ്മിണിപ്പശുവിന്റെ തൊഴുത്ത് ഒഴിഞ്ഞു കിടക്കുന്നു. അതിനുള്ളിൽ മുളച്ചു പൊന്തിയ ചിപ്പി കൂണുകൾക്ക് മുകളിലും താഴെയുമായി ചുവന്നതും കറുത്തതുമായ അട്ടകൾ.പരൽമീനുകൾ നീന്തിയ മീൻകുളത്തിൽ നീർക്കോലിക്കൂട്ടം നീന്തുന്നു.അവരൊക്കെയെന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ വീണ്ടും വാശിയോടെ നീന്തിമറിഞ്ഞു.

തുളസിയുടെ അസ്ഥിത്തറക്ക് മുന്നിലെത്തിയപ്പോൾ ഞാനൊരു നിമിഷം നിന്നു.അതാകെ കരിയിലകൾ വീണു കിടക്കുന്നു.എണ്ണയില്ലാതെ തിരി കെട്ടിരിക്കുന്നു.ഗോവിന്ദനെ വിളിക്കണം.അവനെവിടെപ്പോയോ..? ഉറക്കെ വിളിച്ചു നോക്കി മറുപടിയില്ല.
എന്റെ കറക്കം അവസാനിച്ചു. ഉമ്മറത്തെ ചാരുകസേരയിലിരുന്നു ഞാൻ കണ്ണുകളടച്ചു.

മണിക്കൂറുകൾ കടന്നു പോയി.
മൂമൂന്നു ഒൻപതു മക്കളും എനിക്ക് ചുറ്റും കൂടി നിന്നു.വീതമെടുപ്പാണ്.തണ്ടുള്ളവർ മൂവരും ഭൂരിഭാഗവും കഷത്തിലാക്കി ഒരു ചിരി ചിരിച്ചു.എന്റെ വിരലുകൾ വിറച്ചു തൊണ്ട വരണ്ടു.കണ്ണുകൾ തുറിച്ചു.
“കിളവൻ ചത്തോ…? “
കൂടി നിന്നവരിൽ ആരോ ചോദിച്ചു.
പേരക്കുട്ടികളുടെ കളിചിരികൾ നിലച്ചു. എന്നെ പുതപ്പിച്ച വെള്ളത്തുണി കാറ്റിൽ പറന്നു പൊങ്ങി. തറവാടിന്റെ തെക്കേ തൊടിയിൽ എനിക്കൊരു ചിതയൊരുങ്ങി.

Geo George
24/02/2021

നക്ഷത്രങ്ങൾ

ഉറക്കം വരുന്നില്ല എന്ന് മനസ്സിലായപ്പോൾ റിയ വലിയ ഷാൾ എടുത്ത് കഴുത്തിൽ ചുറ്റി.അടുത്ത് കിടക്കുന്ന അഞ്ച് വയസ്സുകാരനെ ഉണർത്താതെ എഴുന്നേറ്റു റൂമിന് വെളിയിൽ ഇറങ്ങി പുറത്തേക്കുള്ള വാതിൽ ശബ്ദം കേൾപ്പിക്കാതെ തുറന്നു.കടൽത്തീരത്തോട് ചേർന്നുളള വീടായതിനാൽ തിരമാലകൾ ആഞ്ഞടിക്കുന്ന ശബ്ദവും തണുത്ത കാറ്റും ഉണ്ടായിരുന്നു.
വീശിയടിച്ച കാറ്റിൽ ശരീരം കുളിരു കോരുന്നുണ്ടായിരുന്നെങ്കിലും അത് കാരൃമാക്കാതെ അവൾ കടൽത്തീരത്ത് കൂടി നടന്ന് സ്ഥിരമായി ഇരിക്കുന്ന ഭാഗത്ത് ഇരുന്നു.

“നട്ടപ്പാതിരയ്ക്ക് ഉറക്കോം ഇല്ലേ പെണ്ണേ…?
നിനക്കെന്നാ പ്രാന്താണോ.. ഈ സമയത്ത് ഇവിടെ വന്നിരിക്കാൻ..?”

ചുമലിൽ ചെറുതായി അടിച്ചു കൊണ്ടുളള ആ ചോദൃം കേട്ട് റിയ ഞെട്ടി തിരിഞ്ഞു നോക്കി.
അരണ്ട നിലാവെളിച്ചത്തിൽ തന്നോട് ചേർന്ന് ഇടത് വശത്ത് നിൽക്കുന്ന അലക്സിനെ കണ്ടു.

