രക്തനിറമുള്ള ഓറഞ്ച്

രക്തനിറമുള്ള  ഓറഞ്ച് ” ജി ആർ ഇന്ദുഗോപന്റെ  പ്രഭാകരൻ സീരിസിൽ മൂന്നാമത്തെ പുസ്തകം.ആദ്യ  രണ്ടു  ബുക്കിൽ  നിന്നും ഒരുപാട് വ്യത്യസ്തമാണ്  പ്രഭാകരന്റെ  മൂന്നാം  വരവ്.ആദ്യ നോവലുകൾ പോലെ ഡിറ്റക്റ്റീവ്  പ്രഭാകരന്റെ  ത്രില്ലടിപ്പിക്കുന്ന അന്വേഷണവഴികൾ  പ്രതിഷിക്കുന്നവർക്ക്  ചിലപ്പോൾ ചെറിയൊരു  നിരാശ തോന്നും  രക്തനിറമുള്ള  ഓറഞ്ച്  വായിക്കുമ്പോൾ. കാരണം ഇത് പ്രഭാകരന്റെ  മാത്രം  കഥയല്ല.പുതിയ കുറച്ചു കഥാപാത്രങ്ങളുടെ  ജീവിതത്തിലൂടെയാണ്   പ്രിയപ്പെട്ട ഇന്ദുഗോപൻ വായനക്കാരെ കൊണ്ട് പോവുന്നത്. ‘രക്ത നിറമുള്ള ഓറഞ്ച്’, ലഘുനോവലായ  ‘രണ്ടാം നിലയിൽ  ഉടൽ’ എന്നിവയാണ്  നൂറ്റിഇരുപത്തിയേഴു പേജുള്ള  ബുക്കിന്റെ  ഉള്ളടക്കം.

രക്തനിറമുള്ള ഓറഞ്ച്

“സാധാരണ ജനം സ്വന്തം  വയറ്റിപിഴപ്പിനെകുറിച്ചാ ചിന്തിക്കുന്നത്. അതൊക്കെ മാറ്റി, അവന്റെ ശ്രദ്ധ മാറ്റി ആംഡബരത്തിന്റെ പുറകെ നടത്തിച്ചു, കച്ചോടം നടത്തുകയാണ്  ലോകം ചെയ്യുന്നത്. അവനെ  നശിപ്പിക്കുന്നതിലാണ് ഗവേഷണം.”
നാഗ്പൂരിൽ നിന്നും വാങ്ങുന്ന  ഓറഞ്ച് പാക്കറ്റും അതിലുള്ള  ഫോൺ നമ്പറും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും,കൊല്ലം ബസ്‌ സ്റ്റാൻഡിൽ ഓറഞ്ച്  വിറ്റു നടന്നു  അപ്രതീഷിതമായി കോടിശ്വരനാവുന്ന  അബൂബക്കറിലൂടെയുമാണ്  നോവൽ  മുന്നോട്ടു  പോവുന്നത്. പ്രഭാകരന്റെ  സഹാസിക രംഗങ്ങൾ  പ്രതിഷിച്ചു  ഇരിക്കുന്ന  വായനക്കാരന്  മുന്നിലേക്ക്  നിഗൂഢസ്വാഭാവം  നന്നേ  കുറഞ്ഞ  ഒരു സ്ലോ  ഡ്രാമയാണ് വന്നു ചേരുന്നത് .ഓറഞ്ച്  മുതലാളി സേട്ടുവിന്റെ  കഥാപാത്രം ഏറെ  ആകർഷകമായിരുന്നു. വർത്തമാന കാലത്ത് ഏറെ  പ്രസക്തവും, അർഥവത്തുമായ  കഥയാണ്  രക്തനിറമുള്ള ഓറഞ്ച്. മേല്പറഞ്ഞതു പോലെ  ആഡംബരത്തിന്റെ പുറകെ  പായുന്ന  ഒരു  ജനതയെ  നമുക്ക്  കാണാനാവും. അതു ചിലപ്പോൾ ഞാനാവാം, നിങ്ങളാവാം, അതുമല്ലെങ്കിൽ  നമുക്ക്  ചുറ്റുമുള്ളവരാകാം.എന്ത് തന്നെയാണെകിലും  രക്തനിറമുള്ള  ഓറഞ്ച്  മുന്നോട്ടു  വെക്കുന്ന  ആശയങ്ങൾ  ഏറെ പ്രാധാന്യമർഹിക്കുന്നവയാണെന്നാണ് നിഗമനം.മനുഷ്യന്റെ  ആർത്തി,പക, ദാരിദ്ര്യം, നിസ്സഹായത,  ക്ഷമിക്കാനുള്ള  മനസ്സ് എന്നിവയെല്ലാം രക്തനിറമുള്ള  ഓറഞ്ചിൽ ദർശിക്കാനാവും.

രണ്ടാം നിലയിൽ  ഉടൽ

വായനയിലുടനീളം 
സിനിമാറ്റിക് എക്സ്പീരിയൻസ്  തരുന്ന ഗംഭീര ലഘു  നോവലാണ് രണ്ടാം നിലയിൽ  ഉടൽ.ഡിറ്റക്റ്റീവ് പ്രഭാകരൻ തന്നെ  ഏറെ  കുഴപ്പിച്ച  ഒരു കേസിനെക്കുറിച്ചു സുഹൃത്തുക്കളോട് വിവരിക്കുന്നതിലൂടെ കൗതുകവും ആകാംഷയും  വായനക്കാരിൽ ഉണർത്തുന്ന നോവലാണിത്. സാഹസിക നീക്കങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന   പ്രഭാകരന്റെ  പ്രായം എഴുത്തുകാരൻ കൃത്യമായി  വെളിപ്പെടുത്തിയത്  കൗതുകകരമായി തോന്നി.യുക്തിയുള്ള അപകടങ്ങളിൽ കാലുവെക്കാനുറച്ചു നടന്നു നീങ്ങുന്ന  പ്രഭാകരൻ   പുതിയ സാഹസികതകളുമായി വീണ്ടും  വരുമെന്ന് കരുതുന്നു.

രക്തനിറമുള്ള ഓറഞ്ച്
Author        :  ജി. ആർ  ഇന്ദുഗോപൻ
Publisher   :  ഡിസി ബുക്സ്
Price          :   80/-

©Geo George

ദാമിയന്റെ അതിഥികൾ

“Historical fiction at it’s Best.”

ദാമിയന്റെ അതിഥികൾ എന്ന നോവലിനെ ചുരുങ്ങിയ  വാചകങ്ങളിൽ  ഇങ്ങനെ വിശേഷിപ്പിക്കാം.”ഓഷ് വിറ്റസിലെ  ചുവന്ന പോരാളി” എന്ന  ആദ്യ നോവലിലൂടെ തന്നെ മലയാള  സാഹിത്യ രംഗത്ത് തന്റെ വരവറിയിച്ച എഴുത്തുകാരനാണ് അരുൺ ആർഷ.അദേഹത്തിന്റെ  രണ്ടാം നോവലാണ് ഇത്. ജർമ്മനിയിലെ ചോരമണക്കുന്ന നാസിപ്പടയുടെ കഥകളിൽ നിന്നും  തെക്കേ അമേരിക്കയിലെ  സ്പാനിഷ് കോളനി വാഴ്ചയിലേക്കും, സ്വർണ്ണവേട്ടക്കാരായ നാവികരിലേക്കും, അവരുടെ സാഹസികതകളിലേക്കുമാണ്  രണ്ടാം  നോവലിൽ എഴുത്തുകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. തീർത്തും അപരിചിതമായ  കഥയും, കഥാപാത്രവും, ദേശവും ചടുലമായ ഭാഷയിൽ വിവർത്തന കൃതികളോട് കിട പിടിക്കുന്ന രീതിയിൽ അവതരിപ്പിച്ച എഴുത്തുകാരന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

എന്റെ  പരിമിതമായ അറിവുകളും, ഓർമ്മകളും ശെരിയാണെങ്കിൽ  കടൽയാത്രയും, നിധിവേട്ടയും, യുദ്ധവും ഇതിവൃത്തമാക്കി മലയാളത്തിൽ അധികം രചനകൾ ഉണ്ടായിട്ടുണ്ടാവില്ല. ചോരയുടെ മണമുള്ള കടൽയാത്രകളും, കടൽകൊള്ളയും, കടൽയുദ്ധങ്ങളുമെല്ലാം  ദാമിയനിൽ പശ്ചാത്തലമായി വരുന്നുണ്ട്.കഥയെക്കുറിച്ചു നിങ്ങൾക്ക്  വ്യക്തമായ  ഒരു ധാരണ തരാതെ  ഇങ്ങനെയൊരു വായനാകുറിപ്പ് എഴുതുന്നത്  വായനാസുഖത്തെ യാതൊരു വിധത്തിലും  ബാധിക്കാൻ പാടില്ല എന്ന് ഈ  നോവൽ  മൂന്നാവർത്തി വായിച്ചു എനിക്ക്  ബോധ്യമായത് കൊണ്ടാണ്.

