രക്തനിറമുള്ള ഓറഞ്ച്

രക്തനിറമുള്ള  ഓറഞ്ച് ” ജി ആർ ഇന്ദുഗോപന്റെ  പ്രഭാകരൻ സീരിസിൽ മൂന്നാമത്തെ പുസ്തകം.ആദ്യ  രണ്ടു  ബുക്കിൽ  നിന്നും ഒരുപാട് വ്യത്യസ്തമാണ്  പ്രഭാകരന്റെ  മൂന്നാം  വരവ്.ആദ്യ നോവലുകൾ പോലെ ഡിറ്റക്റ്റീവ്  പ്രഭാകരന്റെ  ത്രില്ലടിപ്പിക്കുന്ന അന്വേഷണവഴികൾ  പ്രതിഷിക്കുന്നവർക്ക്  ചിലപ്പോൾ ചെറിയൊരു  നിരാശ തോന്നും  രക്തനിറമുള്ള  ഓറഞ്ച്  വായിക്കുമ്പോൾ. കാരണം ഇത് പ്രഭാകരന്റെ  മാത്രം  കഥയല്ല.പുതിയ കുറച്ചു കഥാപാത്രങ്ങളുടെ  ജീവിതത്തിലൂടെയാണ്   പ്രിയപ്പെട്ട ഇന്ദുഗോപൻ വായനക്കാരെ കൊണ്ട് പോവുന്നത്. ‘രക്ത നിറമുള്ള ഓറഞ്ച്’, ലഘുനോവലായ  ‘രണ്ടാം നിലയിൽ  ഉടൽ’ എന്നിവയാണ്  നൂറ്റിഇരുപത്തിയേഴു പേജുള്ള  ബുക്കിന്റെ  ഉള്ളടക്കം.

രക്തനിറമുള്ള ഓറഞ്ച്

“സാധാരണ ജനം സ്വന്തം  വയറ്റിപിഴപ്പിനെകുറിച്ചാ ചിന്തിക്കുന്നത്. അതൊക്കെ മാറ്റി, അവന്റെ ശ്രദ്ധ മാറ്റി ആംഡബരത്തിന്റെ പുറകെ നടത്തിച്ചു, കച്ചോടം നടത്തുകയാണ്  ലോകം ചെയ്യുന്നത്. അവനെ  നശിപ്പിക്കുന്നതിലാണ് ഗവേഷണം.”
നാഗ്പൂരിൽ നിന്നും വാങ്ങുന്ന  ഓറഞ്ച് പാക്കറ്റും അതിലുള്ള  ഫോൺ നമ്പറും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും,കൊല്ലം ബസ്‌ സ്റ്റാൻഡിൽ ഓറഞ്ച്  വിറ്റു നടന്നു  അപ്രതീഷിതമായി കോടിശ്വരനാവുന്ന  അബൂബക്കറിലൂടെയുമാണ്  നോവൽ  മുന്നോട്ടു  പോവുന്നത്. പ്രഭാകരന്റെ  സഹാസിക രംഗങ്ങൾ  പ്രതിഷിച്ചു  ഇരിക്കുന്ന  വായനക്കാരന്  മുന്നിലേക്ക്  നിഗൂഢസ്വാഭാവം  നന്നേ  കുറഞ്ഞ  ഒരു സ്ലോ  ഡ്രാമയാണ് വന്നു ചേരുന്നത് .ഓറഞ്ച്  മുതലാളി സേട്ടുവിന്റെ  കഥാപാത്രം ഏറെ  ആകർഷകമായിരുന്നു. വർത്തമാന കാലത്ത് ഏറെ  പ്രസക്തവും, അർഥവത്തുമായ  കഥയാണ്  രക്തനിറമുള്ള ഓറഞ്ച്. മേല്പറഞ്ഞതു പോലെ  ആഡംബരത്തിന്റെ പുറകെ  പായുന്ന  ഒരു  ജനതയെ  നമുക്ക്  കാണാനാവും. അതു ചിലപ്പോൾ ഞാനാവാം, നിങ്ങളാവാം, അതുമല്ലെങ്കിൽ  നമുക്ക്  ചുറ്റുമുള്ളവരാകാം.എന്ത് തന്നെയാണെകിലും  രക്തനിറമുള്ള  ഓറഞ്ച്  മുന്നോട്ടു  വെക്കുന്ന  ആശയങ്ങൾ  ഏറെ പ്രാധാന്യമർഹിക്കുന്നവയാണെന്നാണ് നിഗമനം.മനുഷ്യന്റെ  ആർത്തി,പക, ദാരിദ്ര്യം, നിസ്സഹായത,  ക്ഷമിക്കാനുള്ള  മനസ്സ് എന്നിവയെല്ലാം രക്തനിറമുള്ള  ഓറഞ്ചിൽ ദർശിക്കാനാവും.

രണ്ടാം നിലയിൽ  ഉടൽ

വായനയിലുടനീളം 
സിനിമാറ്റിക് എക്സ്പീരിയൻസ്  തരുന്ന ഗംഭീര ലഘു  നോവലാണ് രണ്ടാം നിലയിൽ  ഉടൽ.ഡിറ്റക്റ്റീവ് പ്രഭാകരൻ തന്നെ  ഏറെ  കുഴപ്പിച്ച  ഒരു കേസിനെക്കുറിച്ചു സുഹൃത്തുക്കളോട് വിവരിക്കുന്നതിലൂടെ കൗതുകവും ആകാംഷയും  വായനക്കാരിൽ ഉണർത്തുന്ന നോവലാണിത്. സാഹസിക നീക്കങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന   പ്രഭാകരന്റെ  പ്രായം എഴുത്തുകാരൻ കൃത്യമായി  വെളിപ്പെടുത്തിയത്  കൗതുകകരമായി തോന്നി.യുക്തിയുള്ള അപകടങ്ങളിൽ കാലുവെക്കാനുറച്ചു നടന്നു നീങ്ങുന്ന  പ്രഭാകരൻ   പുതിയ സാഹസികതകളുമായി വീണ്ടും  വരുമെന്ന് കരുതുന്നു.

രക്തനിറമുള്ള ഓറഞ്ച്
Author        :  ജി. ആർ  ഇന്ദുഗോപൻ
Publisher   :  ഡിസി ബുക്സ്
Price          :   80/-

©Geo George

ദാമിയന്റെ അതിഥികൾ

“Historical fiction at it’s Best.”

ദാമിയന്റെ അതിഥികൾ എന്ന നോവലിനെ ചുരുങ്ങിയ  വാചകങ്ങളിൽ  ഇങ്ങനെ വിശേഷിപ്പിക്കാം.”ഓഷ് വിറ്റസിലെ  ചുവന്ന പോരാളി” എന്ന  ആദ്യ നോവലിലൂടെ തന്നെ മലയാള  സാഹിത്യ രംഗത്ത് തന്റെ വരവറിയിച്ച എഴുത്തുകാരനാണ് അരുൺ ആർഷ.അദേഹത്തിന്റെ  രണ്ടാം നോവലാണ് ഇത്. ജർമ്മനിയിലെ ചോരമണക്കുന്ന നാസിപ്പടയുടെ കഥകളിൽ നിന്നും  തെക്കേ അമേരിക്കയിലെ  സ്പാനിഷ് കോളനി വാഴ്ചയിലേക്കും, സ്വർണ്ണവേട്ടക്കാരായ നാവികരിലേക്കും, അവരുടെ സാഹസികതകളിലേക്കുമാണ്  രണ്ടാം  നോവലിൽ എഴുത്തുകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. തീർത്തും അപരിചിതമായ  കഥയും, കഥാപാത്രവും, ദേശവും ചടുലമായ ഭാഷയിൽ വിവർത്തന കൃതികളോട് കിട പിടിക്കുന്ന രീതിയിൽ അവതരിപ്പിച്ച എഴുത്തുകാരന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

എന്റെ  പരിമിതമായ അറിവുകളും, ഓർമ്മകളും ശെരിയാണെങ്കിൽ  കടൽയാത്രയും, നിധിവേട്ടയും, യുദ്ധവും ഇതിവൃത്തമാക്കി മലയാളത്തിൽ അധികം രചനകൾ ഉണ്ടായിട്ടുണ്ടാവില്ല. ചോരയുടെ മണമുള്ള കടൽയാത്രകളും, കടൽകൊള്ളയും, കടൽയുദ്ധങ്ങളുമെല്ലാം  ദാമിയനിൽ പശ്ചാത്തലമായി വരുന്നുണ്ട്.കഥയെക്കുറിച്ചു നിങ്ങൾക്ക്  വ്യക്തമായ  ഒരു ധാരണ തരാതെ  ഇങ്ങനെയൊരു വായനാകുറിപ്പ് എഴുതുന്നത്  വായനാസുഖത്തെ യാതൊരു വിധത്തിലും  ബാധിക്കാൻ പാടില്ല എന്ന് ഈ  നോവൽ  മൂന്നാവർത്തി വായിച്ചു എനിക്ക്  ബോധ്യമായത് കൊണ്ടാണ്.