“പേടിച്ചു പോയല്ലേ പ്രാന്തി..?”

“ഇല്ല.. എൻറ്റെ പട്ടി പേടിക്കും നിന്നെ.ഞാൻ എണീറ്റ് പോന്നത് നീയെങ്ങെനെ അറിഞ്ഞെടാ..?”
റിയ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“അതൊക്കെ ഒരു കെട്ടിയോന് മനസിലാവും… ഈ ഇരുട്ടത്ത് നട്ടപ്പാതിരയ്ക്ക് ഒറ്റക്ക് വന്നിരുന്നിട്ടും പെണ്ണിന്റെ കാന്താരിത്തരത്തിന് ഒരു കുറവും ഇല്ലാല്ലേ…?”
അലക്സ് ചിരിയടക്കി അവളെ കളിയാക്കി.

“നീ പോടാ… ”

അവൻറ്റെ കളിയാക്കൽ ഇഷ്ടപ്പെട്ടെങ്കിലും അത് പുറത്ത് കാണിക്കാതെ റിയ മുഖത്ത് ഗൗരവം വരുത്തി ഇരുന്നു.നിലാവെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങി.

“നിനക്ക് തണുക്കുന്നില്ലേ ഈ കടൽക്കാറ്റ് ഏറ്റ് ഈ നട്ടപ്പാതിരയ്ക്ക് ഇവിടിരിക്കുമ്പോൾ…?”
അവന്റെ ചോദൃം കേട്ട് മറുപടി പറയാതെ റിയ വെറുതെ ചിരിച്ചു..

“നീ മാനത്തേക്ക് നോക്കിക്കേ… നല്ല രസമല്ലേ ..ഇത്രയും നക്ഷത്രങ്ങളെ കാണാൻ….?”അവളുടെ ശബ്ദം അൽപം ഉയർന്നതും ആവേശത്തോട് കൂടിയും ആയിരുന്നു.

“അതേ…നല്ല രസമുണ്ട്.നിനക്ക് അല്ലങ്കിലും വട്ട് എന്ന് പറയുന്ന സാധനം ഉണ്ടല്ലോ… ”

അലക്സിന്റെ മറുപടി കേട്ട് അവൾ കൊഞ്ഞനം കുത്തി കാണിച്ചു.

“ഇനി ഇവിടിരിക്കണ്ടാ വീട്ടിൽ കേറി പോ…!”

“വേണ്ട…എനിക്കിവിടെ ഇരുന്നാ മതി…”

അവൾ മറുപടി പറഞ്ഞു.

“ആണോ എന്നാൽ നീയവടെ ഇരുന്നോ..ഞാൻ പോവാ…” അവന്റെ ശബ്ദം അവൾ കേട്ടു.

റൂമിനുളളിൽ നോക്കിയിട്ട് ചേച്ചിയെ കാണാതെ പുറത്തേക്ക് ഉള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ജോസൂട്ടി ഒന്നു ഞെട്ടി.പരിഭ്രാന്തിയോടെ അവൻ പുറത്തേക്ക് ഓടി.
കടൽപ്പുറത്ത് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കുന്ന രൂപത്തെ നിലാവെളിച്ചത്തിൽ കണ്ടപ്പോൾ അവന്റെ ശ്വാസം നേര വീണു.

മണൽത്തരികളിലൂടെ അൽപം വേഗത്തിൽ നടന്ന് ചേച്ചിയുടെ സമീപം എത്തിയ ജോസൂട്ടി പതിയെ ആ ചുമലിൽ കൈ വെച്ചു..

ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു..
“ചേച്ചി…”

അവൻ വിളിച്ചു.

“ഒന്നൂലാടാ ഞാൻ അലക്സിനെ കണ്ടു..മിണ്ടി..”

കണ്ണുകൾ തുടച്ചു കൊണ്ട് റിയ പറഞ്ഞു…

“ചേച്ചി ..അലക്സേട്ടൻ നമ്മളെ വിട്ട് പോയിട്ട് ഇന്ന് നാലു വർഷം ആയില്ലേ..ഇനിയെങ്കിലും ആ സതൃം ഉൾക്കൊളളണം.”