ചരിത്രവും  ഭാവനയും   കൂടിക്കലർത്തി ഒരുക്കിയ  നോവലാണ് ആറു വർഷം സമയമെടുത്ത്  മൂന്നു ഭാഗങ്ങളായി അരുൺ ആർഷ രചിച്ച  ദാമിയന്റെ അതിഥികൾ.ആദ്യ രണ്ടു  ഭാഗവും  പരസ്പരം ബന്ധിപ്പിച്ചു മൂന്നാം ഭാഗത്തിൽ  എത്തുമ്പോൾ  വായനയിലെ ത്രില്ലിങ്ങും ആകാംഷയും  അതിന്റെ  ഉന്നതിയിലെത്തുന്നു.ആദ്യ ഭാഗത്തിൽ  ജുവാനയിലൂടെയും,ഗോൺസാലസിലൂടെയും  രണ്ടാം ഭാഗത്തിൽ ബാൽവോവോയിലൂടെയും പറഞ്ഞു പോവുന്ന നോവൽ മൂന്നാം ഭാഗത്തിൽ  അവസാനിക്കുന്നത്  പിസ്സാരോയുടെ  സാഹസികതയിലൂടെയാണ്.ഓരോ ഭാഗങ്ങളും  വളരെ ചെറിയ അദ്ധ്യായങ്ങൾ ആയി എഴുതിയത് കൊണ്ടാണോ എന്നറിയില്ല മികച്ച വായനാസുഖമാണ് ലഭിച്ചത്. പാശ്ചാത്യൻ ഭംഗിയുള്ള ഗംഭീര അവതരണമാണ് ദാമിയന്റെ മറ്റൊരു പ്രിത്യേകത.വായനക്കാരെ ഞെട്ടിക്കാനുള്ള  ഒരുപാടു  രംഗങ്ങളാൽ സമ്പന്നമാണ്  അവസാന അദ്ധ്യായങ്ങൾ.കടലിലെ യുദ്ധരംഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ  ചെറുതെങ്കിലും  അത്രയേറെ  ആകർഷകമായിരുന്നു.വായനയെ സ്വാധീനിച്ച മറ്റൊരു ഘടകമാണ്  പ്രവചനാതീതമായ രീതിയിൽ  അരങ്ങേറുന്ന സംഭവങ്ങളും കഥാപാത്രങ്ങളും.ഊഹിക്കാൻ പോലും കഴിയാത്ത ഒരു തലത്തിലേക്ക് കഥയും , കഥാപാത്രങ്ങളും ഈ നോവലിൽ  മാറ്റപ്പെടുന്നത് വായനക്കാരിൽ അത്ഭുതം സൃഷ്ടിച്ചേക്കാം.

കഥ, കഥാപാത്രസൃഷ്ടി, സംഭാക്ഷണം, അവതരണശൈലി, ഭാഷ എന്നീ  ഏതു  മേഖലയെ  എടുത്തു നോക്കിയാലും  ദാമിയന്റെ അതിഥികൾ എന്ന നോവൽ ഒരു പാഠപുസ്തകം ആയിട്ട് എടുക്കാൻ കഴിയുമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.മുന്നൂറ്റി അറുപതു പേജുകളുള്ള  ഈ  നോവൽ മലയാളത്തിൽ   വന്ന മികച്ച വർക്കുകളിൽ ഒന്നാണ്.വായിക്കാതെ മാറ്റി വെക്കുന്നവരുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണു .കാരണം പാശ്ചാത്യൻ ഭംഗി നുകർന്നു കൊണ്ട്  ഒരു  മലയാളിയുടെ തൂലികയിൽ പിറവിയെടുത്ത ഗംഭീര നോവൽ  ആസ്വദിക്കാനുള്ള  അവസരമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. 

ദാമിയന്റെ അതിഥികൾ
Author        :  അരുൺ ആർഷ
Publisher   :  ഗ്രീൻ ബുക്സ്
Price           :   435/-

© Geo George

വെളിപാടിന്റെ പുസ്തകം

“ദിനേശൻ മൂപ്പനാവുകയാണ്. പകർന്നാട്ടം. ഒന്നിനിന്ന്  മറ്റൊന്നിലേക്ക്;പഴമയിൽനിന്ന് പുതുമയിലേക്ക്. നിയോഗത്തിന്റെ ബാധ്യത പകർത്തപ്പെടുകയാണ്. തീരാത്ത വൃഥകളുടെ വ്യർത്ഥത തുളുമ്പാൻ ഒരു ജന്മം കൂടി.
                  – വെളിപാടിന്റെ പുസ്തകം “

ചോച്ചേരികുന്നിനു കീഴെ പരന്നു കിടക്കുന്ന ഏഴാലിപ്പാടം.കുന്നിന്റെ ഉച്ചിയിൽ അമ്പല കോവിലിൽ കഴിഞ്ഞു കൂടുന്ന സുപ്രൻ തെയ്യം.പാടത്തിന്റെ നടുക്ക് ദെച്ചുവിന്റെ കിണർ.ഏഴാലിപ്പാടത്തെ ഓരോ ആത്മാക്കളുടെയും ചൂടും ചൂരും അറിഞ്ഞ മൂപ്പന്മാർ,പറഞ്ഞോടിക്കാവിൽ കുടിയിരിക്കുന്ന ദേവത. ദിനേശൻ, ദെച്ചു, കുറുമ്പ, അങ്ങനെ ഒരുപിടി കഥാപാത്രങ്ങളിലൂടെ വായനയുടെ ഭ്രാന്തമായ ഒരു ലോകത്തേക്ക് വായനക്കാരെ നയിക്കുന്ന നോവലാണ്  വെളിപാടിന്റെ പുസ്തകം.

മിത്തുകളും, ഐതിഹ്യങ്ങളും, പഴങ്കഥകളും കോർത്തിണക്കി  നൂറ്റിപന്ത്രണ്ടു പേജുകളിലായി വിപിൻ‌ദാസ് നായർ  എന്ന  നവാഗത എഴുത്തുകാരൻ  ഒളിപ്പിച്ചു  വെച്ചിരിക്കുന്നത്  മാജിക്കൽ  റിയലിസത്തിന്റെ മായകാഴ്ചകളും  കഥാപാത്രങ്ങളുമാണ്. വിശ്വസിക്കാൻ  പ്രയാസമായ ഒരു കഥയെ അവിശ്വസനീയമായി വായനക്കാരിലേക്ക് എത്തിക്കുക  എന്നത്  ശ്രമകരമായ  ഒരു ജോലിയാണ്.ആ  ജോലി  വിപിൻ‌ദാസ്   ഭംഗിയായി  നിർവഹിക്കുന്നു.

മരണത്തിന്റെയും, പകയുടെയും ഗന്ധം വായനക്കാരന് ചുറ്റും വാരിയെറിഞ്ഞു  ഞെട്ടിക്കുന്നതിൽ  നോവൽ  വിജയമാണ്.ചില കഥാപാത്രങ്ങൾ  നിമിഷ നേരം  കൊണ്ട്  വന്ന് അതെ വേഗതയിൽ മാഞ്ഞു പോവുമ്പോൾ വായനക്കാരൻ ഭ്രമാത്കമായ ഒരു ലോകത്തേക്ക് നയിക്കപ്പെടുന്നു.ദെച്ചുവിന്റെ മരണം നോവലിൽ ഏറെ വേദനിപ്പിച്ച ഒരു ഭാഗമാണ്. മരണഗന്ധത്തിൽ  വീർപ്പുമുട്ടുന്ന ദിനേശന്റെ  രൂപം അവസാനം വരെ  വേട്ടയാടിയേക്കാം വായനക്കാരെ.