ചരിത്രവും  ഭാവനയും   കൂടിക്കലർത്തി ഒരുക്കിയ  നോവലാണ് ആറു വർഷം സമയമെടുത്ത്  മൂന്നു ഭാഗങ്ങളായി അരുൺ ആർഷ രചിച്ച  ദാമിയന്റെ അതിഥികൾ.ആദ്യ രണ്ടു  ഭാഗവും  പരസ്പരം ബന്ധിപ്പിച്ചു മൂന്നാം ഭാഗത്തിൽ  എത്തുമ്പോൾ  വായനയിലെ ത്രില്ലിങ്ങും ആകാംഷയും  അതിന്റെ  ഉന്നതിയിലെത്തുന്നു.ആദ്യ ഭാഗത്തിൽ  ജുവാനയിലൂടെയും,ഗോൺസാലസിലൂടെയും  രണ്ടാം ഭാഗത്തിൽ ബാൽവോവോയിലൂടെയും പറഞ്ഞു പോവുന്ന നോവൽ മൂന്നാം ഭാഗത്തിൽ  അവസാനിക്കുന്നത്  പിസ്സാരോയുടെ  സാഹസികതയിലൂടെയാണ്.ഓരോ ഭാഗങ്ങളും  വളരെ ചെറിയ അദ്ധ്യായങ്ങൾ ആയി എഴുതിയത് കൊണ്ടാണോ എന്നറിയില്ല മികച്ച വായനാസുഖമാണ് ലഭിച്ചത്. പാശ്ചാത്യൻ ഭംഗിയുള്ള ഗംഭീര അവതരണമാണ് ദാമിയന്റെ മറ്റൊരു പ്രിത്യേകത.വായനക്കാരെ ഞെട്ടിക്കാനുള്ള  ഒരുപാടു  രംഗങ്ങളാൽ സമ്പന്നമാണ്  അവസാന അദ്ധ്യായങ്ങൾ.കടലിലെ യുദ്ധരംഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ  ചെറുതെങ്കിലും  അത്രയേറെ  ആകർഷകമായിരുന്നു.വായനയെ സ്വാധീനിച്ച മറ്റൊരു ഘടകമാണ്  പ്രവചനാതീതമായ രീതിയിൽ  അരങ്ങേറുന്ന സംഭവങ്ങളും കഥാപാത്രങ്ങളും.ഊഹിക്കാൻ പോലും കഴിയാത്ത ഒരു തലത്തിലേക്ക് കഥയും , കഥാപാത്രങ്ങളും ഈ നോവലിൽ  മാറ്റപ്പെടുന്നത് വായനക്കാരിൽ അത്ഭുതം സൃഷ്ടിച്ചേക്കാം.

കഥ, കഥാപാത്രസൃഷ്ടി, സംഭാക്ഷണം, അവതരണശൈലി, ഭാഷ എന്നീ  ഏതു  മേഖലയെ  എടുത്തു നോക്കിയാലും  ദാമിയന്റെ അതിഥികൾ എന്ന നോവൽ ഒരു പാഠപുസ്തകം ആയിട്ട് എടുക്കാൻ കഴിയുമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.മുന്നൂറ്റി അറുപതു പേജുകളുള്ള  ഈ  നോവൽ മലയാളത്തിൽ   വന്ന മികച്ച വർക്കുകളിൽ ഒന്നാണ്.വായിക്കാതെ മാറ്റി വെക്കുന്നവരുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണു .കാരണം പാശ്ചാത്യൻ ഭംഗി നുകർന്നു കൊണ്ട്  ഒരു  മലയാളിയുടെ തൂലികയിൽ പിറവിയെടുത്ത ഗംഭീര നോവൽ  ആസ്വദിക്കാനുള്ള  അവസരമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. 

ദാമിയന്റെ അതിഥികൾ
Author        :  അരുൺ ആർഷ
Publisher   :  ഗ്രീൻ ബുക്സ്
Price           :   435/-

© Geo George

വെളിപാടിന്റെ പുസ്തകം

“ദിനേശൻ മൂപ്പനാവുകയാണ്. പകർന്നാട്ടം. ഒന്നിനിന്ന്  മറ്റൊന്നിലേക്ക്;പഴമയിൽനിന്ന് പുതുമയിലേക്ക്. നിയോഗത്തിന്റെ ബാധ്യത പകർത്തപ്പെടുകയാണ്. തീരാത്ത വൃഥകളുടെ വ്യർത്ഥത തുളുമ്പാൻ ഒരു ജന്മം കൂടി.
                  – വെളിപാടിന്റെ പുസ്തകം “

ചോച്ചേരികുന്നിനു കീഴെ പരന്നു കിടക്കുന്ന ഏഴാലിപ്പാടം.കുന്നിന്റെ ഉച്ചിയിൽ അമ്പല കോവിലിൽ കഴിഞ്ഞു കൂടുന്ന സുപ്രൻ തെയ്യം.പാടത്തിന്റെ നടുക്ക് ദെച്ചുവിന്റെ കിണർ.ഏഴാലിപ്പാടത്തെ ഓരോ ആത്മാക്കളുടെയും ചൂടും ചൂരും അറിഞ്ഞ മൂപ്പന്മാർ,പറഞ്ഞോടിക്കാവിൽ കുടിയിരിക്കുന്ന ദേവത. ദിനേശൻ, ദെച്ചു, കുറുമ്പ, അങ്ങനെ ഒരുപിടി കഥാപാത്രങ്ങളിലൂടെ വായനയുടെ ഭ്രാന്തമായ ഒരു ലോകത്തേക്ക് വായനക്കാരെ നയിക്കുന്ന നോവലാണ്  വെളിപാടിന്റെ പുസ്തകം.

മിത്തുകളും, ഐതിഹ്യങ്ങളും, പഴങ്കഥകളും കോർത്തിണക്കി  നൂറ്റിപന്ത്രണ്ടു പേജുകളിലായി വിപിൻ‌ദാസ് നായർ  എന്ന  നവാഗത എഴുത്തുകാരൻ  ഒളിപ്പിച്ചു  വെച്ചിരിക്കുന്നത്  മാജിക്കൽ  റിയലിസത്തിന്റെ മായകാഴ്ചകളും  കഥാപാത്രങ്ങളുമാണ്. വിശ്വസിക്കാൻ  പ്രയാസമായ ഒരു കഥയെ അവിശ്വസനീയമായി വായനക്കാരിലേക്ക് എത്തിക്കുക  എന്നത്  ശ്രമകരമായ  ഒരു ജോലിയാണ്.ആ  ജോലി  വിപിൻ‌ദാസ്   ഭംഗിയായി  നിർവഹിക്കുന്നു.

മരണത്തിന്റെയും, പകയുടെയും ഗന്ധം വായനക്കാരന് ചുറ്റും വാരിയെറിഞ്ഞു  ഞെട്ടിക്കുന്നതിൽ  നോവൽ  വിജയമാണ്.ചില കഥാപാത്രങ്ങൾ  നിമിഷ നേരം  കൊണ്ട്  വന്ന് അതെ വേഗതയിൽ മാഞ്ഞു പോവുമ്പോൾ വായനക്കാരൻ ഭ്രമാത്കമായ ഒരു ലോകത്തേക്ക് നയിക്കപ്പെടുന്നു.ദെച്ചുവിന്റെ മരണം നോവലിൽ ഏറെ വേദനിപ്പിച്ച ഒരു ഭാഗമാണ്. മരണഗന്ധത്തിൽ  വീർപ്പുമുട്ടുന്ന ദിനേശന്റെ  രൂപം അവസാനം വരെ  വേട്ടയാടിയേക്കാം വായനക്കാരെ.

ഏറ്റവും  ആകർഷണീയമായി  അനുഭവപ്പെടുന്നത്  ഭാഷയും അവതരണ ശൈലിയുമാണ്. ആദ്യ വായനയിൽ ചില പ്രാദേശിക പദങ്ങളുടെ  അർഥം അറിയാത്തതിനാൽ   നിഘണ്ടു തപ്പേണ്ടി വന്നിരുന്നു.നോൺ ലീനിയർ നരേഷൻ ആയതിനാൽ  ആദ്യ വായനയിൽ തോന്നിയ കൺഫ്യൂഷൻ   രണ്ടാം വായനയിൽ തുടക്കത്തിലേ   നികത്താൻ  കഴിഞ്ഞിരുന്നു. നമുക്ക്  അപരിചിതമായ ഒരു  പ്രാദേശിക  ഭാഷയും,ശൈലിയും  ആദ്യമായി  വായിക്കുമ്പോൾ ആദ്യമൊരു  അപരിചിത്വം  തീർച്ചയായും   ഫീൽ  ചെയ്യും.വെളിപാടിന്റെ പുസ്തകം  വായിക്കാനെടുക്കുമ്പോഴും അങ്ങനെയൊരു  അനുഭവം ഉണ്ടാവും.അവതരണത്തോടും ഭാഷയോടും  പതിയെ  ഇഴുകിചേർന്ന്  കഴിഞ്ഞാൽ  ഒറ്റ ഫ്ലോയിൽ  വായിച്ചു തീർക്കാവുന്നതേയുള്ളു ഈ ചെറിയ നോവൽ .എഴുത്തുകാരന്റെ  ആദ്യ നോവലിന്റെ കുറവുകൾ ഉണ്ടാവാം.അത് ഒഴിവാക്കിയാൽ  വ്യത്യസ്തമായ വായനാ അനുഭവമാകും   വെളിപാടിന്റെ പുസ്തകം.

വെളിപാടിന്റെ പുസ്തകം
Author        :  വിപിൻ‌ദാസ് നായർ
Publisher   :  കൈരളി ബുക്സ്
Price          : 120/-

©Geo George

ബിരിയാണി

“വെറും ബിരിയാണിയല്ല.കുയിമന്തിവരെയ്ണ്ട്  മോനേ. ഇദു ഈടത്തെ ലോക്കൽ ഇച്ചാമാരെ മംഗലത്തിനു  കിട്ടണ ചല്ലുപുല്ല്
ബിരിയാണിയല്ല ഒന്നാം തരം ബസുമതി അരീന്റെ  ബിരിയാണിയാ. പഞ്ചാബീന്ന് ഒരു ലോഡ് അങ്ങനെ തന്നെ ഇറക്കി.
                          – ബിരിയാണി “

“വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന ബിരിയാണി. ” സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയെക്കുറിച്ചുള്ള നിരൂപണങ്ങളിലും, ചർച്ചകളിലും, വായനാകുറിപ്പുകളിലും  കണ്ടൊരു വാചകമാണിത്. കലന്തൻ ഹാജിയുടെ ഊട്ടു പുരയിൽ നിന്നും അന്തരീക്ഷത്തിൽ  ഒഴുകി പരക്കുന്ന ബിരിയാണിയുടെ  ഗന്ധവും, രുചിയും  ഗോപാൽ യാദവിലൂടെ  പറഞ്ഞവസാനിപ്പിക്കുമ്പോൾ  കണ്ണുകൾ  നിറയാത്ത വായനക്കാരുണ്ടാവില്ല.വരികൾക്കിടയിലൂടെ  വായിക്കപ്പെടുന്ന   രചനയാണ്‌  ബിരിയാണിയെന്ന  ചെറുകഥ.ഇങ്ങ് കേരളം മുതൽ  ബീഹാറും, ഗൾഫുമെല്ലാം കടന്നു  വരുന്ന  ബിരിയാണി  പറഞ്ഞു  വെക്കുന്നത്  സമകാലിക  ജീവിതത്തിന്റെ  നേർകാഴ്ചയാണ്. വിശപ്പ് എന്ന വികാരത്തെ  പലരും പല രീതിയിൽ  അവതരിപ്പിച്ചപ്പോഴും  ബിരിയാണി അതിൽ നിന്നെല്ലാം  വ്യത്യസ്തമായത് ഉൾക്കാഴ്ചകൾ തുറന്നു നൽകി.
അടുത്ത കാലത്ത്  ഏറെ  വായിക്കപ്പെടുകയും  ചർച്ചാ വിഷയം  ആവുകയും  ചെയ്തൊരു  കൃതിയെന്ന  നിലയിൽ  ബിരിയാണിക്ക്  വീണ്ടും ഒരു  നിരൂപണമെഴുതുക  എന്നെപ്പോലുള്ള  സാധാരണ വായനക്കാർക്ക്  അസാധ്യമാണ്. അത്രമേൽ  ഹൃദയത്തെ കൊളുത്തി വലിക്കുന്ന  കഥയും കഥാപാത്രങ്ങളും  അരങ്ങു  തകർക്കുന്ന ഒരു ചെറുകഥ  സമീപ കാലത്ത്  വായിച്ചിട്ടുമില്ല.

മനുഷ്യാലയങ്ങൾ

“പക ഓർമ്മയുടെ വിന്നാഗിരിയിൽ ഇട്ടു വെച്ച  കാന്താരി മുളക് പോലെയാണ്. കാലപ്പഴക്കം മൂലം ഇത്തിരി എരിവ് കുറഞ്ഞേക്കാമെങ്കിലും അതൊരിക്കലും നശിച്ചു പോവില്ല.”

എത്ര മനോഹരമായ സത്യം.കടവി രാജുവിന്റെ  പകയുടെ  നേർചിത്രം വരച്ചിടുന്ന മനുഷ്യാലയങ്ങൾ  എന്ന  ചെറുകഥ  ഞെട്ടിച്ചത് ചതഞ്ഞര കുരുവിക്കൂട് ഒരു പ്രതീകമായി കഥയവസാനിക്കുമ്പോഴാണ്.പള്ളിയിലെ  നെയ്‌ച്ചോറിൽ  മണ്ണെണ്ണയൊഴിച്ചു  വർഗ്ഗീയ വാദിയെന്ന പേര് സമ്പാദിച്ച കടവിയെ എഴുത്തുകാരൻ  വായനക്കാർക്ക്   പരിചയപ്പെടുത്തുമ്പോഴും സംശയത്തിന്റെ  ഒരു ചെറു കണികക്കു  പോലും  ഇട നൽകാതെ  അനായാസമായി  ഒരു കുരുവിക്കൂടിലൂടെ  പകയുടെ  വേറിട്ട  മുഖം അനാവരണം ചെയ്ത  എഴുത്തുകാരന്റെ  മികവിനെ  അഭിനന്ദിക്കാതെ തരമില്ല. എന്നാണ് 

   
uvwxyz,ആട്ടം, ലിഫ്റ്റ്,
സിനിമാകഥയെഴുതാൻ  മോഹിച്ചു  ഇളയച്ഛനെ കാണാൻ പുറപ്പെടുന്ന  കഥാനായകന്റെ  അനുഭവം പറയുന്ന  നായക്കാപ്പ്,
ശ്രീപത്മനാഭനെ ഇതിവൃത്തമാക്കിയ  മരപ്രഭു,എന്നീ ചെറുകഥകളും ബിരിയാണിയെ  ഗംഭീരമാക്കുന്നു.
ഒരു യഥാർത്ഥ  വായനക്കാരൻ  നിർബന്ധമായും വായിച്ചിരിക്കേണ്ട  ബുക്കുകളുടെ ലിസ്റ്റിൽ  മുൻപന്തിയിൽ  തന്നെ ബിരിയാണിക്ക്  സ്ഥാനമുണ്ട്.

ബിരിയാണി

Author        : സന്തോഷ് ഏച്ചിക്കാനം
Genre         :  കഥകൾ
Publisher   :  ഡിസി ബുക്സ്
Price          :  110/-

ധ്വനി

ജീവിതം  പറയുന്ന  പത്തു കഥകൾ “

ധ്വനി എന്ന കഥാസമഹാരത്തിന്റെ ടാഗ് ലൈനാണിത്.എഴുത്തിന്റെയും വായനയുടെയും  പുതു വഴികൾ  തേടി സഞ്ചരിക്കുന്ന  നവാഗതരുടെ ആദ്യ പുസ്തകമാണെന്ന ചിന്തകൾ ഒന്നുമില്ലാതെ  ഒറ്റയിരുപ്പിൽ  വായിച്ചു  തീർക്കാവുന്ന  പത്തു ചെറുകഥകളാണ്  ബുക്കിന്റെ  ഉള്ളടക്കം.എഴുത്തിനും വായനക്കുമായി  വിശാലമായ  ഒരു  ലോകം  തുറന്നിട്ട നവമാധ്യമങ്ങൾ  ബുക്ക്‌ പബ്ലിഷിങ്ങിനും  വില്പനക്കും  കൂടതൽ അവസരങ്ങൾ  ഒരുക്കിയിട്ടുണ്ട്. പ്രതിലിപി പോലുള്ള  ഓൺലൈൻ ബ്ലോഗുകളിൽ  എഴുതുന്ന  ഒരു വ്യക്തി എന്ന നിലയിൽ  അതിൽ പരിചയപ്പെട്ട പലരുടെയും കഥകളും, ലേഖനങ്ങളും പിന്നീട്  അച്ചടി മാധ്യമങ്ങളിൽ  കണ്ടപ്പോൾ സന്തോഷം  തോന്നിയിട്ടുണ്ട്.ധ്വനി കയ്യിലെടുത്തപ്പോഴും  അതെ  സന്തോഷം ആയിരുന്നു.പ്രിയ സുഹൃത്തുക്കളുടെ  കഥകൾ  വായിക്കുന്നതിൽ.ധ്വനിയിലെ  വ്യത്യസ്തമായ പത്തു ചെറുകഥകളെയും  അവയുടെ എഴുത്തുകാരെയയും ധ്വനിയിൽ  പരിചയപ്പെടാം.

ശബ്ദമില്ലാത്തവരുടെ  മാനസിക സംഘർഷങ്ങൾ മുഖ വിലക്കെടുക്കാതെ അവരെ ഒളിഞ്ഞും തെളിഞ്ഞും  പരിഹസിക്കുന്ന  സമൂഹത്തിന്റെ വികൃതമായൊരു  മുഖവും  അനാവരണം ചെയ്യപ്പെടുന്ന  ഇന്ദുസുധീഷിന്റെ  “കുഞ്ചെക്കൻ  വയൽ”, പുണ്യ നദിയായ ഗംഗയിൽ നിന്നുമൊരു തുള്ളി ജലം അവസാനമായി കുടിച്ചു മോഷം പ്രാപിക്കാൻ ജീവശ്വാസം  വലിച്ചു കിടക്കുന്ന മനുഷ്യകോലങ്ങൾക്ക് ഇടയിൽ കഴിയുന്ന രാമന്റെ  കഥ  പറയുന്ന അബി ബാലകൃഷ്ണന്റെ” മരണാർഥി”, സ്വന്തം കുട്ടികളുടെ വളർച്ചയുടെ ഓരോഘട്ടത്തിലും ആകുലപ്പെടുന്ന അമ്മയുടെ  കഥ പറയുന്ന ജസ്‌ന  താരിഖിന്റെ  “ചുവർചിത്രങ്ങൾ” വാസ്തുശില്പി കെ. പി മനോജ്‌ കുമാറിന്റെ തൂലികയിൽ പിറവിയെടുത്ത ഫാന്റസി നിറഞ്ഞ  “തറവാട്. “
എഴുത്തുകാരിയായ പെണ്ണിലൂടെ, വിവാഹശേഷം അവൾ അനുഭവിക്കേണ്ടി വരുന്ന വിഷമതകളിലൂടെ കടന്നു പോവുന്ന  രതി പ്രതീപിന്റെ  “സമാഗമം “.
മലയാള ഭാഷ പഠനത്തിന്റെ  പ്രാധാന്യം കുഞ്ഞു മനസുകളുടെ കുറുമ്പുകളിലൂടെ പറയുന്ന വിനീത സന്തോഷിന്റെ  രസകരമായ  ചെറുകഥ  “മലയാളം  കൊണ്ടൊരു മധുരപ്രതികാരം.”
ഭ്രാന്തിപെണ്ണിന്റെ വയറ്റിലെ വാവയുടെ കഥയും  അനാഥത്വത്തിന്റെ നൊമ്പരവും പേറി  മനോജ്‌ വിജയന്റെ  “അസ്മി.”,
മാതാപിതാതാക്കളെ നൊമ്പരപ്പെടുത്തി വീട് വിട്ടിറങ്ങി ഒടുവിൽ മടങ്ങി വരുന്ന  കഥാനായകന്റെ ജീവിതവുമായി  സാന്ദ്ര രാജു കലൂർ രചിച്ച  “എങ്ങോ പോയി മറിഞ്ഞു”.  അമ്മയുടെ ഓർമ്മകളുമായി  പള്ളിയിൽ കല്ലറക്ക് മുന്നിലിരിക്കുന്ന മകനിലൂടെ മുന്നോട്ടു പോവുന്ന  അലക്സ്‌ എച് റ്റി യുടെ  “ആറടിമണ്ണ്”. ജയിൽപശ്ചാത്തലത്തിൽ മുന്നേറുന്ന ശരത്  എസ് പിള്ളയുടെ ” മോഷം”.
എന്നിവയാണ്  ധ്വനിയിലെ  പത്ത് ചെറുകഥകൾ.