“ഞാൻ ശ്രമിച്ചു നോക്കുന്നതാണ് ജോസൂട്ടി.. കല്യാണം കഴിഞ്ഞ് വെറും രണ്ട് മാസം മാത്രം എനിക്കൊപ്പം ഉണ്ടായിരുന്നൂളൂ.. ലീവ് കഴിഞ്ഞ് തിരികെ പോവുമ്പോൾ ഉദരത്തിൽ തന്നിട്ട് പോയ സമ്മാനം…
ആ കുട്ടിയുടെ മുഖം പോലും കാണാൻ അലക്സിന് ഭാഗൃം ഉണ്ടായില്ലല്ലോന്ന് ഓർക്കുമ്പോൾ….”

“ചേച്ചി ഇനി അത് ചിന്തിക്കണ്ടാ…നമുക്ക് ഭാഗൃം ഇല്ലാതെ പോയി.പട്ടാളക്കാരുടെ ജീവിതം ഇങ്ങനെയൊക്കൊയാവും..
എങ്കിലും ഇപ്പോഴും ഒരു കുഞ്ഞ് ജീവനായി അലക്സേട്ടൻ നമ്മുടെ ഒപ്പമുണ്ട്. ചേച്ചി അവന് വേണ്ടി ജീവിക്കണം.
ചേച്ചി വാ ഇനി ഈ തണുപ്പത്ത് ഇരിക്കണ്ടാ.. വീട്ടിൽ കേറി പോവാം..”

കണ്ണുകൾ തുടച്ചു കൊണ്ട് റിയ എഴുന്നേൽക്കാൻ ആഞ്ഞപ്പോൾ ജോസൂട്ടി അവളെ സഹായിച്ചു.

അനിയനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു “പോവാം…”

ജോസൂട്ടിയുടെ ഒപ്പംവീടിന് നേരെ നടക്കുമ്പോൾ റിയ വെറുതേ തിരിഞ്ഞു നോക്കി…
പട്ടാള യൂണിഫോമിൽ തന്നെ നോക്കി ചിരിച്ചു കൊണ്ട് മഞ്ഞിലൂടെ നടന്നു പോവുന്ന അലക്സിന്റെ രൂപം അപ്പോൾ അവൾ കണ്ടു.

കഥ കേട്ട് കഴിഞ്ഞ് നിർമ്മാതാവ് ദേവൻ കണ്ണട ഊരി തുടച്ചു കൊണ്ട് മുൻപിലിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി ചോദിച്ചു ” യഥാർത്ഥത്തിൽ സംഭംവിച്ച കാരൃമാണല്ലേ..? ഏതായാലും എനിക്ക് ഇഷ്ടപ്പെട്ടു..”

“അതേ സാർ യഥാർത്ഥൃങ്ങളെ എഴുതിയതാണ്…”

ചെറുപ്പക്കാരൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കോണ്ട് പറഞ്ഞു

“ആകട്ടെ ഈ കഥയിൽ ഉളള ആളുകളെ ആരെയെങ്കിലും കാണാൻ കഴിയുമോ..?”
ദേവൻ ചോദിച്ചു .

“ഉണ്ട് സാർ…പുറത്തേക്ക് വരാമോ..?”

“ഈ രാത്രിയിലോ..?”

“അതേ സാർ ..”

ദേവൻ കണ്ണട നേരെ വെച്ച് കൊണ്ട് ചെറുപ്പക്കാരന്റെ പുറകെ നടന്നു..

വീടിന് പുറത്ത് ഒരു നിമിഷം നിന്ന ശേഷം ആ ചെറുപ്പക്കാരൻ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് കൈകൾ ചൂണ്ടി ഒരു ചെറു പുഞ്ചിരിയോടെ ദേവനോട് പറഞ്ഞു കഥയിൽ പറഞ്ഞ കുട്ടി ഒഴികെ ബാക്കി എല്ലാവരും നമ്മളെ നോക്കി ഇപ്പോൾ ചിരിക്കുന്നുണ്ട് സാർ….”

അതിർത്തിയിൽ രാജൃ സേവനത്തിനായി പോവുന്ന അനേകം പട്ടാളക്കാരുണ്ട്.സ്വന്തം കുടുംബത്തെ അവസാനമായി ഒരു നോക്കു കാണുവാനാകാതെ ശത്രു രാജ്യത്തിന്റെ വെടിയുണ്ടായാൽ ജീവൻ വെടിയുന്ന അവരുടെ ഓർമക്കൾക്ക് മുന്നിൽ ഈ സ്റ്റോറി സമർപ്പിക്കുന്നു.