ഏറ്റവും  ആകർഷണീയമായി  അനുഭവപ്പെടുന്നത്  ഭാഷയും അവതരണ ശൈലിയുമാണ്. ആദ്യ വായനയിൽ ചില പ്രാദേശിക പദങ്ങളുടെ  അർഥം അറിയാത്തതിനാൽ   നിഘണ്ടു തപ്പേണ്ടി വന്നിരുന്നു.നോൺ ലീനിയർ നരേഷൻ ആയതിനാൽ  ആദ്യ വായനയിൽ തോന്നിയ കൺഫ്യൂഷൻ   രണ്ടാം വായനയിൽ തുടക്കത്തിലേ   നികത്താൻ  കഴിഞ്ഞിരുന്നു. നമുക്ക്  അപരിചിതമായ ഒരു  പ്രാദേശിക  ഭാഷയും,ശൈലിയും  ആദ്യമായി  വായിക്കുമ്പോൾ ആദ്യമൊരു  അപരിചിത്വം  തീർച്ചയായും   ഫീൽ  ചെയ്യും.വെളിപാടിന്റെ പുസ്തകം  വായിക്കാനെടുക്കുമ്പോഴും അങ്ങനെയൊരു  അനുഭവം ഉണ്ടാവും.അവതരണത്തോടും ഭാഷയോടും  പതിയെ  ഇഴുകിചേർന്ന്  കഴിഞ്ഞാൽ  ഒറ്റ ഫ്ലോയിൽ  വായിച്ചു തീർക്കാവുന്നതേയുള്ളു ഈ ചെറിയ നോവൽ .എഴുത്തുകാരന്റെ  ആദ്യ നോവലിന്റെ കുറവുകൾ ഉണ്ടാവാം.അത് ഒഴിവാക്കിയാൽ  വ്യത്യസ്തമായ വായനാ അനുഭവമാകും   വെളിപാടിന്റെ പുസ്തകം.

വെളിപാടിന്റെ പുസ്തകം
Author        :  വിപിൻ‌ദാസ് നായർ
Publisher   :  കൈരളി ബുക്സ്
Price          : 120/-

©Geo George

ബിരിയാണി

“വെറും ബിരിയാണിയല്ല.കുയിമന്തിവരെയ്ണ്ട്  മോനേ. ഇദു ഈടത്തെ ലോക്കൽ ഇച്ചാമാരെ മംഗലത്തിനു  കിട്ടണ ചല്ലുപുല്ല്
ബിരിയാണിയല്ല ഒന്നാം തരം ബസുമതി അരീന്റെ  ബിരിയാണിയാ. പഞ്ചാബീന്ന് ഒരു ലോഡ് അങ്ങനെ തന്നെ ഇറക്കി.
                          – ബിരിയാണി “

“വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന ബിരിയാണി. ” സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയെക്കുറിച്ചുള്ള നിരൂപണങ്ങളിലും, ചർച്ചകളിലും, വായനാകുറിപ്പുകളിലും  കണ്ടൊരു വാചകമാണിത്. കലന്തൻ ഹാജിയുടെ ഊട്ടു പുരയിൽ നിന്നും അന്തരീക്ഷത്തിൽ  ഒഴുകി പരക്കുന്ന ബിരിയാണിയുടെ  ഗന്ധവും, രുചിയും  ഗോപാൽ യാദവിലൂടെ  പറഞ്ഞവസാനിപ്പിക്കുമ്പോൾ  കണ്ണുകൾ  നിറയാത്ത വായനക്കാരുണ്ടാവില്ല.വരികൾക്കിടയിലൂടെ  വായിക്കപ്പെടുന്ന   രചനയാണ്‌  ബിരിയാണിയെന്ന  ചെറുകഥ.ഇങ്ങ് കേരളം മുതൽ  ബീഹാറും, ഗൾഫുമെല്ലാം കടന്നു  വരുന്ന  ബിരിയാണി  പറഞ്ഞു  വെക്കുന്നത്  സമകാലിക  ജീവിതത്തിന്റെ  നേർകാഴ്ചയാണ്. വിശപ്പ് എന്ന വികാരത്തെ  പലരും പല രീതിയിൽ  അവതരിപ്പിച്ചപ്പോഴും  ബിരിയാണി അതിൽ നിന്നെല്ലാം  വ്യത്യസ്തമായത് ഉൾക്കാഴ്ചകൾ തുറന്നു നൽകി.
അടുത്ത കാലത്ത്  ഏറെ  വായിക്കപ്പെടുകയും  ചർച്ചാ വിഷയം  ആവുകയും  ചെയ്തൊരു  കൃതിയെന്ന  നിലയിൽ  ബിരിയാണിക്ക്  വീണ്ടും ഒരു  നിരൂപണമെഴുതുക  എന്നെപ്പോലുള്ള  സാധാരണ വായനക്കാർക്ക്  അസാധ്യമാണ്. അത്രമേൽ  ഹൃദയത്തെ കൊളുത്തി വലിക്കുന്ന  കഥയും കഥാപാത്രങ്ങളും  അരങ്ങു  തകർക്കുന്ന ഒരു ചെറുകഥ  സമീപ കാലത്ത്  വായിച്ചിട്ടുമില്ല.

മനുഷ്യാലയങ്ങൾ

“പക ഓർമ്മയുടെ വിന്നാഗിരിയിൽ ഇട്ടു വെച്ച  കാന്താരി മുളക് പോലെയാണ്. കാലപ്പഴക്കം മൂലം ഇത്തിരി എരിവ് കുറഞ്ഞേക്കാമെങ്കിലും അതൊരിക്കലും നശിച്ചു പോവില്ല.”

എത്ര മനോഹരമായ സത്യം.കടവി രാജുവിന്റെ  പകയുടെ  നേർചിത്രം വരച്ചിടുന്ന മനുഷ്യാലയങ്ങൾ  എന്ന  ചെറുകഥ  ഞെട്ടിച്ചത് ചതഞ്ഞര കുരുവിക്കൂട് ഒരു പ്രതീകമായി കഥയവസാനിക്കുമ്പോഴാണ്.പള്ളിയിലെ  നെയ്‌ച്ചോറിൽ  മണ്ണെണ്ണയൊഴിച്ചു  വർഗ്ഗീയ വാദിയെന്ന പേര് സമ്പാദിച്ച കടവിയെ എഴുത്തുകാരൻ  വായനക്കാർക്ക്   പരിചയപ്പെടുത്തുമ്പോഴും സംശയത്തിന്റെ  ഒരു ചെറു കണികക്കു  പോലും  ഇട നൽകാതെ  അനായാസമായി  ഒരു കുരുവിക്കൂടിലൂടെ  പകയുടെ  വേറിട്ട  മുഖം അനാവരണം ചെയ്ത  എഴുത്തുകാരന്റെ  മികവിനെ  അഭിനന്ദിക്കാതെ തരമില്ല. എന്നാണ് 

   
uvwxyz,ആട്ടം, ലിഫ്റ്റ്,
സിനിമാകഥയെഴുതാൻ  മോഹിച്ചു  ഇളയച്ഛനെ കാണാൻ പുറപ്പെടുന്ന  കഥാനായകന്റെ  അനുഭവം പറയുന്ന  നായക്കാപ്പ്,
ശ്രീപത്മനാഭനെ ഇതിവൃത്തമാക്കിയ  മരപ്രഭു,എന്നീ ചെറുകഥകളും ബിരിയാണിയെ  ഗംഭീരമാക്കുന്നു.
ഒരു യഥാർത്ഥ  വായനക്കാരൻ  നിർബന്ധമായും വായിച്ചിരിക്കേണ്ട  ബുക്കുകളുടെ ലിസ്റ്റിൽ  മുൻപന്തിയിൽ  തന്നെ ബിരിയാണിക്ക്  സ്ഥാനമുണ്ട്.

