ലെയ്‌ക്ക

“ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ടു മലയാളത്തിൽ എഴുതപ്പെട്ട ആദ്യ നോവൽ “

ലെയ്‌ക്ക എന്ന നോവലിന്റെ പ്രസാധകകുറിപ്പിൽ (Blurb) ചെറിയ അക്ഷരങ്ങളിൽ എഴുതപ്പെട്ട വാചകങ്ങളാണിത്.എഴുത്തുകാരന്റെ ബാക്ക്ഗ്രൗണ്ടിനെക്കുറിച്ച് മുൻധാരണ ഉണ്ടായിരുന്നത് കൊണ്ടും ലെയ്‌ക്ക എന്ന പരിചിതമായ നാമവും കണ്ടപ്പോൾ തന്നെ
എന്തു കൊണ്ട് ഇങ്ങനെയൊരു അവകാശവാദമുന്നയിക്കുന്നു എന്ന സംശയം അസ്ഥാനത്തായിരുന്നു.

ഒരു എയർപോർട്ടിൽ വെച്ച് ലേഖകനും കുടുംബവും പരിചയപ്പെടുന്ന ഡെനിസോവിച്ച് എന്ന റഷ്യക്കാരനിൽ നിന്നും ഭാര്യയിൽ നിന്നുമാണ് എല്ലാത്തിന്റെയും ആരംഭം.ഒരു ഓർമ്മക്കുറിപ്പ് പോലെ മനോഹരമായി ആ കൂടിക്കാഴ്ചയെ ലേഖകൻ വിവരിച്ചു വെച്ചിരിക്കുന്നു.ശേഷം ഡെനിസോവിച്ച് ലേഖകന് അയക്കുന്ന കത്തുകളിൽ നിന്നാണ് നോവലിന്റെ യഥാർത്ഥ ഇതിവൃത്തത്തിലേക്കുള്ള പരിണാമം.

ശാസ്ത്രക്ലാസുകളിലും, പുസ്‌തകങ്ങളിലും, ബഹിരാകാശത്തെ കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഒരു പേരാണ് ലെയ്‌ക്ക.ഭൂമിയിൽ നിന്നും ബഹിരാകാശത്തെത്തുന്ന ആദ്യജീവിയായി ചരിത്രത്തിൽ ഇടം പിടിച്ച ലെയ്‌ക്കയെ എങ്ങനെ മറക്കാനാണ്. മോസ്‌കോയുടെ തെരുവുകളിൽ അലഞ്ഞു തിരഞ്ഞു നടന്ന ആയിരക്കണക്കിന് തെരുവ് നായകൾക്കിടയിൽ നിന്നും സോവിയറ്റ് യൂണിയന്റെ ചരിത്ര ദൗത്യം നിറവേറ്റാനുള്ള നിയോഗവുമായി ലെയ്‌ക്ക തിരഞ്ഞെടുക്കപ്പെട്ട കഥ ഒരു ഒരു ശരാശരി വിദ്യാർത്ഥിക്ക് വരെ പരിചിതമാവും. എന്നാൽ സ്പുട്നിക് 2 ൽ ലെയ്‌ക്ക പറന്നുയരുമ്പോൾ അതിനു പിന്നിൽ അറിയപ്പെടാത്ത ചില യഥാർഥ്യങ്ങളുണ്ട്. ആ യഥാർഥ്യങ്ങളെ ഫിക്ഷന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ.നോവൽ എന്നതിനേക്കാൾ വൈജ്ഞാനിക ഫിക്ഷൻ എന്ന് പറയുന്നതാവും നല്ലത്.

ലെയ്‌ക്ക അവൾ പലർക്കും പരീക്ഷണ വസ്തുവായ ഒരു തെരുവ് നായ മാത്രമായിരിക്കാം. പക്ഷെ ഡെനിസോവിച്ചിനും, മകൾ പ്രിയങ്കക്കും, ലേഖകനും, ബുക്ക്‌ വായിക്കുന്ന വായനക്കാർക്കും അവൾ എന്തൊക്കെയോ,ആരെല്ലാമോ ആയിരുന്നുവെന്നു വായന പൂർത്തിയാവുമ്പോൾ എനിക്ക് തോന്നിയിരുന്നു.സാഹിത്യത്തിന്റെ തൊങ്ങലുകൾ ചാർത്തിയിട്ടുണ്ടെങ്കിലും ലളിതമായ ഭാഷയിലാണ് ലെയ്‌ക്കയുടെ രചന.