വളരെ വേഗത്തിൽ  വായിച്ചു  തീർക്കാവുന്ന രചനകളാണ് ധ്വനിയിൽ  ഉൾകൊള്ളിച്ചിരിക്കുന്നത്. ജീവിതങ്ങൾ  പറയുന്നത്  കൊണ്ടാവും  കഥകൾ  ഹൃദയസ്പർശിയായിട്ടാണ് വായനയിൽ  ഫീൽ ചെയ്തത്. തുടക്കക്കാരുടെ  ആദ്യ പരിശ്രമത്തിൽ തന്നെ മനോഹരമായ പത്ത് കഥകൾ ഇതൾ വിരിഞ്ഞത് ഭാവിയിൽ കൂടതൽ നല്ല   രചനകൾ പിറവിയെടുക്കാനുള്ള  പ്രോത്സാഹനം ആവട്ടെയെന്നു  ആശിക്കുന്നു.

ധ്വനി

Genre           :    കഥകൾ
Publishers   :    പത്തായം ബുക്സ്
Price            :    110/-

©Geo George

രാത്രിയിൽ ഒരു സൈക്കിൾവാല

“ഒരാൾ പറയുന്നത് അതെ പടി നമ്മൾ വിഴുങ്ങരുത്. കിട്ടിയ വാചകങ്ങളെ അടുക്കി മനസ്സിൽ ഇടുക. ഇഴകീറി ഓരോന്നിലൂടെയും ഒന്നുകൂടി സഞ്ചരിക്കുക. അതൊരു നല്ല അപഗ്രഥന രീതിയാണ്.

                      –   ഡിറ്റക്റ്റീവ് പ്രഭാകരൻ “

ജി. ആർ  ഇന്ദുഗോപന്റെ  ഡച്ചുബംഗ്ളാവിലെ പ്രേതരഹസ്യം  എന്ന നോവൽ  വായിച്ചവർക്ക് രാത്രിയിൽ ഒരു സൈക്കിൾവാലയിലേക്ക്  എത്തുമ്പോൾ  പ്രധാന കഥാപാത്രമായ  ഡിറ്റക്റ്റീവ് പ്രഭാകരനെക്കുറിച്ച്  ഒരു മുഖവുരയുടെ ആവശ്യം  ഉണ്ടാവില്ല.കുറ്റാന്വേഷകന്റെ  വേറിട്ട മുഖം  സമ്മാനിച്ച  പ്രഭാകരന്റെ  നാലു  ദൗത്യങ്ങളാണ്  സീരിസിലെ  രണ്ടാം  വരവിൽ  വായനക്കാർക്ക്  മുന്നിലെത്തുന്നത്. ആദ്യ നോവലിൽ നിന്നും വ്യത്യസ്തമായി  പ്രഭാകരനെ  കൂടതൽ  അടുത്തറിയാനും കഴിയുന്ന വിധത്തിൽ  ടൈറ്റിൽ  കഥ  ഉൾപ്പടെ  നാലു ലഘുനോവലുകളാണ്  രാത്രിയിൽ ഒരു സൈക്കിൾ വാലയുടെ  ഉള്ളടക്കം.ആ നാലു നോവലുകളെ   ഇഷ്ടമായ ഓർഡറിൽ  പരിചയപ്പെടുത്തുന്നു.

ഇന്നു രാത്രി  ആരെന്റെ ചോരയിൽ ആറാടും…?

ഭീതിയുടെ മൂടുപടമണിഞ്ഞു     ആൾക്കൂട്ടങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന  ഒരു  വീടിനെ കേന്ദ്രീകരിച്ചാണ്  നോവൽ പുരഗോമിക്കുന്നത് . തന്റെ പുതിയ ദൗത്യത്തിൽ  പ്രഭാകരനെ  വേട്ടയാടുന്നത് ആ വീടിന്റെ  ചുമരിലൂടെ രാത്രികാലങ്ങളിൽ  നടക്കുന്ന പ്രേതങ്ങളാണ്.അതിനു പിന്നിലെ രഹസ്യം കണ്ടെത്താൻ   മൂന്ന് രാത്രികളിലായി   പ്രഭാകരൻ  നടത്തുന്ന  ശ്രമങ്ങളാണ്  നോവലിന്റെ ഇതിവൃത്തം.
അറിവില്ലായ്മകളിൽ  നിന്നും, മുൻധാരണകളിൽ നിന്നും ഉടലെടുക്കുന്ന  ഭയത്തിന്റെ  തീവ്രത  വളരെ  വലുതായിരിക്കുമെന്നു  പ്രഭാകരൻ അയാളുടെ അനുഭവത്തിലൂടെ  വായനക്കാരോട് സമർത്ഥിക്കുന്നുണ്ട്.തന്റെ ഏകാഗ്രതയും കൂർമ്മബുദ്ധിയും ഉപയോഗിച്ചു  പ്രേതരഹസ്യങ്ങൾ പ്രഭാകരൻ  പൊളിച്ചടുക്കുമ്പോൾ  വായനക്കാർ  ആകാംഷയുടെ  വേറെ  തലങ്ങളിലേക്ക്  നയിക്കപ്പെടും. ഇതാദ്യം വായിക്കാൻ പോവുന്നവരോട്,  ഈ  ബുക്കിലെ  ആദ്യ രചനയായ  ഓപ്പറേഷൻ കത്തിയുമായി  ഒരാൾ  പല നഗരങ്ങളിൽ  എന്ന നോവലിന്റെ  ഒരു തുടർച്ചയാണ്  ഇന്നു രാത്രിയിൽ ആരെന്റെ ചോരയിൽ  ആറാടും.അതിനാൽ കഥാപാത്രങ്ങൾക്ക്  ഒരു വ്യക്തത ലഭിക്കുവാൻ  ആദ്യം മുതലേ വായിച്ചു തുടങ്ങുക.

ഒരു പ്രേതബാധിതന്റെ ആത്മകഥ

“വിധിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നമ്മൾ ഉത്കണ്ഠപ്പെടെണ്ടാ. അതിനു കൃത്യമായ ധാരണകൾ  ഉണ്ട്. “

പ്രേതങ്ങൾ  ഉണ്ടെന്നു  വിശ്വസിക്കുകയോ, വിശ്വസിക്കാതെയിരിക്കുകയോ  ചെയ്യാം.പക്ഷെ പ്രഭാകരൻ പറയുന്നത്  ഒരു  കുടുംബകഥയാണ് പ്രേതബാധിതന്റെ ആത്മകഥയിലൂടെ. ഹൃദയസ്പർശിയായ  ഒരു പിടി മുഹൂർത്തങ്ങളും, അതിലുപരി  അവിശ്വസനീയമായ  കഥാസന്ദർഭങ്ങളും, കഥാപാത്രങ്ങളും നിറഞ്ഞ ലഘുനോവലാണിത്. കഥയെക്കുറിച്ചു  വിശദമായി  പറയുന്നില്ല.വായിച്ചു  ആസ്വദിച്ച്   സ്വയം  വിശ്വസിച്ചു  വിലയിരുത്തേണ്ട  ഒന്നാണ്  ഒരു പ്രേതബാധിതന്റെ  ആത്മകഥ.    ഇന്ദുഗോപന്റെ പല   കഥകളും,കഥാപാത്രങ്ങളും വായനക്കാരെ  വേട്ടയാടാറുണ്ട്. വായിച്ച  ശേഷം ഭ്രാന്തമായ  ഏതോ  ലോകത്ത്  ഇരിക്കുന്നത്  പോലെയുള്ള  മാനസിക  അവസ്ഥയും ഉണ്ടാവാറുണ്ട്. ഒരു പ്രേതബാധിതന്റെ  ആത്മകഥ  ഈ  വിധം   ഭ്രമിപ്പിക്കുന്ന ഒരു ലോകത്തേക്ക്  വായനക്കാരെ  നയിക്കാൻ  ഉതകുന്നതാണ്.

രാത്രിയിൽ ഒരു സൈക്കിൾവാല

എസ്.ഐ  അനന്തനു വീണ്ടുമൊരു  വലിയ കേസ് നേരിടേണ്ടി  വരുകയാണ്. കടപ്പുറത്ത്  കുഴി മാന്തി അസ്ഥികൂടങ്ങൾ  വലിച്ചു വാരിയിടുന്നു  ആരൊക്കെയോ.ആ  പ്രതിഭാസത്തിനു  പിന്നിലെ  രഹസ്യമറിയാൻ ഇറങ്ങിപുറപ്പെടുന്ന  അനന്തനെ  തേടി  സജിത എന്ന യുവതി എത്തുന്നതോടെ  കഥാഗതി മാറി മറിയുകയാണ്.നിഗൂഢതകളുടെ  ചുരുൾ അഴിക്കാൻ  പ്രഭാകരൻ  നിയോഗിക്കപ്പെടുന്നതോടെ  ത്രില്ലടിപ്പിക്കുന്ന  മുഹൂർത്തങ്ങൾ  സമ്മാനിച്ചു കൊണ്ട്  നോവൽ മുന്നേറുന്നു.കടലിന്റെ  തിരയിളക്കത്തിൽ, ഇടക്ക് രാജസ്ഥാന്റെ  പശ്ചാത്തലത്തിൽ   അന്വേഷണ വഴികൾ  സൂക്ഷമതയോടെ  കൈകാര്യം ചെയ്യുന്ന പ്രഭാകരനെ  ഇതിൽ നമുക്ക് കാണാനാവും.