ബിരിയാണി

Author        : സന്തോഷ് ഏച്ചിക്കാനം
Genre         :  കഥകൾ
Publisher   :  ഡിസി ബുക്സ്
Price          :  110/-

ധ്വനി

ജീവിതം  പറയുന്ന  പത്തു കഥകൾ “

ധ്വനി എന്ന കഥാസമഹാരത്തിന്റെ ടാഗ് ലൈനാണിത്.എഴുത്തിന്റെയും വായനയുടെയും  പുതു വഴികൾ  തേടി സഞ്ചരിക്കുന്ന  നവാഗതരുടെ ആദ്യ പുസ്തകമാണെന്ന ചിന്തകൾ ഒന്നുമില്ലാതെ  ഒറ്റയിരുപ്പിൽ  വായിച്ചു  തീർക്കാവുന്ന  പത്തു ചെറുകഥകളാണ്  ബുക്കിന്റെ  ഉള്ളടക്കം.എഴുത്തിനും വായനക്കുമായി  വിശാലമായ  ഒരു  ലോകം  തുറന്നിട്ട നവമാധ്യമങ്ങൾ  ബുക്ക്‌ പബ്ലിഷിങ്ങിനും  വില്പനക്കും  കൂടതൽ അവസരങ്ങൾ  ഒരുക്കിയിട്ടുണ്ട്. പ്രതിലിപി പോലുള്ള  ഓൺലൈൻ ബ്ലോഗുകളിൽ  എഴുതുന്ന  ഒരു വ്യക്തി എന്ന നിലയിൽ  അതിൽ പരിചയപ്പെട്ട പലരുടെയും കഥകളും, ലേഖനങ്ങളും പിന്നീട്  അച്ചടി മാധ്യമങ്ങളിൽ  കണ്ടപ്പോൾ സന്തോഷം  തോന്നിയിട്ടുണ്ട്.ധ്വനി കയ്യിലെടുത്തപ്പോഴും  അതെ  സന്തോഷം ആയിരുന്നു.പ്രിയ സുഹൃത്തുക്കളുടെ  കഥകൾ  വായിക്കുന്നതിൽ.ധ്വനിയിലെ  വ്യത്യസ്തമായ പത്തു ചെറുകഥകളെയും  അവയുടെ എഴുത്തുകാരെയയും ധ്വനിയിൽ  പരിചയപ്പെടാം.

ശബ്ദമില്ലാത്തവരുടെ  മാനസിക സംഘർഷങ്ങൾ മുഖ വിലക്കെടുക്കാതെ അവരെ ഒളിഞ്ഞും തെളിഞ്ഞും  പരിഹസിക്കുന്ന  സമൂഹത്തിന്റെ വികൃതമായൊരു  മുഖവും  അനാവരണം ചെയ്യപ്പെടുന്ന  ഇന്ദുസുധീഷിന്റെ  “കുഞ്ചെക്കൻ  വയൽ”, പുണ്യ നദിയായ ഗംഗയിൽ നിന്നുമൊരു തുള്ളി ജലം അവസാനമായി കുടിച്ചു മോഷം പ്രാപിക്കാൻ ജീവശ്വാസം  വലിച്ചു കിടക്കുന്ന മനുഷ്യകോലങ്ങൾക്ക് ഇടയിൽ കഴിയുന്ന രാമന്റെ  കഥ  പറയുന്ന അബി ബാലകൃഷ്ണന്റെ” മരണാർഥി”, സ്വന്തം കുട്ടികളുടെ വളർച്ചയുടെ ഓരോഘട്ടത്തിലും ആകുലപ്പെടുന്ന അമ്മയുടെ  കഥ പറയുന്ന ജസ്‌ന  താരിഖിന്റെ  “ചുവർചിത്രങ്ങൾ” വാസ്തുശില്പി കെ. പി മനോജ്‌ കുമാറിന്റെ തൂലികയിൽ പിറവിയെടുത്ത ഫാന്റസി നിറഞ്ഞ  “തറവാട്. “
എഴുത്തുകാരിയായ പെണ്ണിലൂടെ, വിവാഹശേഷം അവൾ അനുഭവിക്കേണ്ടി വരുന്ന വിഷമതകളിലൂടെ കടന്നു പോവുന്ന  രതി പ്രതീപിന്റെ  “സമാഗമം “.
മലയാള ഭാഷ പഠനത്തിന്റെ  പ്രാധാന്യം കുഞ്ഞു മനസുകളുടെ കുറുമ്പുകളിലൂടെ പറയുന്ന വിനീത സന്തോഷിന്റെ  രസകരമായ  ചെറുകഥ  “മലയാളം  കൊണ്ടൊരു മധുരപ്രതികാരം.”
ഭ്രാന്തിപെണ്ണിന്റെ വയറ്റിലെ വാവയുടെ കഥയും  അനാഥത്വത്തിന്റെ നൊമ്പരവും പേറി  മനോജ്‌ വിജയന്റെ  “അസ്മി.”,
മാതാപിതാതാക്കളെ നൊമ്പരപ്പെടുത്തി വീട് വിട്ടിറങ്ങി ഒടുവിൽ മടങ്ങി വരുന്ന  കഥാനായകന്റെ ജീവിതവുമായി  സാന്ദ്ര രാജു കലൂർ രചിച്ച  “എങ്ങോ പോയി മറിഞ്ഞു”.  അമ്മയുടെ ഓർമ്മകളുമായി  പള്ളിയിൽ കല്ലറക്ക് മുന്നിലിരിക്കുന്ന മകനിലൂടെ മുന്നോട്ടു പോവുന്ന  അലക്സ്‌ എച് റ്റി യുടെ  “ആറടിമണ്ണ്”. ജയിൽപശ്ചാത്തലത്തിൽ മുന്നേറുന്ന ശരത്  എസ് പിള്ളയുടെ ” മോഷം”.
എന്നിവയാണ്  ധ്വനിയിലെ  പത്ത് ചെറുകഥകൾ.

വളരെ വേഗത്തിൽ  വായിച്ചു  തീർക്കാവുന്ന രചനകളാണ് ധ്വനിയിൽ  ഉൾകൊള്ളിച്ചിരിക്കുന്നത്. ജീവിതങ്ങൾ  പറയുന്നത്  കൊണ്ടാവും  കഥകൾ  ഹൃദയസ്പർശിയായിട്ടാണ് വായനയിൽ  ഫീൽ ചെയ്തത്. തുടക്കക്കാരുടെ  ആദ്യ പരിശ്രമത്തിൽ തന്നെ മനോഹരമായ പത്ത് കഥകൾ ഇതൾ വിരിഞ്ഞത് ഭാവിയിൽ കൂടതൽ നല്ല   രചനകൾ പിറവിയെടുക്കാനുള്ള  പ്രോത്സാഹനം ആവട്ടെയെന്നു  ആശിക്കുന്നു.

ധ്വനി

Genre           :    കഥകൾ
Publishers   :    പത്തായം ബുക്സ്
Price            :    110/-

©Geo George

രാത്രിയിൽ ഒരു സൈക്കിൾവാല

“ഒരാൾ പറയുന്നത് അതെ പടി നമ്മൾ വിഴുങ്ങരുത്. കിട്ടിയ വാചകങ്ങളെ അടുക്കി മനസ്സിൽ ഇടുക. ഇഴകീറി ഓരോന്നിലൂടെയും ഒന്നുകൂടി സഞ്ചരിക്കുക. അതൊരു നല്ല അപഗ്രഥന രീതിയാണ്.

                      –   ഡിറ്റക്റ്റീവ് പ്രഭാകരൻ “

ജി. ആർ  ഇന്ദുഗോപന്റെ  ഡച്ചുബംഗ്ളാവിലെ പ്രേതരഹസ്യം  എന്ന നോവൽ  വായിച്ചവർക്ക് രാത്രിയിൽ ഒരു സൈക്കിൾവാലയിലേക്ക്  എത്തുമ്പോൾ  പ്രധാന കഥാപാത്രമായ  ഡിറ്റക്റ്റീവ് പ്രഭാകരനെക്കുറിച്ച്  ഒരു മുഖവുരയുടെ ആവശ്യം  ഉണ്ടാവില്ല.കുറ്റാന്വേഷകന്റെ  വേറിട്ട മുഖം  സമ്മാനിച്ച  പ്രഭാകരന്റെ  നാലു  ദൗത്യങ്ങളാണ്  സീരിസിലെ  രണ്ടാം  വരവിൽ  വായനക്കാർക്ക്  മുന്നിലെത്തുന്നത്. ആദ്യ നോവലിൽ നിന്നും വ്യത്യസ്തമായി  പ്രഭാകരനെ  കൂടതൽ  അടുത്തറിയാനും കഴിയുന്ന വിധത്തിൽ  ടൈറ്റിൽ  കഥ  ഉൾപ്പടെ  നാലു ലഘുനോവലുകളാണ്  രാത്രിയിൽ ഒരു സൈക്കിൾ വാലയുടെ  ഉള്ളടക്കം.ആ നാലു നോവലുകളെ   ഇഷ്ടമായ ഓർഡറിൽ  പരിചയപ്പെടുത്തുന്നു.