ജിയോ ജോർജ്

ഗുൽമോഹർ

_________________________________________

വാക പൂക്കൾ കൊഴിഞ്ഞു വീണു കിടക്കുന്ന പാതയിലൂടെ നടക്കുമ്പോൾ മനസ്സിലെന്തോ തികട്ടി വരുന്നു. പന്തയത്തിൽ മത്സരിക്കുന്ന കുതിരയെപ്പോലെ, കാറ്റിൽ കെട്ടു പൊട്ടിയ പട്ടം പോലെ നിയന്ത്രിക്കാൻ കഴിയാതെ അതങ്ങനെ അപ്പുപ്പൻ താടിയെ പോലെ പാറി പറന്നു നീലാകാശത്തു മേയുകയാണ്. സൂര്യ രശ്മികൾ തണൽ മരത്തിന്റെ പച്ചിലകൾക്കിടയിലൂടെ കണ്ണിലടിച്ചപ്പോൾ എയ്ഞ്ചൽ കണ്ണുകൾ ഒന്നു ചിമ്മി തുറന്നു.
നീണ്ട ഇരുപത്തിയഞ്ചു വർഷം പുറകിലോട്ടുള്ള ഒരു കാല ചക്രത്തിലാണ് ആ കണ്ണുകൾ ചെന്നു നിന്നത്.

“ക്രിസ്റ്റി” അതായിരുന്നു അവന്റെ പേര്,
ഒരു കൊടി പോലും കൈ കൊണ്ടു തൊടാത്ത , വിപ്ലവത്തിനിറങ്ങാത്ത, ഒരു കല്ലെടുത്തെറിയാൻ പോലും മടിക്കുന്ന,പെൺകുട്ടികളോട് സംസാരിക്കാൻ മടിക്കുന്ന, അറ്റെൻഡൻസ് കുറഞ്ഞാൽ കൊച്ചു കുട്ടികളെ പോലെ അറ്റെൻഡൻസിനു വേണ്ടി ടീച്ചറിന്റെ പുറകെ കൊഞ്ചി കരഞ്ഞു വരുന്ന മെലിഞ്ഞുണങ്ങിയ വെളുത്ത ഒരു രൂപം.ഒരു സഖാവല്ലാഞ്ഞിട്ടും
‘സഖാവേ’ എന്നു ക്യാമ്പസിലെ നേതാക്കൾ നൽകിയ ചെല്ലപ്പേരും,കുമാരിമാർ നൽകിയ ‘ ലോലൻ’ എന്ന വിളിപ്പേരും.

ഒഴിവു സമയങ്ങളിൽ ക്യാമ്പസിലെ പുസ്തകശാലയിലെ കസേരയിലും അതുമല്ലെങ്കിൽ അതിനു മുൻപിലുള്ള നീളൻ വരാന്തയിലും കാണപ്പെടുന്ന ആ മെലിഞ്ഞ രൂപത്തെ താൻ എപ്പോഴൊക്കെയോ ശ്രദ്ധിച്ചു തുടങ്ങി.പ്രണയത്തിനും,സൗഹൃദത്തിനുമെല്ലാം അപ്പുറം ഒരു കൂടപ്പിറപ്പിന്റെ സ്ഥാനം അതായിരുന്നു അവന്റെ മനസ്സിൽ എന്നുമുണ്ടായിരുന്നത്.

ഒരിക്കൽ പുസ്തകശാലയുടെ നീണ്ട ഇടനാഴികളിലൂടെ നടക്കുമ്പോൾ ക്രിസ്റ്റി ചോദിച്ചു

” നീ വാക പൂക്കളെ കണ്ടിട്ടുണ്ടോ എയഞ്ചൽ..?”

“ഇല്ല…”
അവൾ മറുപടി പറഞ്ഞു.

സത്യത്തിൽ അതെന്താണെന്നു പോലും താൻ കണ്ടിട്ടുണ്ടായിരുന്നില്ല.അല്ലെങ്കിലും അമേരിക്കയിൽ ജനിച്ചു വളർന്ന താൻ ജീവിതം ആസ്വദിച്ചു തുടങ്ങിയത് തന്നെ കേരളത്തിലെ ഈ കോളേജിൽ എത്തിയപ്പോഴാണല്ലോ എന്നവൾ ഓർത്തു. ഒന്നുമറിയാത്ത ഒരു കുട്ടിയുടെ കൗതുകത്തോടെ അന്ന് അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി തന്നെ ഒരു ഭ്രാന്തി
ആക്കിയിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു.