ഓപ്പറേഷൻ  കത്തിയുമായി  ഒരാൾ  പല  നഗരങ്ങളിൽ

ചെങ്ങന്നൂർ  എസ് ഐയുടെ വീടിന്റെ പരിസരത്ത് നിന്നും  സംശയകരമായ  സാഹചര്യത്തിൽ ഒരാളെ പിടിക്കുന്നു.അയാൾക്ക്‌  പിന്നിലെ  രഹസ്യങ്ങൾ  കണ്ടെത്താനുള്ള  നിയോഗം  പ്രഭാകരനിൽ  വന്നു ചേരുന്നു. പതിവ്  പോലെ  കഥയിലും  കഥാപാത്രങ്ങൾക്ക്  ഇടയിലും ആകാംഷയുണർത്തിയാണ്  കഥയും  മുന്നോട്ടു  നീങ്ങുന്നത്. മേൽ സൂചിപ്പിച്ച  പോലെ   ഇന്നു രാത്രി ആരെന്റെ  ചോരയിൽ ആറാടും  എന്ന ലഘുനോവലിന്റെ  ആരംഭം  ഇതിൽ  നിന്നുമാണ്.

എഴുത്തിലെ  ശൈലി കൊണ്ടു വായനക്കാരെ  പിടിച്ചിരുത്തുന്ന
പ്രഭാകരൻ സീരിസിലെ  രണ്ടാമത്തെ  പുസ്‌തകവും വായിച്ചു  തൃപ്തിയായി  ഇരിക്കുമ്പോൾ  ഞാൻ ആലോചിക്കുന്നത്  ശ്രീ  ഇന്ദുഗോപനെകുറിച്ചും, ഞാനുൾപ്പെടുന്ന  വായനക്കാരെകുറിച്ചുമാണ്. 
അപസർപ്പകവഴിയിൽ  വർഷങ്ങൾക്കു മുന്നേ  മാറ്റത്തിന്റെ  കാറ്റുമായി അദ്ദേഹം  നടന്നു തുടങ്ങിയപ്പോൾ നമ്മളൊക്കെ  എവിടെയായിരുന്നു…?

രാത്രിയിൽ ഒരു സൈക്കിൾവാല
Author          :  ജി. ആർ ഇന്ദുഗോപൻ
Publisher     : ഡിസി ബുക്സ്
price             :  110/-

© Geo George

നീലച്ചടയൻ

എഴുത്തിന്റെയും വായനയുടെയും പുതുവഴികൾ തേടുന്നവരാണ് നമുക്ക് ചുറ്റും. ആ വഴിയെയാണ്  നീലച്ചടയൻ  എന്ന കഥാസമഹാരത്തിലൂടെ  നവാഗതനായ അഖിൽ കെയും സഞ്ചരിക്കുന്നത്. നീലച്ചടയൻ ഒരു ലഹരിയാണ്.ആ പേര് കേൾക്കുമ്പോൾ  ഇടുക്കി ഗോൾഡ് എന്ന  പദം ഓർമ്മ വരുന്നവർ  ഉണ്ടാവും.പക്ഷെ അത്തരമൊരു ലഹരിയല്ല ഈ ബുക്കിന്റെ  അടിസ്ഥാനം. മറിച്ച്  നല്ലൊരു വായനയുടെ  ലഹരിയാവും നീലച്ചടയൻ വായിക്കുന്നവരുടെ  സിരകളിൽ പടരുന്നത്.ഭയങ്കര കഥകൾ  എന്നൊന്നും  ഈ ബുക്കിനെക്കുറിച്ചു  പറയുന്നില്ല. എങ്കിലും ഒറ്റവായനയിൽ  തന്നെ  നല്ല വായന അനുഭവം സമ്മാനിച്ച  എട്ടു ചെറുകഥകളാണ്  നീലച്ചടയൻ  എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചെക്കിപ്പൂത്തണ്ട

വടക്കേ മലബാറിന്റെ തനത് കലാരൂപമാണ് തെയ്യം.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ  ആണ് അനുഷ്ഠാന കലാരൂപമായ  തെയ്യം അരങ്ങേറുന്നത്.  ആ  കലാരൂപത്തിന്റെ  ചുവടു പിടിച്ചു തെയ്യകോലങ്ങളുടെ നാട്ടിലൂടെ,തെയ്യം കെട്ടിയാടുന്ന ജീവിതങ്ങളുടെ  നേർകാഴ്ചകളുമായി  ഒരു പിടി കഥാപാത്രങ്ങളുമായിട്ടാണ്  ചെക്കിപ്പൂത്തണ്ടയുടെ  സഞ്ചാരം.കാലത്തിന്റെ കുത്തൊഴുക്കിൽ കാലങ്ങളായി  തെയ്യം കെട്ടി ആടിയിരുന്ന പെരുമലയന്റെയും,അച്ഛന്റെ പാത പിന്തുടർന്ന  മകൻ  അശോകന്റെയും ജീവിത ദൈന്യത വിദഗ്ദമായി  എഴുതി ചേർത്തിരിക്കുന്നു എഴുത്തുകാരൻ. അധികാര സ്ഥാനങ്ങളിൽ  ഇരിക്കുന്നവരുടെ  പിടിവാശികൾക്ക്  വിധേയമായി അടിച്ചമർത്തപ്പെടാൻ  വിധിക്കപ്പെടുകയും   അന്യം നിന്നു പോവുകയും ചെയ്യുന്ന  കലാരൂപങ്ങൾ സംരഷിക്കപ്പെടേണ്ടത്  ആണെന്ന മൂല്യബോധം പകരാനും ചെക്കിപ്പൂത്തണ്ട  ശ്രമിക്കുന്നു.

നരനായാട്ട്

സ്റ്റേറ്റ് അവാർഡ് ജേതാവ് കൂടിയായ  ശ്രീ  ബിപിൻ ചന്ദ്രൻ സിനിമയാക്കാൻ താല്പര്യം ഉണ്ടെന്നു അറിയിച്ച രചനയാണെന്ന്   അഖിൽ കെ സൂചിപ്പിച്ചിരുന്നു. നരനായാട്ടു  വായിക്കാനുള്ള  ആകാംഷയും അതോടൊപ്പം വർദ്ധിച്ചിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ  സുബാഷ് ഗഗനെ കെണി വെച്ച് പിടിക്കുന്ന  മൂവർ സംഘത്തിന്റെ നീക്കങ്ങളാണ്  കഥയുടെ ഇതിവൃത്തം.ത്രില്ലിംഗ് മൂഡ് നിലനിർത്തിയുള്ള അവതരണശൈലിയാണ്  കഥയിൽ  അവലംബിച്ചത്.കൂടതൽ മികച്ച രീതിയിൽ എഴുതി പൂർത്തീകരിക്കാവുന്ന  ഒരു ത്രില്ലർ  നോവലിനുള്ള  മരുന്ന്  ഇട്ടു വെച്ച കഥയാണ് നരനായാട്ട് എന്ന് വ്യക്തിപരമായ അഭിപ്രായമുണ്ട്.തിരക്കഥയാക്കുമ്പോൾ ആ  കാര്യങ്ങൾ അഖിൽ ശ്രദ്ധിക്കും എന്ന് പ്രതിഷിക്കുന്നു.

മൂങ്ങ

ഈ  ബുക്കിൽ  മറ്റു  കഥകളിൽ നിന്നും  വേറിട്ടു  നിന്ന  ഒരു  രചന.യാഥാർഥ്യവും, ഫാന്റസിയും  കൂടിക്കലർത്തിയ ശൈലിയാണ്  എഴുത്തുകാരൻ  സ്വീകരിച്ചത്.  കഥാ പശ്ചാത്തലം ഒരു കിടിലൻ  പ്രേത കഥക്ക് അതുമല്ലെങ്കിൽ  ഭീതിക്ക്   സമാനമായ  അന്തരീക്ഷം ഉണ്ടാക്കിയതാണ്.അതാണ് മൂങ്ങയിലേക്ക് എന്നെ ആകർഷിച്ചത്.  എങ്കിലും  വളരെപെട്ടന്നു  ഫാന്റസി  ലെവലിലേക്ക്  കടന്നു കഥ അവസാനിപ്പിച്ചത്  അത്ര രസിച്ചില്ല.  

ഇത് ഭൂമിയാണ്

തെയ്യാട്ടത്തിന്റെ ആദ്യം ഘട്ടമാണ് തോറ്റം  എന്ന്  പണ്ടെന്നോ വായിച്ചതായി ഓർക്കുന്നു. തെയ്യങ്ങളും അതിന്റെ ആഘോഷ രാവുകളും, അത് കെട്ടിയാടുന്നവരുടെ കഷ്ടപ്പാടുകളും ഇതിവൃത്തമാക്കിയ  ചെറുകഥയാണ്  ഇത് ഭൂമിയാണ്.പൊട്ടൻ തെയ്യത്തെക്കുറിച്ചുള്ള  സൂചനകൾ, ഐതിഹ്യം  ഇവയൊക്കെ കുറഞ്ഞ വരികളിൽ  വായിക്കാൻ  കഴിഞ്ഞു.ജാതി -സമുദായ പ്രകാരം  തെയ്യം കെട്ടിയാടുന്ന  പെരുമലയന്റെ  കഥാപാത്രം  ഒരു വേദന സമ്മാനിച്ചാവും കഥ അവസാനിക്കുക.

സെക്സ് ലാബ്,ശീതവാഹിനി എന്നീ കഥകളിൽ ചൂഷണത്തിനു  വിധേയമാകുന്ന പെൺജീവിതങ്ങളെ ദർശിക്കാൻ കഴിയും.പെണ്ണിനെ  ഒരു ഭോഗ വസ്തു പോലെ  കാണുന്ന ഒരു കൂട്ടം മനുഷ്യജീവികളെ നീലച്ചടയൻ  എന്ന  ടൈറ്റിൽ കഥയിലും, വിപ്ലവപുഷ്പാഞ്ജലിയെന്ന  ചെറുകഥയിലും വ്യക്തമായി എടുത്തു കാണിക്കുന്നുണ്ട്. എല്ലാ കഥകളിലും    പുരുഷ കഥാപാത്രങ്ങൾക്കാണ്   പ്രാധാന്യം നൽകിയത്.  എട്ടു കഥകളിൽ  ദൂരിഭാഗവും സ്ത്രീകൾക്ക് എതിരായ ആക്രമണണങ്ങളും, ചൂഷണവും ഊന്നിയാണ്  പല രീതിയിലായി  എഴുത്തുകാരൻ അവതരിപ്പിച്ചത്.അത് ചെറിയ  ആവർത്തന വിരസത  തോന്നിച്ചിരുന്നു.