എഴുത്തുകാരൻ വിക്രം സാരാഭായി സ്പേസ്സെന്ററിൽ എഞ്ചീനിയർ ആയതിനാൽ വിശ്വസനിയമായ കാര്യങ്ങൾ ഒരുപാട് പങ്കു വെക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ വികാരങ്ങളിലൂടെ കടന്നു പോവുമ്പോൾ ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾക്ക് വായനക്കാർ സാക്ഷികളാവും.
മനസ്സിൽ നന്മയുള്ളവർക്ക് അല്പം വിഷമത്തോടെയല്ലാതെ ഈ കുഞ്ഞു നോവലിന്റെ വായന പൂർത്തികരിക്കാനാവില്ല.അത്രയേറെ നീറ്റലായി ലെയ്‌ക്ക എന്ന നായയും, വായനക്കാരിൽ ഇടപിടിച്ചിരിക്കും.

ലെയ്ക്ക
Author : വി. ജെ ജെയിംസ്‌
Publisher : ഡിസി ബുക്സ്
Price : 80/-

© Geo George

യാ ഇലാഹി ടൈംസ്

“നമ്മുടെ രാജ്യം ചോരക്കളമായി മാറുകയായിരുന്നു. ആ ചോര നക്കിക്കുടിക്കാൻ ജനിച്ച മറ്റൊരു ജനവിഭാഗം കൂടി മുളച്ചു പൊന്തി. അവർ അവരുടെ രാജ്യം നിർമ്മിക്കാനുള്ള പുറപ്പാടിലാണ്. ജിഹാദികളുടെ രാജ്യം.”

വിലാപങ്ങളുടെ നാട്ടിൽ  നിന്നും  അൽത്തേസ് അയച്ച  മെയിലുകളിൽ നിന്നുമുള്ള വരികൾ ഒരു ഞെട്ടലോടെയാണ്  അൽത്തേബിനൊപ്പം വായനക്കാർക്കും വായിച്ചു പൂർത്തീകരിക്കാൻ കഴിയൂ.തൊട്ടാൽ പൊള്ളുന്ന വിഷയത്തെ  ഫിക്ഷന്റെ അകമ്പടിയോടെ വായനക്കാരിൽ എത്തിക്കാൻ എഴുത്തുകാരൻ എടുത്ത കഠിനാധ്വാനത്തിനു ഫുൾ മാർക്കും നൽകുന്നു.

സിറിയ,തുർക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ,ദുബായ്  എന്നിങ്ങനെ അഞ്ചോളം രാജ്യങ്ങളാണ്  നോവലിന്റെ  പശ്ചാത്തലം.ഈ കാലഘട്ടത്തിൽ  അവിടെയുള്ള  ഓരോ മനുഷ്യജീവികളും,ഭരണകൂടവും  നേരിടേണ്ടി വരുന്ന വെല്ലുവിളികളും, ആത്മ  സംഘർഷങ്ങളും ,ഭരണകൂടഭീകരതകളും  കൂടിച്ചേർന്നതാണു  യാ  ഇലാഹി ടൈംസ്  എന്ന  നോവലിന്റെ പ്രമേയം.

2018 ലെ ഡിസിയുടെ സാഹിത്യ പുരസ്‌കാരം നേടിയ നോവൽ എന്ന വിശേഷണത്തിലൂടെയാണ്  ആദ്യമായി  യാ ഇലാഹി  ടൈംസ് എന്ന നോവൽ എന്റെ ശ്രദ്ധയിൽ പെടുന്നത്.ഡിസംബറിൽ കയ്യിലെത്തിയ  ഈ  ബുക്ക്‌ പുതുവർഷ വായനയിൽ ആദ്യത്തെയാവുമെന്നു അപ്പോഴേ കുറിച്ചിട്ടിരുന്നു.ആദ്യ വായനയും  രണ്ടാം വായനയും പൂർത്തിയാക്കി ഈ കുറിപ്പെഴുതുമ്പോൾ  ഉള്ളിൽ  ഒരു തരം മരവിപ്പാണ് അനുഭവപ്പെടുന്നത്.