മറ്റൊരിക്കൽ ചൂടിന്റെ ആലസ്യത്തിൽ ക്യാമ്പസ്‌ വളപ്പിൽ തല കറങ്ങി വീണപ്പോൾ തന്നെ ഒരു ചാരു ബെഞ്ചിൽ പിടിച്ചിരുത്തി ചുണ്ടിൽ ഇറ്റിറ്റായി വെള്ളം ഒഴിച്ചു തന്നു ഷീണം മാറുവോളം തന്റെ അരികിൽ ഇരുന്ന നിമിഷങ്ങളിൽ നിലത്തു വീണു കിടക്കുന്ന പൂക്കളെ നോക്കി അതെന്തു പൂവാണെന്നു ചോദിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഉണ്ടായ ചിരി തന്റെ വികാരങ്ങളെ ഉണർത്തിയപ്പോൾ അതിനെ എതിർക്കുന്ന സൗഹൃദമെന്ന വാചകത്തിലൂടെ അവൻ തന്നെ ബുദ്ധിപൂർവം അകറ്റി നിർത്തി.

“പ്രണയിച്ചിട്ടുണ്ടോ…?”
ക്രിസ്റ്റിയുടെ കണ്ണുകളിൽ നോക്കി അന്നത് ചോദിച്ചു.

വ്യക്തമായ ഒരു മറുപടി പറയാതെ തന്നെ ആ ചാരുബെഞ്ചിൽ ഒറ്റക്കാക്കി അവൻ എണിറ്റു പോയത് ഉള്ളിലൊരു നീറ്റലായി മാറി. അതു കൊണ്ടാവാം അന്നു വൈകിട്ട് അതേ ചാരുബെഞ്ചിൽ നേരം വൈകുവോളം അവന്റെ വരവ് കാത്തു ഇരുന്നു
വേറെ ആരെയും ശ്രദ്ധിക്കാതെ താൻ കാത്തിരുന്നത് ക്രിസ്റ്റിക്കു വേണ്ടി മാത്രം.എന്നിട്ടും കാണാതെ അരിശം വന്നു ക്ലാസ്സ് റൂമിലേക്കും അവിടെ അവനെ കാണാതെ പുസ്തകശാലയിലേക്ക് നടക്കുമ്പോൾ കയ്യിൽ ഒരു കെട്ടു പുസ്തകങ്ങളുമായി നടന്നു വരുന്ന ആ രൂപത്തെ കണ്ടപ്പോൾ ഉള്ളിലെ ദേഷ്യമെല്ലാം അലിഞ്ഞു ആവിയായി മാറിപ്പോയി.
ആ കൈകളിലിരുന്ന പുസ്തകങ്ങൾ ഒക്കെയും തന്റെ കയ്യിലേക്ക് ബലമായി പിടിപ്പിച്ചു തന്നു മൗനമായി യാത്ര പറഞ്ഞു നടന്നു നീങ്ങി പോയത് താൻ പോലും അറിഞ്ഞില്ല.

ഹോസ്റ്റലിലെ നാല് ചുവരിനുള്ളിൽ പഴയ കര കര ശബ്ദം ഉണ്ടാക്കുന്ന ഇരുമ്പ് കട്ടിലിൽ അർദ്ധ രാത്രിയിൽ ഉറക്കമൊഴിഞ്ഞു ആ പുസ്തകങ്ങളോരോന്നു വായിച്ചു തീർക്കുമ്പോൾ അറിയുകയായിരുന്നു ഗുൽമോഹർ എന്താണെന്നു. അതൊന്നു കാണുവാൻ ഒന്നു കയ്യിലെടുക്കാൻ,അനുഭവിച്ചറിയാൻ ഒരുപാട് ആഗ്രഹിച്ചു.