ഒരു വാഹനമോടിക്കുന്ന ഡ്രൈവറെപ്പോലെയാണ്  നീലച്ചടയന്റെ വായന.എട്ടു കഥകളിലും വണ്ടിയുടെ വളയങ്ങൾ പിടിച്ച് , എഞ്ചിന്റെ മുരൾച്ചയും  ആസ്വദിച്ചങ്ങനെ അവസാന പേജുകൾ വരെ  യാത്ര ചെയ്യാൻ  ഒരു മടുപ്പും തോന്നുകയില്ല. വാഹനങ്ങളെയും, യാത്രയെയും  പ്രണയിക്കുന്ന   എഴുത്തുകാരൻ.വളയം പിടിച്ചു തഴമ്പ് വീണ ആ  വിരലുകളിൽ തൂലിക ചലിച്ചപ്പോൾ  പിറവിയെടുത്ത സ്രഷ്ടി  വിലമതിപ്പുള്ള ഒന്നാക്കി മാറ്റിയത് അയാളുടെ കഴിവാണ്.അധികം ആരും  കടന്നു  ചെന്നിട്ടില്ലാത്ത  വഴികളിലൂടെ  സഞ്ചരിക്കുന്ന  എഴുത്തുകാരൻ  തന്റെ  ആദ്യ ശ്രമത്തിൽ  തന്നെ വിജയിച്ചു.   ആവശ്യത്തിനും അനാവശ്യത്തിനും കടന്നു വരുന്ന  വാഹന വർണ്ണനകൾ  വായനയിൽ  ഇടക്ക്  കല്ലു കടി  തോന്നിയിരുന്നു.തുടക്കക്കാരൻ  എന്ന  നിലയിൽ  നല്ലൊരു  എഡിറ്ററുടെ അഭാവം   അഖിലിന് ഉണ്ടായിരുന്നുവെന്നത് എന്റെ   ഒരു ഊഹമാണ്.നീലച്ചടയൻ വായിക്കാത്തവർ ഉണ്ടെങ്കിൽ  ഇനിയും വൈകിയിട്ടില്ല  വായിക്കുക.   വായനയുടെ  ലഹരി  ആസ്വദിക്കുക.കൂടതൽ  യുവരക്തങ്ങൾ  എഴുത്തിലേക്ക് കടന്നു വരുമ്പോൾ ഇനിയും  മാറ്റങ്ങൾ  ഒരുപാട് പ്രതീഷിക്കാം.

നീലച്ചടയൻ

Author               :  അഖിൽ  കെ
Publishers        : ഗ്രീൻ ബുക്സ്
Price                  :  135/-

© Geo George

ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതികഥകളും

വായനക്കാരിൽ ഭീതിയുണർത്തുക എന്നതാണ്  ഭീതി കഥകളുടെ പ്രധാന ലക്ഷ്യം.എന്നാൽ പലരുടെയും പൊതുവായ ധാരണ  ഭീതികഥകൾ  എന്നാൽ പ്രേതങ്ങളും, രക്തരാക്ഷസുകളും,ബാധയൊഴിപ്പിക്കലും മാത്രം ആണെന്നാവും.ആ ധാരണ തെറ്റാണെന്നു  ശ്രീ മരിയ റോസിന്റെ  ഗ്രന്ഥകാരന്റെ മരണവും  മറ്റു ഭീതികഥകളും എന്ന ബുക്കിലെ  രചനകൾ വായനക്കാരെ  ബോധവാൻമാരാക്കിയേക്കും .ഹൊറർ /ഗോഥിക് കഥാ  വിഭാഗത്തിൽ അടുത്തിടെ  വായിച്ചതിൽ  ഒറ്റക്കാലുള്ള  പ്രേതം  എന്ന ഗോഥിക്  നോവലെറ്റും, അതിലെ  കഥാപാത്രങ്ങളും വ്യത്യസ്തവും, ആകർഷവുമായി തോന്നിയിരുന്നു. അതിനു  ശേഷമാണ്  ഗ്രന്ഥകാരന്റെ  മരണവും  മറ്റു  ഭീതികഥകളും  വായിക്കാൻ  ഉറച്ചത്. ഏതൊരു സാഹിത്യരചനയും  പോലെ  ധ്വനികളായി വായനക്കാരനോട് ഇടപെടുമ്പോൾ ആണ്  യഥാർത്ഥ ഭീതികഥകൾ ഉണ്ടാവുന്നതെന്ന  വിവരണം  ശെരി  വെക്കുന്നതാണ്  വായന.
ടൈറ്റിൽ കഥയുൾപ്പടെ  ആറു രചനകളാണ്  ഈ  സമാഹാരത്തിൽ ഉള്ളത്. അവയിൽ  എന്നെ ആകർഷിച്ച നാലു  രചനകളെക്കുറിച്ചുള്ള  ഒരു ലഘു വിവരണം  നൽകുന്നു.

“പാപബോധവും  ഭീതിയും ജീവിതത്തോടൊപ്പം സഞ്ചരിക്കും. അവസ്ഥയെ കൂടതൽ ഭീകരമാക്കുവാൻ, ഉള്ളിൽ കിടന്നു അടങ്ങുന്നതിനു പകരം അവ പെരുകിപ്പെരുകി വരും. പിന്നെ അടുത്ത തലമുറയിലേക്ക് കടന്നു പോവും.  
           -കാലിൽ കുളമ്പുള്ള മനുഷ്യൻ. “

  ഭീതി സങ്കല്പങ്ങൾ  പലവിധത്തിൽ ഉണ്ടാവും. പ്രേതമുണ്ടെങ്കിലും ഇല്ലെങ്കിലും സാങ്കല്പികമായ കെട്ടു കഥകളും, മിത്തുകളും, അന്ധ വിശ്വാസങ്ങളും കൂട്ടിചേർത്തു  സമൂഹത്തിൽ  ഭീകരതയുടെ വിത്ത് പാകപ്പെടുന്നത് സ്വാഭാവികമാണ്. ഒരു ചെറിയ ഗ്രാമത്തിൽ  നിലനിൽക്കുന്ന അത്തരമൊരു മിത്തിനെ ആസ്പദമാക്കി എഴുതപ്പെട്ട രചനയാണ്‌  കാലിൽ കുളമ്പുള്ള മനുഷ്യൻ.ഒരു ഗ്രാമം മുഴുവൻ ഭീതിയുടെ നിഴലിൽ മുങ്ങിയ  ചിത്രം രചനയിൽ ഉടനീളം  നമുക്ക്  കാണാനും കഴിയും. കഴിഞ്ഞു പോയ സംഭവത്തിന്റെ  വേദനയിൽ നീറി തലമുറകളായി പടർന്നു പിടിക്കുന്ന വേദനയും ഭയവും  മനുഷ്യനെ  ഇല്ലായ്മ  ചെയ്യാൻ  ശേഷിയുള്ള ഒന്നാണെന്നു  ഈ രചന അടിവരയിടുന്നു.വിജനമായ പാതയും  ഇരുട്ടിൽ നടക്കാൻ ഭയപ്പെടുന്ന മനുഷ്യരും ഇതിലുണ്ട് .

ബെറ്റി

ദുർമരണവും, കൊലപാതകങ്ങളും  സംഭവിച്ച  വീടുകൾ പലപ്പോഴും  മറ്റുള്ളവർക്ക്   നൽകുന്നത്  പലകഥകളാണ്. ആ  കഥകളൊക്കെ  അവിടെ  വാസമുറപ്പിക്കുന്നവരുടെയോ  എത്തിപ്പെടുന്നവരുടെയോ   മനസ്സിൽ  അടിഞ്ഞു കൂടി ഭീതിയുടെ വേരുകൾ  ആഴ്ത്തും.ബെറ്റി  എന്ന കഥയുടെ ഇതിവൃത്തം അങ്ങനെയൊരു വീടാണ്.
പ്രേതഭവനങ്ങൾ  എന്ന് കേൾക്കുമ്പോൾ  മനസ്സിൽ  കുറച്ചു ക്ലീഷേകൾ  ഉണ്ടാവും. ഇരുട്ട് നിറഞ്ഞ മുറികൾ, പൊട്ടിപ്പൊളിഞ്ഞ ജനലുകളും, ചുവരുകളും,അതങ്ങനെ നീണ്ടു പോവും. കഥാനായകനെപ്പോലെ  ആ സാധാരണ   ഇരുനില   വീട്ടിലേക്കു എത്തുന്നത്  വരെ  നമ്മളും ഇത്തരം ക്ലീഷേകൾ പ്രതിഷിച്ചാവും ഇരിക്കുന്നത്. ആ മുൻധാരണകൾ   പൊട്ടിച്ചെറിഞ്ഞു നായകൻ  അവിടെ വാസമുറപ്പിക്കുന്നു.തുടർന്ന്  അയാൾക്കുണ്ടാവുന്ന  മാറ്റങ്ങളും, അനുഭവങ്ങളും  വായിച്ചറിയുമ്പോൾ ചെറിയൊരു  ഭയം  എന്നിലും  തോന്നാതെയിരുന്നില്ല.ബെറ്റിയുടെ  സാന്നിധ്യം  എവിടെയൊക്കെയോ  ഉള്ളത്  പോലെ.  കഥയിലുടനീളം   പ്രേതം ആവേശിച്ച  മനുഷ്യനെയല്ല 
പ്രേതത്തെ  ആവേശിച്ച  ഒരു  മനുഷ്യനെയാണ് കാണാൻ  കഴിഞ്ഞത്.വ്യത്യസ്തമായ വായന  അനുഭവം  സമ്മാനിച്ച ചെറുകഥ.