സ്വാദേശത്തെയും, വിദേശത്തെയും, പ്രവാസത്തെയും  മനുഷ്യജീവിതങ്ങൾ പ്രമേയമാക്കി  ഒരുപാട് നോവലുകൾ വന്നിട്ടുണ്ടാകും. .എന്നാൽ  യാ ഇലാഹി ടൈംസ്  ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്.യുദ്ധവും, പലായനവും, ജീവിതത്തിലെ ഉയർച്ച താഴ്ചകളും  അനിൽ ദേവസിയെന്ന  എഴുത്തുകാരൻ  അച്ചടക്കമുള്ള  ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുകയാണ്  യാ ഇലാഹി ടൈംസിലൂടെ.ഭാവിയിൽ   അനിൽ ദേവസി എന്ന പേര് മലയാളസാഹിത്യത്തിൽ   ഒരു മുതൽക്കൂട്ട് ആവുമെന്ന്  ഉറപ്പിച്ചു പറയുന്നു.

സിറിയയെക്കുറിച്ച് പറയുമ്പോൾ തന്നെ  വേദനിപ്പിക്കുന്ന കുറച്ചു ചിത്രങ്ങൾ  ആണ്  മനസ്സിലേക്ക് ഓടിയെത്തുന്നത്.അയൽനാടുകളിൽ  അഭയാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു വാതിലുകൾ കൊട്ടിയടക്കുന്ന  പ്രവണതയും, ഭരണകൂട,മതതീവ്രവാദ ഭീകരതകളും  ന്യൂസ്‌ പേപ്പറുകളിൽ  വായിച്ച  ഓർമ്മകൾ നോവൽ വായനയിൽ ഉടനീളം  വായനക്കാരെ വേട്ടയാടും.ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്കുള്ള ഓട്ടം, സ്വന്തം നാട്ടിൽ  അന്യരായ അവസ്ഥ തുടങ്ങിയ ഭീകരമായ അവസ്ഥകളിലൂടെ നോവൽ കടന്നു പോവുന്നു.
സമകാലിക ഇന്ത്യയുടെ സ്ഥിതിയും  മേല്പറഞ്ഞ രാജ്യങ്ങളിലേതിൽ നിന്നും കാര്യമായ വ്യതാസമില്ലന്നു അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും ഈ  നോവൽ എന്നെ ഓർമ്മപ്പെടുത്തി.

കഥാപാത്രങ്ങളുടെ  രൂപവൽക്കരണം ആണ് യാ ഇലാഹി ടൈംസിൽ ആകർഷകമായ മറ്റൊരു  ഘടകം.
ആതുരതരംഗ, അൽത്തേബ്, മാർഗരറ്റ് മാലാഖ, ബാബാ, മാമാ, ഡോക്ടർ ദമ്പതികൾ തുടങ്ങിയ ഓരോ കഥാപാത്രങ്ങളും  മനസ്സിൽ തൊടുന്ന വിധം   മികച്ചതായി അനുഭവപ്പെട്ടിരുന്നു.ചിലപ്പോഴൊക്കെ  കഥാപാത്രങ്ങളുടെ അവസ്ഥ നെഞ്ചിൽ കൊളുത്തി വലിക്കുന്നവയും ആയി അനുഭവപ്പെട്ടിരുന്നു.ജീവിതത്തിന്റെ  ഓരോ  വശങ്ങളും നോവലിസ്റ്റ്  ഇതിൽ  പകർത്തിയത്  വായിച്ചപ്പോൾ  ചിലപ്പോഴൊക്കെ പ്രവാസജീവിതം നയിക്കുന്ന സഹോദരന്മാരെ ഓർമ്മ വന്നിരുന്നു.  തുടക്കത്തിൽ   അല്പം വിരസത തോന്നിയെങ്കിലും ഓരോ പേജുകളും മറിക്കുമ്പോൾ അവതരണശൈലിയും, ഭാഷയുടെ കയ്യൊതുക്കവും നിമിത്തം വായന കൂടതൽ ആസ്വാദ്യകരമായി മാറിയതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം.പുസ്‌തകമിറങ്ങി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ  യാ ഇലാഹി ടൈംസ്  വായിക്കാത്ത   ഓരോ വായനക്കാരോടും എനിക്ക് പറയാനുള്ളത് നിങ്ങൾ തീർച്ചയായും ഈ നോവൽ വായിക്കുക എന്നാണ്.  രണ്ടായിരത്തി ഇരുപത്തിഒന്നിലെ എന്റെ  ആദ്യ വായന തന്നെ  മികച്ച അനുഭവമായി മാറ്റിയ യാ ഇലാഹി ടൈംസിനും രചിയിതാവ് അനിൽ ദേവസി ചേട്ടനും   നിറഞ്ഞ സ്നേഹം.