ഇന്നു രാത്രി  ആരെന്റെ ചോരയിൽ ആറാടും…?

ഭീതിയുടെ മൂടുപടമണിഞ്ഞു     ആൾക്കൂട്ടങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന  ഒരു  വീടിനെ കേന്ദ്രീകരിച്ചാണ്  നോവൽ പുരഗോമിക്കുന്നത് . തന്റെ പുതിയ ദൗത്യത്തിൽ  പ്രഭാകരനെ  വേട്ടയാടുന്നത് ആ വീടിന്റെ  ചുമരിലൂടെ രാത്രികാലങ്ങളിൽ  നടക്കുന്ന പ്രേതങ്ങളാണ്.അതിനു പിന്നിലെ രഹസ്യം കണ്ടെത്താൻ   മൂന്ന് രാത്രികളിലായി   പ്രഭാകരൻ  നടത്തുന്ന  ശ്രമങ്ങളാണ്  നോവലിന്റെ ഇതിവൃത്തം.
അറിവില്ലായ്മകളിൽ  നിന്നും, മുൻധാരണകളിൽ നിന്നും ഉടലെടുക്കുന്ന  ഭയത്തിന്റെ  തീവ്രത  വളരെ  വലുതായിരിക്കുമെന്നു  പ്രഭാകരൻ അയാളുടെ അനുഭവത്തിലൂടെ  വായനക്കാരോട് സമർത്ഥിക്കുന്നുണ്ട്.തന്റെ ഏകാഗ്രതയും കൂർമ്മബുദ്ധിയും ഉപയോഗിച്ചു  പ്രേതരഹസ്യങ്ങൾ പ്രഭാകരൻ  പൊളിച്ചടുക്കുമ്പോൾ  വായനക്കാർ  ആകാംഷയുടെ  വേറെ  തലങ്ങളിലേക്ക്  നയിക്കപ്പെടും. ഇതാദ്യം വായിക്കാൻ പോവുന്നവരോട്,  ഈ  ബുക്കിലെ  ആദ്യ രചനയായ  ഓപ്പറേഷൻ കത്തിയുമായി  ഒരാൾ  പല നഗരങ്ങളിൽ  എന്ന നോവലിന്റെ  ഒരു തുടർച്ചയാണ്  ഇന്നു രാത്രിയിൽ ആരെന്റെ ചോരയിൽ  ആറാടും.അതിനാൽ കഥാപാത്രങ്ങൾക്ക്  ഒരു വ്യക്തത ലഭിക്കുവാൻ  ആദ്യം മുതലേ വായിച്ചു തുടങ്ങുക.

ഒരു പ്രേതബാധിതന്റെ ആത്മകഥ

“വിധിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നമ്മൾ ഉത്കണ്ഠപ്പെടെണ്ടാ. അതിനു കൃത്യമായ ധാരണകൾ  ഉണ്ട്. “

പ്രേതങ്ങൾ  ഉണ്ടെന്നു  വിശ്വസിക്കുകയോ, വിശ്വസിക്കാതെയിരിക്കുകയോ  ചെയ്യാം.പക്ഷെ പ്രഭാകരൻ പറയുന്നത്  ഒരു  കുടുംബകഥയാണ് പ്രേതബാധിതന്റെ ആത്മകഥയിലൂടെ. ഹൃദയസ്പർശിയായ  ഒരു പിടി മുഹൂർത്തങ്ങളും, അതിലുപരി  അവിശ്വസനീയമായ  കഥാസന്ദർഭങ്ങളും, കഥാപാത്രങ്ങളും നിറഞ്ഞ ലഘുനോവലാണിത്. കഥയെക്കുറിച്ചു  വിശദമായി  പറയുന്നില്ല.വായിച്ചു  ആസ്വദിച്ച്   സ്വയം  വിശ്വസിച്ചു  വിലയിരുത്തേണ്ട  ഒന്നാണ്  ഒരു പ്രേതബാധിതന്റെ  ആത്മകഥ.    ഇന്ദുഗോപന്റെ പല   കഥകളും,കഥാപാത്രങ്ങളും വായനക്കാരെ  വേട്ടയാടാറുണ്ട്. വായിച്ച  ശേഷം ഭ്രാന്തമായ  ഏതോ  ലോകത്ത്  ഇരിക്കുന്നത്  പോലെയുള്ള  മാനസിക  അവസ്ഥയും ഉണ്ടാവാറുണ്ട്. ഒരു പ്രേതബാധിതന്റെ  ആത്മകഥ  ഈ  വിധം   ഭ്രമിപ്പിക്കുന്ന ഒരു ലോകത്തേക്ക്  വായനക്കാരെ  നയിക്കാൻ  ഉതകുന്നതാണ്.

രാത്രിയിൽ ഒരു സൈക്കിൾവാല

എസ്.ഐ  അനന്തനു വീണ്ടുമൊരു  വലിയ കേസ് നേരിടേണ്ടി  വരുകയാണ്. കടപ്പുറത്ത്  കുഴി മാന്തി അസ്ഥികൂടങ്ങൾ  വലിച്ചു വാരിയിടുന്നു  ആരൊക്കെയോ.ആ  പ്രതിഭാസത്തിനു  പിന്നിലെ  രഹസ്യമറിയാൻ ഇറങ്ങിപുറപ്പെടുന്ന  അനന്തനെ  തേടി  സജിത എന്ന യുവതി എത്തുന്നതോടെ  കഥാഗതി മാറി മറിയുകയാണ്.നിഗൂഢതകളുടെ  ചുരുൾ അഴിക്കാൻ  പ്രഭാകരൻ  നിയോഗിക്കപ്പെടുന്നതോടെ  ത്രില്ലടിപ്പിക്കുന്ന  മുഹൂർത്തങ്ങൾ  സമ്മാനിച്ചു കൊണ്ട്  നോവൽ മുന്നേറുന്നു.കടലിന്റെ  തിരയിളക്കത്തിൽ, ഇടക്ക് രാജസ്ഥാന്റെ  പശ്ചാത്തലത്തിൽ   അന്വേഷണ വഴികൾ  സൂക്ഷമതയോടെ  കൈകാര്യം ചെയ്യുന്ന പ്രഭാകരനെ  ഇതിൽ നമുക്ക് കാണാനാവും.

ഓപ്പറേഷൻ  കത്തിയുമായി  ഒരാൾ  പല  നഗരങ്ങളിൽ

ചെങ്ങന്നൂർ  എസ് ഐയുടെ വീടിന്റെ പരിസരത്ത് നിന്നും  സംശയകരമായ  സാഹചര്യത്തിൽ ഒരാളെ പിടിക്കുന്നു.അയാൾക്ക്‌  പിന്നിലെ  രഹസ്യങ്ങൾ  കണ്ടെത്താനുള്ള  നിയോഗം  പ്രഭാകരനിൽ  വന്നു ചേരുന്നു. പതിവ്  പോലെ  കഥയിലും  കഥാപാത്രങ്ങൾക്ക്  ഇടയിലും ആകാംഷയുണർത്തിയാണ്  കഥയും  മുന്നോട്ടു  നീങ്ങുന്നത്. മേൽ സൂചിപ്പിച്ച  പോലെ   ഇന്നു രാത്രി ആരെന്റെ  ചോരയിൽ ആറാടും  എന്ന ലഘുനോവലിന്റെ  ആരംഭം  ഇതിൽ  നിന്നുമാണ്.