സേതുവിന്റെ മരണം :ഒരു കേസ് സ്റ്റഡി

ഇൻ ഹരിഹർ  നഗർ എന്ന സിനിമ കണ്ടവർക്ക് അതിലെ സേതുമാധവനെ ഓർമ്മയുണ്ടാവും.വളരെ കുറവ് സമയം മാത്രം സ്‌ക്രീനിൽ വന്നു പോയ സേതുവിന്റെ  മനശാസ്ത്രപരമായ  ഒരു ഉൾക്കാഴ്ചയാണ്  ഈ  കഥക്ക് ആധാരം.മുംബൈയിലെ ഒരു മുറിയിൽ  ആത്മഹത്യ ചെയ്തെന്നു പറയപ്പെടുന്ന  സേതുവിന്റെ  അതിനു മുൻപുള്ള  പെരുമാറ്റങ്ങളും, ഭാവപ്രകടനങ്ങളും  സൂക്ഷ്മതയോടെ ഓരോ വരികളിലും പകർത്തിയ എഴുത്തുകാരൻ മികച്ച വായന അനുഭവം ആണ്  നൽകിയത്. 

കെ നഗരത്തിന്റെ  പതനം

സമകാലിക സംഭവത്തിൽ നിന്നും,മോപ്പോസാങിന്റെയും അലൻ പോയുടെയും രചനകളിൽ നിന്നും  പ്രചോദനമുൾക്കൊണ്ടു ഒരുക്കിയ  കഥയാണ്  കെ നഗരത്തിന്റെ പതനം.  സമകാലികതയെ പ്രാചിനമായൊരു  ആശയത്തിലൂടെയാണ് എഴുത്തുകാരൻ അവതരിപ്പിച്ചത്.മനുഷ്യന്റെ  നിയന്ത്രണമില്ലാത്ത  വികാരങ്ങളുടെയും  ലൈംഗികതയുടെയും  ഭീതികരമായ  ഒരു ചിത്രം  വായനക്കാരിൽ പതിപ്പിക്കാൻ  കഴിയുന്ന രചനയാണ് ഇത്. ചൂരങ്ങളിൽ  ഒരു ദുരൂഹ മരണം,  ഗ്രന്ഥകാരന്റെ  മരണം  എന്നീ ഭീതികഥകളും  ഇതോടൊപ്പം വായിക്കാം.ബുക്കിന്റെ  ആസ്വാദനത്തിനു  തടസമായി തോന്നിയത്  ഓരോ കഥകൾക്കും മുൻപ്  നൽകിയ  കഥക്ക്  പിന്നിൽ എന്ന കുറിപ്പാണു. അവ അവസാനം നൽകിയിരുന്നെങ്കിൽ  എന്ന് തോന്നി.മലയാളത്തിൽ  ഗോഥിക്  ഹൊറർ  കഥകളുടെ  ആരാധകർക്ക്  തീർച്ചയായും  ഒരു വേറിട്ട അനുഭവമാവും ഈ  ബുക്ക്‌.

ഗ്രന്ഥകാരന്റെ  മരണവും  മറ്റു  ഭീതികഥകളും

Author      :  മരിയ റോസ്
Genre       :  ഫിക്ഷൻ /ഹൊറർ
Publisher : മാത്രഭൂമി ബുക്സ്
Price         : 150/-

ഓഷ്‌വിറ്റസിലെ ചുവന്നപോരാളി

“ചുവപ്പ് പോരാട്ടത്തിന്റെ നിറമാണ്. എന്നാൽ അതെ ചുവപ്പ് തന്നെയാണ് പരാജയത്തെയും പ്രതിനിധീകരിക്കുന്നത്. ആ അർത്ഥത്തിൽ ഞാനൊരു പോരാളിയാണ്.
               – ഓഷ്‌വിറ്റസിലെ ചുവന്ന പോരാളി “

പരാജയപ്പെട്ടിട്ടും   പോരാട്ടം തുടർന്ന് കൊണ്ടിരുന്ന  അനശ്വരനായ  പോരാളിയുടെ  കഥയാണ് നോവലിന്റെ ഇതിവൃത്തം.മ്യൂണിച്ചിലേക്കുള്ള ട്രെയിൻ കേറുമ്പോൾ റെഡ്വിൻ ഉൾപ്പെടുന്ന  മഞ്ഞപ്പടയാളികൾ  എന്നറിയപ്പെടുന്ന നാൽവർ സംഘത്തിനു ഒരേയൊരു  ലക്ഷ്യം ആയിരുന്നു ഉണ്ടായിരുന്നത്. ജർമ്മൻ ചാൻസിലർ അഡോൾഫ് ഹിറ്റ്ലറിന്റെ തല. എന്നാൽ പാളിപ്പോയ ആ ദൗത്യത്തിനു നൽകേണ്ടി വന്നത് വലിയ വിലയാണ്.പേര് സൂചിപ്പിക്കുന്ന  പോലെ  നാസികളുടെ തടങ്കൽപാളങ്ങളും, പീഡനമുറകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല  ചരിത്രത്തിന്റെ  ആകമ്പടിയോടെ തിരിച്ചറിയപ്പെടാതെ പോയ ചിലരെ നമുക്ക് മുന്നിൽ അവതരിപ്പിക്കുകയും കൂടിയാണ്  ഓഷ്‌വിറ്റസിലെ ചുവന്ന പോരാളി എന്ന നോവൽ .

ചരിത്രത്തത്താളുകളിൽ  ഇന്നും വായിക്കുകയും, ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതുമാണ് ഹിറ്റ്ലറും, നാസിപ്പടയും, ഗസ്റ്റപ്പോയും, ജൂത സമൂഹവും.അഡോൾഫ് ഹിറ്റ്ലറിന്റെ  ജൂത വേട്ടയുടെ ഭീകരമുഖങ്ങൾ  ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകളിൽ  നിന്നും  മറ്റു  പാശ്ചാത്യ നോവലുകളിൽ നിന്നും  നമ്മൾ  വായിച്ചറിഞ്ഞിട്ടുണ്ടാവും . എന്നാൽ  ഇതിലുള്ളത് ഹിറ്റ്ലറിന്റെ  രക്തചൊരിച്ചിലിന്റെ കഥയല്ല. മറിച്ചു  ഒരു കൂട്ടം പ്രേതാത്മക്കളുടെ പോരാട്ടത്തിന്റെ  കഥയാണ്.ചരിത്രത്തിൽ  ഇരുണ്ട മൂടി കിടക്കുന്ന  നിഗൂഢതകളെ കൃത്യമായ ആസൂത്രണത്തോടെ  വായനക്കാരിൽ എത്തിക്കാനുള്ള എഴുത്തുകാരന്റെ  കഠിന പരിശ്രമമം  ഓരോ വരികളിലും ദർശിക്കാൻ കഴിയും.

“ആ പേര് വെളിപ്പെടുത്തുവാൻ എനിക്ക് അനുവാദമില്ല.. “
അവസാനവരികളും  വായിച്ചു കഴിയുമ്പോൾ  ഒരു തരം മരവിപ്പ് വരിഞ്ഞു മുറുക്കും.അജ്ഞാതനായ ആ ജൂത രക്ഷകനെ തേടിയലയാൻ ഒരു ഉൾപ്രേരണയുണ്ടായേക്കാം. കാരണം
ഓഷ്‌വിറ്റസിലെ പ്രേതാത്മാക്കളുടെ  സാന്നിധ്യം  നമുക്ക് ചുറ്റിലും നിഴലിക്കുന്ന പോലെ ഭയാനകമായ ഒരു നിശബ്ദത മനസ്സിൽ പിന്നീട്  ഓളം കെട്ടും. അത്രയേറെ
ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന വിധം വന്നു  പോവുന്ന  കഥാപാത്രങ്ങളെയാണ് രചിയിതാവ്  നമുക്ക് മുന്നിലേക്ക് ഇട്ടു തന്നിരിക്കുന്നത്. ഹന്നാ എന്ന കഥാപാത്രത്തോട്   ഒരു വേള മനസ്സിൽ വെറുപ്പ് നുരഞ്ഞു പൊന്തിയേക്കാം . എന്നാൽ അതെ വേഗതയിൽ  അവളുടെ  സാഹചര്യങ്ങൾ   വായനക്കാരനെ തിരുത്തിക്കളയും .അതോടൊപ്പം   ആ  രംഗം ഒരു നോവായി  ക്യാൻവാസിൽ  വരച്ച  ചിത്രം പോലെ  മനസ്സിൽ പതിഞ്ഞു കിടന്നേക്കും നിങ്ങളോരോരുത്തർക്കും.വായനക്ക്  ശേഷം  ദിവസങ്ങളോളം ഓഷ്‌വിറ്റസിലെ  ചാവുമുറിയിൽ അടക്കപ്പെട്ട എണ്ണമില്ലാത്ത മനുഷ്യരുടെ  നിലവിളി ശബ്ദങ്ങൾക്കപ്പുറം റെഡ്വിനും, കൂട്ടാളികളും   എന്റെ   മനസ്സിനെ  വേട്ടയാടിയിരുന്നു.ഗംഭീര  ഭാഷയും,ആ ഭാഷയെ വെല്ലുന്ന വിധം പാശ്ചാത്യ നോവലുകളോട്  കിട പിടിക്കുന്ന അവതരണ ശൈലിയും കൂടിയാവുമ്പോൾ  ഓഷ്‌വിറ്റസിലെ  ചുവന്ന പോരാളി പൂർണ്ണമാവുന്നു.

ഏതെങ്കിലും  ഇംഗ്ലീഷ് നോവലിന്റെ വിവർത്തനം ആണെന്ന്  കരുതി  ഈ ബുക്ക്‌   വായനക്ക്  എടുക്കാതെ  ഒഴിവാക്കുന്നവരോട് ” ഇതൊരു വിവർത്തനമല്ല.നമ്മുടെ കൊച്ചു കേരളത്തിലെ കോട്ടയം ജില്ലയിൽ നിന്നും കടന്നു വന്ന ശ്രീ അരുൺ ആർഷയുടെ  ആദ്യ നോവലാണ്. വായിക്കാതെ  മാറ്റി വെച്ചാൽ  നിങ്ങൾ  ഒഴിവാക്കുന്നത്  മലയാളത്തിലെ  മികച്ച നോവലുകളിൽ  ഒന്നാണ്.”