ഉള്ളിലെ ആഗ്രഹം അറിഞ്ഞിട്ടാവണം ഒരിക്കൽ ഉച്ച സൂര്യന്റെ ചൂടിനിടയിൽ തന്നെയും കൊണ്ടു ക്യാമ്പസിനു മുന്നിലുള്ള നിറയെ ചുവന്ന പൂക്കൾ നിറഞ്ഞ ഒരു തണൽ മരത്തിനു ചുവട്ടിൽ അവൻ പോയിരുന്നത്. വെറും നിലത്തു തന്നെ ഇരുത്തി നിലത്തു വീണു കിടന്ന ഒരു പൂവ് കയ്യിലെടുത്തു അവൻ പറഞ്ഞതിപ്പോഴും കാതുകളിൽ മുഴങ്ങുന്നു.

“ചോരചുവപ്പാർന്ന ഓറഞ്ചു നിറം കലർന്ന അഞ്ചു ദളങ്ങളാണിതിന്..നെഞ്ചോടു ചേർത്ത് പിടിച്ചോളുക.. ”

അന്നാദ്യമായി വാകപൂവ് കൈകളിലെടുത്തു വാക മരത്തിന്റെ തണലിലിരുന്നു അതിന്റെ ഭംഗി ആവോളം ആസ്വദിച്ചു.
ഒരിക്കൽ അതെന്തു പൂവാണെന്നു ചോദിച്ച കാര്യം ഓർത്തപ്പോൾ ഉള്ളിലൊരു നാണം കലർന്ന പുഞ്ചിരി അറിയാതെയാണെങ്കിലും മുള പൊട്ടി.
അന്നാദ്യമായി ക്രിസ്റ്റി തന്റെ പല്ലുകൾ പുറത്തു കാട്ടി വെളുക്കെ ചിരിച്ചു. താൻ കാരണം മറ്റൊരാൾ ഒരുപാട് സന്തോഷിക്കുന്നത് കാണുമ്പോൾ ഉണ്ടാവുന്ന ആഹ്ലാദമാണവനിൽ കണ്ടത്.

അവസാന വർഷ യൂണിയൻ തിരഞ്ഞെടുപ്പിൽ പച്ചിലകളിൽ രക്തം വീഴ്ത്തിയ സഖാക്കളുടെ വീറും വാശിയും നിറഞ്ഞ പോരാട്ടം കാണുവാനുള്ള ഭാഗ്യവും തന്നിൽ വന്നു ചേർന്നു. ചുവന്ന ചൂടുചോര തെറിച്ച പച്ചിലകളെ ഭയം നിറഞ്ഞ കണ്ണുകളെ നോക്കിയപ്പോഴും തനിക്കു പിന്നിൽ നിന്നു ഭയം മാറ്റിയതവനായിരുന്നു. സഖാവല്ലാഞ്ഞിട്ടും കൊടി കുത്തിയ കോളേജ് രാഷ്ട്രിയത്തിന്റെ മുഖം അല്ലാതിരുന്നിട്ടും ക്രിസ്റ്റി എല്ലാവർക്കുമൊരു സഖാവായിരുന്നു, ആങ്ങളയായിരുന്നു, അധ്യാപകനായിരുന്നു, തനിക്കതൊരു പാഠപുസ്തകവും ജീവിതവുമായിരുന്നു.

കോളേജിലെ അവസാന ദിനങ്ങളിൽ നിറയെ പൂക്കൾ വിരിഞ്ഞ തണലിലൂടെ നടക്കുമ്പോൾ ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ എല്ലാം ആ കണ്ണുകളിലെ അസാധാരണമായി പ്രതിഫലിച്ച തീഷ്ണമായ നോട്ടം ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ട്. കൊഴിഞ്ഞു വീഴുന്ന ഇലകൾക്കിടയിലൂടെ വാടിയ പൂവ് പോലെ കണ്ണു തുടച്ചു ഒരക്ഷരം പറയാതെ നടന്നു നീങ്ങുന്ന ക്രിസ്റ്റി
ക്യാമ്പസിലെയും ജീവിതത്തിലെയും അവസാനത്തെ കാഴ്ച അതായിരുന്നു. പിന്നീടൊരിക്കലും കണ്ടു മുട്ടാൻ ഒരു സാഹചര്യവും ഉണ്ടായില്ല.പക്ഷെ ക്രിസ്റ്റി താനറിയാതെ തന്റെ പുറകെ ഒരു ആത്മാവിനെപ്പോലെ ഒഴുകി വരുന്നുണ്ടായിരുന്നുവെന്ന് താനൊരിക്കലും അറിഞ്ഞിരുന്നില്ല. ഒരു കൂടപ്പിറപ്പിന്റെ കരുതലായിരിക്കാം അതെന്നു ഇപ്പോഴും വിശ്വസിക്കുന്നു.