എഴുത്തിലെ  ശൈലി കൊണ്ടു വായനക്കാരെ  പിടിച്ചിരുത്തുന്ന
പ്രഭാകരൻ സീരിസിലെ  രണ്ടാമത്തെ  പുസ്‌തകവും വായിച്ചു  തൃപ്തിയായി  ഇരിക്കുമ്പോൾ  ഞാൻ ആലോചിക്കുന്നത്  ശ്രീ  ഇന്ദുഗോപനെകുറിച്ചും, ഞാനുൾപ്പെടുന്ന  വായനക്കാരെകുറിച്ചുമാണ്. 
അപസർപ്പകവഴിയിൽ  വർഷങ്ങൾക്കു മുന്നേ  മാറ്റത്തിന്റെ  കാറ്റുമായി അദ്ദേഹം  നടന്നു തുടങ്ങിയപ്പോൾ നമ്മളൊക്കെ  എവിടെയായിരുന്നു…?

രാത്രിയിൽ ഒരു സൈക്കിൾവാല
Author          :  ജി. ആർ ഇന്ദുഗോപൻ
Publisher     : ഡിസി ബുക്സ്
price             :  110/-

© Geo George

MAAYAVAN

മായവൻ | MAAYAVAN

    Language : Tamil
    Genre        : sci  fic/ Thriller
     Year          :  2017

“I  Think  The Brain is Like  A  Programme  In The Mind. Which  is  Like  A  computer.So it is Theoritically Possibile  To copy  The  Data into  a  Computer    and  so  provide a Form  of Life  After  Death. “
                       

സ്റ്റീഫൻ  ഹോക്കിങ്ങിന്റെ  പ്രസിദ്ധമായൊരു  വാചകമാണ്  മുകളിൽ  കൊടുത്തിരിക്കുന്നത്.സിനിമയോട്  ഒരുപാടു  ചേർന്ന്  നിൽക്കുന്ന  ഈ  വാചകങ്ങൾ സിനിമ  അവസാനിച്ച  ശേഷം   സ്‌ക്രീനിൽ  തെളിയുമ്പോൾ  ഒരു  ഒരു ഞെട്ടലാവും  പ്രേക്ഷകനിൽ  ഉണ്ടാക്കുക.

ചെന്നൈയിലെ അമ്പട്ടൂർ എന്ന  സ്ഥലത്തെ  സബ്  ഇൻസ്‌പെക്ടറായ  കുമാരൻ  യാദൃച്ഛികമായി  ഒരു  കൊലപാതകത്തിന്  സാക്ഷിയാവുന്നു.അതേ  സമയം കൊലപാതകിയുമായി  ഏറ്റുമുട്ടി അയാളെ  വധിക്കുകയും  ചെയ്യുന്നു.ഏറ്റുമുട്ടലിൽ  പരിക്കേറ്റതിനാൽ  ചെറിയൊരു  വിശ്രമത്തിനു  ശേഷം  സർവീസിൽ  തിരികെ  പ്രവേശിക്കുന്ന  കുമാരനെ  കാത്തിരിക്കുന്നത് മറ്റൊരു  കൊലപാതകക്കേസാണ്.അതിന്റെ  അന്യോഷണം  ഏറ്റെടുക്കുന്ന  കുമാരനെയും  സംഘത്തെയും  കാത്തിരിക്കുന്നത്  ഞെട്ടിക്കുന്ന സംഭവങ്ങളാണ്   മായവന്റെ  ഇതിവൃത്തം.

തമിഴ്സിനിമയിൽ  അല്ലെങ്കിൽ  ഇന്ത്യൻ  സിനിമയിൽ  പോലും  ഇന്നേ വരെ  ആരും  കൈ വച്ചിട്ടില്ലാത്ത  വ്യത്യസ്തമായ  ഒരു  കൺസെപ്റ്റാണ്  മായവനിൽ  സി. വി  കുമാർ  എന്ന  നവാഗത  സംവിധായകൻ  അവതരിപ്പിച്ചിരിക്കുന്നത്.സയൻസ്  ഫിക്‌ഷൻ സിനിമകൾ  ഒരുപാടു  വന്നു  പോയിട്ടുണ്ടെങ്കിലും  ഇങ്ങനെയൊരു  സബ്ജെക്റ്റ്  മുൻപ് ഇന്ത്യൻ സിനിമയിൽ    ഉണ്ടായിട്ടുണ്ടാവില്ല.

ശാസ്ത്രലോകത്തിന്റെ പല  കണ്ടു പിടുത്തങ്ങളും  ലോകത്തെ  മാറ്റിമറിക്കാൻ  പോന്നവയാണ്.എന്നാൽ  അവയൊക്കെ  നല്ലതിന്  വേണ്ടിയല്ലാതെ  ഉപയോഗിച്ചാൽ  ഉണ്ടാവുന്ന  അപകടം  ചില്ലറയാവില്ല  എന്ന്   ഭൂതകാല സംഭവങ്ങൾ  നമ്മളെ  ഓർമ്മപ്പെടുത്താറുണ്ട്. സത്യമോ  മിഥ്യയോ എന്ന്  വിശ്വസിക്കനാവാതെ അതുമല്ലെങ്കിൽ  അപകടസാധ്യതകളെ  മുൻകൂട്ടി  കണ്ടു  കൊണ്ട്  അധികാരികൾ   പല  പരീക്ഷണങ്ങൾക്കും   നിരോധനം  ഏർപ്പെടുത്താറുണ്ട്.എന്നാൽ  സ്വാർത്ഥത  കടന്നു  കൂടുന്ന  മനസുള്ള  ചിലരാകട്ടെ  ഈ  നിരോധനങ്ങളെയൊക്കെ  കാറ്റിൽപ്പറത്തി  മനുഷ്യന്റെ  നിലനില്പിനെ  തന്നെ  അപകടത്തിലാക്കാറുണ്ട്. ശാസ്ത്രീയമായ  കണ്ടുപിടുത്തങ്ങളെ  മനുഷ്യൻ  ദുരുപയോഗം  ചെയ്യുമ്പോൾ  ഉണ്ടാവുന്ന  അപകടത്തെ  വളരെ  ലളിതമായിട്ടാണ്  മായവനിൽ പ്രതിപാദിച്ചിരിക്കുന്നത്.
ചുരുങ്ങിയ  ചിലവിൽ  ഒരുക്കിയ  ഈ  ചിത്രം  മേക്കിങ്ങ്  കൊണ്ടും  അവതരണ രീതി  കൊണ്ടും,പ്രമേയത്തിലെ  വ്യത്യസ്തത  കൊണ്ടും  മികച്ചു  നിൽക്കുന്ന  ഒന്നാണ്. ഒരേ സമയം  ത്രില്ലിങ്ങും  നിഗൂഢതകളും  നിലനിർത്തി  മുന്നേറുന്ന  ഈ  ചിത്രം പ്രേക്ഷകനെ നിരാശരാക്കില്ല.

© Geo George

BAD GENIUS

BAD GENIUS

Genre : Thriller

Language : Thai

Year : 2017

You’re  Right.
Everything is  upto me..”

പണത്തിനേക്കാൾ  വലുതാണ്  ചില തിരിച്ചറിവുകൾ.ജീവിതത്തെ മാറ്റി മറിക്കാൻ ശേഷിയുള്ള  തെറ്റുകൾ  ജീവിതത്തിൽ  അരങ്ങേറുമ്പോൾ  ആദ്യം  പകച്ചു  പോവുകയും പിന്നീട് ആ  തെറ്റുകൾ  തിരിച്ചറിഞ്ഞു  യാഥാർഥ്യത്തോട്  പൊരുത്തപ്പെട്ട്  ജീവിതം  സുന്ദരമാക്കുകയും ചെയ്യുന്നിടത്താണ്  ഒരുവന്റെ വിജയം  ഒളിഞ്ഞിരിക്കുന്നത്.

അന്തരാഷ്ട്ര കോളേജുകളിലേക്കുള്ള  ഏകികൃത പരീക്ഷയാണ് SITC.അതിനെ  അടിസ്ഥാനമാക്കിയാണ് അമേരിക്കൻ സർവകലാശാലയിൽ ബിരുദ പഠനത്തിന്  അപേക്ഷിക്കാനാവുന്നത്.അതിനെ അടിസ്ഥാനമാക്കിയതാണ് ഈ സിനിമ. തായ്‌ലാന്റിലെ  പ്രശസ്‌തമായ  ഒരു  സ്കൂളിലെക്ക് പ്ലസ് വൺ  പ്രവേശനത്തിന്  അച്ഛനൊപ്പം  എത്തുകയാണ്    ലിൻ എന്ന മിടുക്കിയായ  പെൺകുട്ടി. അവിടെ  വച്ച്  അവൾ  ഗ്രേസ് എന്ന കൂട്ടുകാരിയേയും  അവളുടെ  ബോയ്ഫ്രണ്ടായ പാറ്റുമായും  സൗഹൃദത്തിലാവുന്നു.അവർക്കിടയിലേക്ക്  ബാങ്ക്  എന്ന ബുജി കൂടി എത്തുന്നു.പരീക്ഷയിൽ  ജയിക്കാനുള്ള  തന്ത്രങ്ങളുമായി  ആദ്യം  ഗ്രേസും പിന്നീട്  പാറ്റും  അവന്റെ  കൂട്ടുകാരും  ലിന്നിനെ  സമീപിക്കുന്നതോടെ കഥാഗതി  മാറി മറിയുകയാണ്.  