ബൈ ദി ബൈ  വായിക്കാനുള്ള എന്റെ  ആഗ്രഹം മനസ്സിലാക്കി   സ്നേഹപൂർവ്വം   കയ്യൊപ്പു പതിപ്പിച്ചു അരുൺ ആർഷ ചേട്ടായി  അയച്ചു തന്ന   ഈ ബുക്ക്‌ കാണുമ്പോൾ എനിക്ക് തന്നെ എന്നോട് കുശുമ്പാണ്.

ഓഷ്‌വിറ്റസിലെ ചുവന്ന പോരാളി

Author        : അരുൺ ആർഷ
publisher    : ഗ്രീൻ ബുക്സ്
Prize           :  160/-

© Geo George

ഡച്ചുബംഗ്ലാവിലെ പ്രേതരഹസ്യം

“അപസർപ്പകരചന തന്നെ  യുക്തിയാണ് അതിനാൽ ഈ കാര്യത്തിൽ യുക്തിരാഹിത്യം കാണിച്ചു  അപഹാസ്യനാകാതെയിരിക്കുകയാണ് യുക്തി.

                    –  ജി. ആർ  ഇന്ദുഗോപൻ “

കടൽതീരത്തെ ബംഗ്ലാവിൽ ഒരു കൊലപാതകം നടക്കുന്നു. കുറ്റവാളികളെ കിടു കിടാ വിറപ്പിച്ച ഐജി അദേഹമാണ്  സ്വന്തം ബംഗ്ലാവിൽ  കൊല്ലപ്പെടുന്നത് .ഈ സംഭവത്തിനു വർഷങ്ങൾക്ക് ശേഷവും  പ്രദേശവാസികൾ അദേഹത്തിന്റെ  പ്രേതത്തെ രാത്രി കാലങ്ങളിൽ  കാണുന്നു.അതെ സമയം ഡച്ചു ബംഗ്ലാവിൽ താമസത്തിനെത്തുന്ന ഐജി അദേഹത്തിന്റെ മകനും, അമ്മയും ബംഗ്ലാവിൽ വിചിത്രമായ പലതും അനുഭവിച്ചറിയുന്നു. ഈ നിഗൂഢതകളുടെ ചുരുളഴിക്കാൻ നാട്ടുകാരനായ പ്രഭാകരനും,അനന്തനും നടത്തുന്ന ശ്രമങ്ങൾ ആണ്  നോവലിന്റെ ഇതിവൃത്തം. നോവലിന്റെ ആദ്യ പേജുകളിൽ  പറഞ്ഞിരിക്കുന്നത്  പോലെ ഭ്രാന്തമായ ആവേശത്തോടെ മണ്ണിനടിയിൽ  നടക്കുന്ന  തിരച്ചിലുകൾ  ആണ്  നോവലിന്റെ പശ്ചാത്തലം എന്ന് കൂടി സൂചിപ്പിക്കുന്നു.

ഒരു അപസർപ്പക /ഡിറ്റക്റ്റീവ്  കഥയെന്നു  കേൾക്കുമ്പോൾ  പലരുടെയും  മനസ്സിൽ  ഓടിയെത്തുന്നത്  കൈകൾ പുറകിൽ കെട്ടി ഗൗരവഭാവത്തിൽ മുന്നോട്ടു  നടക്കുന്ന, അതുമല്ലെങ്കിൽ  തലയിൽ തൊപ്പിയും വെച്ച് മാന്യമായി  വസ്ത്രം ധരിച്ചു, യൂണിഫോം ഇട്ടു നടക്കുന്ന  ഒരു രൂപമായിരിക്കും. എന്നാൽ ആ മുൻ ധാരണകളെ എല്ലാം പൊളിച്ചു എഴുതിയ  ഒരു രൂപമാണ് ഡച്ചുബംഗ്ലാവിലെ  പ്രേത രഹസ്യത്തിലെ  പ്രഭാകരൻ. കള്ളു മണക്കുന്ന ശരീരവും മുഷിഞ്ഞ ലുങ്കിയും ധരിച്ചൊരു തനി നാട്ടിൻ പുറത്തുകാരൻ.ഈയൊരു സൂചനയാണ്  പ്രഭാകരനെ വിശേഷിപ്പിക്കാൻ ഇവിടെ കുറിക്കുന്നുള്ളു.

അപസർപ്പക കഥകളുടെ വേറിട്ട മുഖമാണ് ജി ആർ ഇന്ദു ഗോപന്റെ  പ്രഭാകരൻ പരമ്പര എന്ന് തുറന്നു പറയട്ടെ. 
ആ പരമ്പരയിലെ  ആദ്യ നോവലാണ്  “ഡച്ചുബംഗാളാവിലെ പ്രേതരഹസ്യം”.വായനക്കാരിൽ സാഹസികതയും, ആകാംഷയും, പിരിമുറുക്കവും നിലനിർത്തി  അവസാനം വരെ  ഒരു  കുറ്റാന്വേഷന നോവൽ ഒരേ ഫ്ലോയിൽ കൊണ്ട് പോവുന്നതു  ചില്ലറ കാര്യമല്ല.ഇന്ദുഗോപന്റെ  രചനകൾക്കും കഥാപാത്രങ്ങൾക്കും  ഒരു പ്രിത്യേക  ഭംഗിയാണ്.ലയിച്ചിരുന്നു  പോവും അതിൽ. പ്രഭാകരൻ സീരിസിലെക്ക്  വരുമ്പോഴും  അതിനു  മാറ്റമൊന്നും  കാണാനില്ല.കഥ നടക്കുന്ന  പ്രകൃതിയും, പരിസരവും  സൂക്ഷ്മ നിരീക്ഷണങ്ങൾക്ക്  വിധേയമാക്കി വായനക്കാരെ  രസിപ്പിക്കുന്ന ഇന്ദുഗോപൻ ഡച്ചുബംഗ്ലാവിലേക്ക്  നമ്മളെ കൂട്ടിക്കൊണ്ടു പോകുമ്പോൾ  ഭീതിയുടെ പരലുകൾ  വാരിയെറിയുന്നുണ്ട്.മിന്നലിന്റെ  ശബ്ദം പോലും മുന്നിൽ  ദൃശ്യമാവുന്ന  പോലെയൊരു തോന്നൽ  വായനയിൽ  അനുഭവപ്പെട്ടേക്കാം.

ഇരുട്ടിൽ കുളിച്ചു നിൽക്കുന്ന ഡച്ചുബംഗ്ലാവിനെ ഇന്ദുഗോപൻ പരിചയപ്പെടുത്തുന്നത്  നോക്കൂ. “പടിഞ്ഞാറു  വലിയൊരു വെളിമ്പ്രദേശം പ്രതിഷ്യപ്പെട്ടു. അതിനു പിന്നാലെ കടലിനു മീതെയുള്ള ആകാശവും ഉയർന്നു വന്നു. അവരുടെ തുടർനടത്തത്തിൽ പശ്ചാത്തലമൊരുക്കിക്കൊണ്ട് ഭീതിയുടെ വലിയൊരു എടുപ്പ് പോലെ ഒരു കോട്ടയും പ്രതിഷ്യപ്പെട്ടു. കരിമ്പാറകൾ കൊണ്ട് മെനഞ്ഞ ശില്പ ഭംഗിയുള്ള ഒരു കൊട്ടാരം. ” എത്ര അനായാസമായിട്ടാണ്  ഇന്ദുഗോപൻ   ബംഗ്ലാവിനെ നോവലിൽ ചിത്രീകരിച്ചു  വെച്ചിരിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വായിക്കുമ്പോൾ  തന്നെ  വരികളിൽ  നിന്നും വായനക്കാരന്റെ  മനസ്സിൽ  പതിയുന്ന രൂപം ഭീതിയോ കൗതുകമോ  നിറഞ്ഞതാവും.ഇടിമിന്നലിനെ പ്രേത സന്ദേശത്തോടു ഉപമിക്കുന്ന  വരികൾ  ഇതിനു മറ്റൊരു ഉദാഹരണമാണ്.
കഥാ സന്ദർഭങ്ങൾകനുസരിച്ചും കഥാപാത്രങ്ങൾക്ക്  അനുസരിച്ചും മാറി വരുന്ന ടോൺ നോവലിന്റെ വലിയൊരു പ്ലസ് പോയിന്റാണ്.നിഗൂഢതകളുടെ ചുരുൾ  ഓരോന്നായി  അഴിച്ചു വിടുന്ന  പ്രഭാകരൻ ആദ്യവസാനം  വരെ  വായനക്കാരെ രസിപ്പിച്ചും,ത്രില്ലടിപ്പിച്ചും   വ്യത്യസ്തമായ വായന അനുഭവം  നൽകുന്നു.
ജൂഡ് ആന്റണി ജോസഫ് പ്രഭാകരൻ പരമ്പര സിനിമ ആക്കുന്നതായി അനൗൺസ് ചെയ്തതിനാൽ അധികം വൈകാതെ പ്രഭാകരനെ സ്‌ക്രീനിൽ  കാണാനാവും എന്ന് ഉറപ്പിക്കാം.

അനുബന്ധമായി കൂട്ടിചേർത്തിരിക്കുന്ന കല്ലു മാധവന്റെ കഥയും ഡച്ചുബംഗ്ലാവിലെ പ്രേത രഹസ്യം  എന്ന ബുക്കിൽ നമുക്ക്  വായിക്കാൻ കഴിയും.അതേക്കുറിച്ചു ഒരു വിശിദീകരണം ഇവിടെ നൽകുന്നില്ല. വായിച്ചറിയുന്നതാവും അഭികാമ്യം.

ഡച്ചുബംഗ്ലാവിലെ പ്രേത രഹസ്യം

Author        : ജി ആർ ഇന്ദുഗോപൻ
Genre         :  ഇൻവെസ്റ്റിഗേഷൻ സീരീസ്
Publisher   :  ഡിസി ബുക്സ്
Price           : 95/-

©Geo George