കയ്യിലിരുന്ന പഴകിയ പത്രത്താളിലെ വാർത്തകളിൽ അവളുടെ കണ്ണുകൾ അറിയാതെ പതിഞ്ഞു,
പെട്ടന്നാരോ ചുമലിൽ കൈ വച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി.
അഖിൽ..അവന്റെ കൈകളിൽ തൂങ്ങി ഒരു മൂന്നു വയസ്സുകാരൻ, അതേ തന്റെ ജീവിതം.

“സൂര്യൻ അസ്തമിക്കുകയാണ്… ”

അഖിൽ അവളെ നോക്കി പറഞ്ഞു.

ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു എയഞ്ചൽ അവന്റെ മുഖത്തേക്ക് നോക്കി.
അസ്തമയ സൂര്യന്റെ ചുവന്ന രശ്മികൾ അഖിലിന്റെ മുഖത്തു പതിക്കുന്നത് അവൾ ശ്രദ്ധിച്ചു.
ഒരു നിമിഷത്തെ മൗനത്തിനു ശേക്ഷം എയഞ്ചൽ പറഞ്ഞു

” പോവാം.. ”

പച്ചിലകളും വാക പൂക്കളും വീണു കിടക്കുന്ന വഴികളിലൂടെ അൽപ്പം അകെലയായി പാർക്ക് ചെയ്തിരുന്ന കാറിനു നേരെ നടക്കുമ്പോൾ എയഞ്ചൽ താൻ ഇരുന്ന ഇരിപ്പിടത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. അവിടെ ചുവന്ന ഷർട്ടും നീല ജീൻസും ധരിച്ച ഒരു മെലിഞ്ഞ രൂപം തന്നെ നോക്കി ഇരിക്കുന്നത് അവൾ കണ്ടു.അപ്പോൾ വീശിയടിച്ച കാറ്റിൽ കൊഴിഞ്ഞു വീഴുന്ന വാക പൂക്കളും പച്ചിലകളും ആ രൂപത്തെ മായ്ച്ചു കളഞ്ഞു.

കാറിൽ കേറും മുൻപ് കയ്യിലിരുന്ന പഴയ ന്യൂസ്‌ പേപ്പർ നടന്നു വന്ന പാതയിലേക്ക് അഖിലും മുത്തുമണിയും കാണാതെ
എറിയുമ്പോൾ
അവളുടെ ഉള്ളിലിരുന്നാരോ അപ്പോൾ മന്ത്രിച്ചു
“ക്രിസ്റ്റി ജീവിക്കുവാടാ നിന്നിലൂടെ ഈ ലോകത്തിന്റെ മറ്റൊരു കോണിലിരുന്നു ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളെയും വാകപ്പൂക്കളെയും നെഞ്ചോടു ചേർത്ത്.”

നിലത്തു വീണു കിടക്കുന്ന ആ ന്യൂസ്‌ പേപ്പറിലെ വാർത്തകളിൽ ചിരിക്കുന്ന മുഖമുള്ള
ചുവന്ന ഷർട്ടും നീല ജീൻസുമിട്ട ചെറുപ്പക്കാരന്റെ ഫോട്ടോയും അതിനു താഴെ ഉണ്ടായിരുന്ന വാർത്തയും ഇങ്ങനെ ആയിരുന്നു
“വാഹനാപകടത്തിൽ മരണമടഞ്ഞ ക്രിസ്റ്റിയുടെ ഹൃദയം ഇനിയും ജീവിക്കും എയഞ്ചൽ എന്ന യുവതിയിലൂടെ. ”

എല്ലാ ക്യാമ്പസുകളിലുമുണ്ടാകും പ്രണയത്തിന്റെ, പ്രതികാരത്തിന്റെ, വിപ്ലവത്തിന്റെ, വിരഹത്തിന്റെ, കാലത്തിനും കണ്ണിനും പോലും മായ്ക്കാൻ കഴിയാത്ത മുറിപ്പാടുകളുടെ, സൗഹൃദത്തിന്റെ ഓർമകളുമായി ജീവിതം തള്ളി നീക്കുന്ന വാക മരങ്ങളും അവ കൊഴിച്ചിടുന്ന പൂക്കളും ഇലകളും നിറഞ്ഞ പാതയോരങ്ങളും.

രചന: ജിയോ ജോർജ്