സ്കൂൾ പശ്ചാത്തലത്തിൽ  പറഞ്ഞു  പോവുന്ന  പതിവ്  സിനിമകളിൽ നിന്നും  വ്യത്യസ്തമായാണ്  ബാഡ് ജീനിയസ് എന്ന ചിത്രം  അണിയിച്ചൊരുക്കിയിരിക്കുന്നത്.
വിദ്യർത്ഥികൾക്കിടയിൽ  ഉടലെടുക്കുന്ന  ആരോഗ്യകരമായ മത്സരങ്ങളും തർക്കങ്ങളും  നല്ലത്  തന്നെയാണ് എന്ന്  കുറഞ്ഞ  സന്ദർഭങ്ങളിൽ സിനിമ നമ്മളോട്  സംവാദിക്കുന്നു. ഒരുവന്റെ  ബുദ്ധിയെ   മറ്റൊരാൾക്ക്‌  വില  കൊടുത്തു  വാങ്ങാൻ  കഴിയുകയില്ല. പേപ്പറുകളിൽ പകർത്തിയെഴുതുന്ന    ഉത്തരങ്ങളൊന്നും  ഒരുവന്റെ  കഴിവിന്റെ  സൂചനകളും ആവുന്നില്ല. അതിനു  യാതൊരു വിലയുമുണ്ടാവില്ല എന്ന സത്യവും  ഈ  സിനിമ നമ്മളോട്  വിളിച്ചു  പറയുന്നുണ്ട്.
ബാഡ് ജീനിയസിൽ  ഓരോ കഥാപാത്രങ്ങളെയും  അവരുടെ  ചുറ്റുപാടുകളെയും  പോലും  വിശദമായി എടുത്തു  കാട്ടിയിട്ടുണ്ട്.പണമുള്ളവനും ഇല്ലാത്തവനും  തമ്മിലുള്ള  വ്യതാസവും  അറിവുള്ളവനും  അറിവില്ലാത്തവനും  തമ്മിലുള്ള  വ്യതാസവുമെല്ലാം  നമുക്കിതിൽ  ചെറിയ  ചെറിയ  സീനുകളിലായി ആഴത്തിൽ  മനസിലാക്കാൻ  കഴിയും.മാതാപിതാക്കൾക്ക്  മക്കളിലുള്ള വിശ്വാസത്തെപ്പോലും  വളരെ  ലളിതമായിട്ടാണ് പ്രേക്ഷകന് മുന്നിൽ  എത്തിച്ചിരിക്കുന്നത്. ആ  പ്രതീക്ഷകളെ  തച്ചുടക്കുന്ന  പെരുമാറ്റം  ഉണ്ടായാൽ അവരെത്ര മാത്രം  വേദനിക്കും എന്ന്  അറിയാൻ  അവസാന മിനുറ്റുകളിലെ  ലിന്നിന്റെ  അച്ഛന്റെ  വാചകങ്ങൾ മാത്രം  മതിയാവും.പ്രതിസന്ധി ഘട്ടത്തിലും  മകളുടെ  ചുണ്ടിൽ  പുഞ്ചിരി വിരിയട്ടെ എന്ന്  പറഞ്ഞു  ആത്മവിശ്വാസം നൽകുമ്പോഴും  ആ  അച്ഛൻ  മനസ്സിൽ  ഒരു  കടൽ  തന്നെ  അലയടിക്കുന്നതായിരുന്നിരിക്കാം.
പണം  കയ്യിലെത്തുമ്പോൾ  ഒരു  സാധാരണക്കാരന്  ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ   ടീനേജ് കഥാപാത്രത്തെ മുൻനിർത്തി  അവതരിച്ചത് ശെരിക്കും ഞെട്ടിച്ചു.
തായ്‌ലന്റും ഓസ്ട്രേലിയയിലെ  സിഡ്‌നിയും  പ്രധാന ലൊക്കേഷനുകൾ  ആയ ഈ ചിത്രം
അഭിനേതാക്കളുടെ
പെർഫോമൻസ് കൊണ്ടും കഥയുടെ  അവതരണം   കൊണ്ടും മികച്ചു നിന്നു.  ബാഡ്  ജീനിയസ്  ഒരു  പാഠമാണ്, പരീക്ഷകളിൽ  കോപ്പിയടിക്ക്  പിടിക്കപ്പെട്ടവർക്കും ഇനി  കോപ്പിയടിക്കാൻ  തയ്യാറായി ഇരിക്കുന്നവർക്കും.

© Geo George

ലക്ഷ്മി (കപ്പേള 2020)

അടുത്തിടെ  കണ്ട സിനിമകളിൽ  നായികയെപ്പോലെ  തന്നെ  മനസ്സിൽ  തങ്ങി നിൽക്കുന്ന  പ്രകടനം  കാഴ്ച  വച്ച കഥാപാത്രമാണ്   കപ്പേളയിലെ  ലക്ഷ്മി. തനി  നാട്ടിൻപുറത്തുകാരിയായ ലക്ഷ്മിയായി  വേഷമിട്ടത്  ആർ.ജെ കൂടിയായ  നിൽജ കെ ബേബിയാണ് . കാസറ്റിങ്ങിലെ പെർഫെക്ഷൻ  ഒരു  കഥാപാത്രത്തെ  പ്രേക്ഷകരിലേക്ക്  അടുപ്പിക്കുന്നതിൽ  പ്രധാന  പങ്കു  വഹിക്കുന്നു എന്നതിന്  ഉദാഹരണമാണ്  ലക്ഷ്മി.

ജെസ്സിയുടെയും, വിഷ്ണുവിന്റെയും,റോയിയുടെയും കഥക്കിടയിൽ  ഒരു  മിനിക്കഥ  പോലെയാണ്  ലക്ഷ്മിയുടെ  ജീവിതം എഴുതി ചേർത്തിരിക്കുന്നത്.
വയനാടൻ  മണ്ണിലെ ഒരു സാധാരണ  കുടുംബത്തിൽ  ജനിച്ചു  വളർന്ന ലക്ഷ്മിയുടെ ലോകം  വീടും,വീട്ടുകാരും  ജെസ്സിയുമാണ്.വാറു പൊട്ടിയ  ചെരിപ്പെടുത്തു   കയ്യിൽ  തൂക്കിയാൽ  നാട്ടുകാരെന്ത്  വിചാരിക്കുമെന്നു     ജെസ്സിയോട്  പരിഭവം  പറയുന്ന ലക്ഷ്മി  ഒരു  സാധാരണ പെൺകുട്ടിയുടെ  ആകുലതകളാണ്  പങ്കു  വെക്കുന്നത്.

തന്റെ  ആഗ്രഹങ്ങൾ  എല്ലാം  ഉള്ളിലടക്കി  വീട്ടുകാരെ  ബഹുമാനിക്കുന്ന  കുറുമ്പും,കുസൃതിയും,അസൂയയും  നിറഞ്ഞ ഒരു  സാധാരണക്കാരിയായ  പെൺകുട്ടിയാണ്  ലക്ഷ്മി. കവലയിൽ  ഉയർന്ന  ജെസ്സിയുടെ  മുഖചിത്രമുള്ള   ഫ്ലെക്സിലേക്ക്  നോക്കുന്ന സന്ദർഭത്തിൽ എല്ലാ  പെൺകുട്ടികളെയും  പോലെ     ലക്ഷ്മിയുടെ മുഖഭാവം  അല്പം  അസൂയ നിറഞ്ഞതാവുന്നു.  അതേ  സമയം   അതൊക്കെ  മറച്ചു  വച്ചു  കുഴപ്പമില്ല  എന്നൊരു  വാചകത്തിലൂടെ  കൂട്ടുകാരിയെ  അഭിനന്ദനങ്ങൾ  അറിയിക്കാനും  അവൾ  മറക്കുന്നില്ല.അസൂയ എന്ന സാധനം തനിക്കും  ജെസ്സിക്കുമിടയിൽ   കടന്നു വരുമ്പോൾ  അതിനെ  വേണ്ട  രീതിയിൽ  കൈകാര്യം  ചെയ്യാനുള്ള  ലക്ഷ്മിയുടെ  പക്വതയാണ്  അവിടെ  നിഴലിക്കുന്നത്.ഒരു  ഫോൺ  പോലും  കൈവശമില്ലാത്ത  ലക്ഷ്മി അതിനു  വേണ്ടി  ആഗ്രഹിക്കുന്നുണ്ടെങ്കിലും വീട്ടിലെ  തന്നെ  മറ്റൊരു  പാര  അവളുടെ  ആഗ്രഹങ്ങൾക്ക്  തുരങ്കം  വെക്കുന്നതായി  കാണാൻ  കഴിയുന്നുണ്ട്. അപ്പോഴും  തന്റെ  പ്രസ്താവന  വളച്ചൊടിച്ചല്ലേ  എന്ന്  തുറന്നടിക്കുന്നു.

അയൽവാസികൾ എന്നതിനുമപ്പുറം   ലക്ഷ്മിക്കും  ജെസ്സിക്കുമിടയിൽ  നില നിന്നിരുന്ന  ആത്മബന്ധത്തിന്റെ  തീവ്രത  വ്യക്തമാവുന്നത്   വിഷ്ണുവിനെ  തേടി  പോകാനുള്ള  ജെസ്സിയുടെ  തീരുമാനം അറിയുന്ന  നിമിഷമാണ്.ഓർക്കാപ്പുറത്ത്   ആ  വാർത്ത  ഏറ്റു  വാങ്ങുന്ന  ലക്ഷ്മി  കൂട്ടുകാരിയുടെ  തീരുമാനത്തിന്  മുന്നിൽ  പകച്ചു  പോവുന്നു. എങ്കിലും പാതി മനസ്സോടെ  കൂട്ടുകാരിയെ യാത്രയാക്കുന്ന  ലക്ഷ്മിയുടെ  മനസ്സിൽ  ഇരുണ്ടു കൂടിയ  കാർമേഘങ്ങൾ   ഒരു മഴയായി അന്ന്  രാത്രിയും  ജെസ്സിയുടെ  യാത്രയുടെ  തുടക്കവും  പെയ്യുന്നു.കോഴിക്കോട്  എത്തിയ  ശേഷം  വിളിക്കണേ  എന്നുള്ള  വാചകങ്ങളിൽ  ലക്ഷ്മിക്ക്  ജെസ്സിയോടുള്ള  കരുതൽ  വ്യക്തമാക്കുന്നതായിരുന്നു.അവളുടെ  മനസാക്ഷി  അപ്പോഴും ജെസ്സിയെ  വിലക്കുന്നുണ്ടായിരുന്നിരിക്കാം.
ജെസ്സി ലോഡ്ജിൽ മുറിയെടുത്തു   എന്ന്  കേൾക്കുമ്പോൾ ചുളിഞ്ഞ  നെറ്റിയുമായി  അവളോട്‌  ഫോണിലൂടെ   തന്റെ  വേവലാതി  വ്യക്തമാക്കുകയും  സൂക്ഷിക്കണം  എന്ന  മുന്നറിയിപ്പ്  നൽകാനും  ശ്രമിക്കുന്ന  ലക്ഷ്മിയെ  അതേ  തീവ്രതയോടെ  നമുക്ക്  മുന്നിലെത്തിക്കാൻ  നിൽജക്ക്   സാധ്യമായിരുന്നു.സ്വന്തം അമ്മ ജെസ്സിയെ  അന്യോഷിക്കുമ്പോൾ  കള്ളം  പറയുന്നതിലുള്ള  വേവലാതിയും  ലക്ഷ്മി  ഒട്ടും  മറച്ചു  വെച്ചിരുന്നില്ല. നിഷ്കളങ്കമായ  മുഖവും,സംസാരവും   പക്വതയൊത്ത  പെരുമാറ്റവുമായി  ലക്ഷ്മി  അപ്പോൾ  നടന്നു  കേറിയത്  പ്രേഷകരിലേക്കായിരുന്നു.

©ജിയോ ജോർജ്

BULBBUL

BULBBUL

Genre         : Supernatural/Drama
Language  : Hindi
Year           :  2020

“അവൾ ദേവിയാണ്… “

ദുഷിച്ച   ഈ ലോകത്ത്   അവളൊരു  ദേവതയാണ്.മറ്റാർക്കും  കാണാൻ  കഴിയാത്ത  അവളുടെ    മനസ്സ്  വായിച്ചെടുത്ത ഒരുവന്റെ   വാചകം സിനിമയവസാനിച്ചപ്പോഴും  ഹൃദയത്തിൽ  മുഴങ്ങുന്നുണ്ട്.

1881 ൽ  ബംഗാൾ പ്രെസിഡെൻസിയിൽ ബുൾബുൾ എന്ന അഞ്ചു വയസ്സുകാരിയെ  ഇന്ദ്രാനിൽ  എന്ന യുവാവ്  വിവാഹം കഴിക്കുന്നു. ശേഷം ഇന്ദ്രനില്ലിന്റെ    കൊട്ടാര സമാനമായ വീട്ടിലേക്കുള്ള  യാത്രയിൽ പല്ലക്കിലിരുന്ന്   സത്യ എന്ന ബാലൻ  അവളോട്‌  ആ  കാട്ടിൽ ഉണ്ടെന്നു  പറയപ്പെടുന്ന  രാത്രി കാലങ്ങളിൽ  ആണുങ്ങളുടെ  കഴുത്തു മുറിച്ചു  ചോര  കുടിക്കുന്ന  ഒരു മന്ത്രവാദിനിയുടെ  കഥ  പറയുന്നിടത്താണ്  സിനിമയുടെ  തുടക്കം.
  

ഇന്ത്യയിൽ  ഒരു  കാലഘട്ടത്തിൽ  നില നിന്നിരുന്ന    ശൈവവിവാഹം,പീഡോഫിലിയ,ഗാർഹിക പീഡനം, ലിംഗ അസമത്വം എന്നീ ദുഷിച്ച കാര്യങ്ങളെ   ബന്ധിപ്പിച്ചു  കൊണ്ട്   സാമൂഹിക  പ്രാധാന്യമുള്ള  വിഷയമാണ്  ചിത്രം  ചർച്ച  ചെയ്യുന്നത്.സ്ത്രീപക്ഷ പ്രമേയത്തിൽ
ഫാന്റസിയുടെ  അനന്തസാധ്യതകൾ  ഉപയോഗപ്പെടുത്തിയുള്ള  കഥപറച്ചിൽ  രീതിയാണ്  ഈ  സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.സിനിമയെ വ്യത്യസ്തമാക്കിയതും ആ കഥ പറച്ചിൽ രീതിയാണ്.
ഒരു  യക്ഷിക്കഥ  പോലെ  തോന്നുന്ന  തുടക്കവും  ഒടുക്കവുമുള്ള   ബുൾബുൾ  പ്രേഷകനൊരു  ദൃശ്യവിരുന്നാണ് എന്ന്  പറയാം.കാഴ്ചക്കാരെ   പിടിച്ചിരുത്തുന്ന ഒരുപിടി   ഫ്രെയിമുകൾ, കളർഗ്രേഡിംഗ്,ബാക്ക്ഗ്രൗണ്ട്  മ്യൂസിക് ഇവയൊക്കെ ചേർത്താൽ ടെക്നിക്കലി മികച്ച ഒരു അനുഭവമാണ് ബുൾബുൾ തരുന്നത്. അഭിനേതാക്കളുടെ  മികവുറ്റ  പ്രകടനം മറ്റൊരു പ്ലസ് പോയിന്റാണ്.
നെറ്റ്ഫ്ലിക്സിന് വേണ്ടി അനുഷ്ക ശർമ്മയും സഹോദരനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എഴുത്തുകാരി കൂടിയായ അൻവിത ദത്ത് ആണ്.

©Geo George