യാ ഇലാഹി ടൈംസ്
Author        :  Anil Devasi
Publisher   :  Dc  Books
Price          :  190/-

© Geo George


307. 47

അച്ചായന്മാരുടെ നാട്ടിലെ വെള്ളയപ്പവും, ബീഫ് റോസ്റ്റും,മധുരക്കള്ളും നോക്കി വെള്ളമിറക്കാനും,പിന്നെയത് വയറു നോക്കാതെ വെട്ടിവിഴുങ്ങാനും ചിലർക്കൊരു പ്രിത്യേക കഴിവാണ്.തീറ്റയുടെ കാര്യത്തിൽ ലേഖകനെപ്പോലെ നമ്മളും ഒട്ടും പിന്നിൽ അല്ലാത്ത കൊണ്ട് എല്ലാവർക്കും ജാഗ്രതൈ. നല്ല തൂവെള്ള നിറമുള്ള വെള്ളയപ്പം എത്രയെണ്ണം വേണമെങ്കിലും അകത്താക്കാനും,പിന്നെ മൂന്നാറിനും ചിന്നക്കനാലിനും പോവുന്ന വഴിയിൽ തമിഴത്തിയുടെ വീട് അന്വേഷിക്കാനും പ്രിയപ്പെട്ട വായനക്കാർക്ക് മലയാളത്തിലെ ആദ്യ ട്രാവൽ ഫിക്ഷൻ എന്ന ലേബലിൽ നവാഗത എഴുത്തുകാരൻ ആശിഷ് ബെൻ അജയ് ഒരുക്കിയ 307.47 എന്ന നോവൽ അവസാനിക്കുന്നത്.

മൂന്നാറിലേക്ക് ഉള്ള യാത്രകൾ വളരെ രസകരമാണ് എന്നതാണ് സുഹൃത്തുക്കളുടെ ഭാഷ്യം. സത്യകഥ എന്താണെന്നു വെച്ചാൽ ഞാനിതു വരെ മൂന്നാറിലേക്ക് യാത്ര നടത്തിയിട്ടില്ല.പല കാരണങ്ങളാൽ രണ്ടായിരത്തി പന്ത്രണ്ടിൽ അതിരപ്പിള്ളിയും, മലമ്പുഴയും ചുറ്റിയടിച്ചു ഊട്ടിപ്പട്ടണവും കണ്ട ശേഷം ഒരു യാത്ര പോയത് രണ്ടായിരത്തി പതിനെട്ടിൽ തെന്മല ഇക്കോ ടൂറിസം കാണുവാൻ ആയിരുന്നു. രസകരമായ കുറെ അനുഭവങ്ങൾ അന്നും ഉണ്ടായിരുന്നു.307.47 എന്ന നോവൽ വായിച്ചപ്പോൾ ആ യാത്രകളുടെ സ്മരണകൾ ഉണർന്നു.അതിവിടെ വലിച്ചു നീട്ടി എഴുതി പുസ്‌തകാസ്വാദനത്തിൽ നിന്നും വൃതിചലിക്കാനുള്ള ദുരുദ്ദേശ്യം മനസ്സിൽ ഉടലെടുക്കും മുൻപേ വായനക്കുറിപ്പ് പൂർത്തീകരിക്കാം.

ബാങ്ക് ഉദ്യോസ്ഥനായ അഭിഷേക് അയ്യർ നോർത്ത് പറവൂർ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആയിട്ടെത്തുന്നതും വാടകക്ക് താമസിക്കുന്ന വീട്ടിൽ അപ്രതീഷിതമായി തേടിയെത്തുന്ന ഒരു പാഴ്‌സലിൽ നിന്നും ലഭിക്കുന്ന ഒരു മൂന്നാർ യാത്രയുടെ ഓർമ്മകുറിപ്പുകൾ എന്ന യാത്രകുറിപ്പിന്റെ കയ്യെഴുത്തുപ്രതിയുമാണ് നോവലിന്റെ ഇതിവൃത്തം.

307.47 പേരിനു പിന്നിലെ കൗതുകമാണ് പുസ്‌തകത്തിലേക്ക് അടുപ്പിച്ചത്. എന്ത് കൊണ്ട് ഈ നോവലിന് ഈ പേര് വീണുവെന്ന യാഥാർഥ്യം നോവലിന്റെ അവസാനം രചിയിതാവ് വ്യക്തമാക്കിയപ്പോഴാണ് ശെരിക്കും തലയിൽ കിളികൾ മൂളിപറന്നത്. നൈറ്റ്‌മേർ ഡിസോർഡറിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിനെ നോവലിൽ വളരെ സിമ്പിളായി ഉപയോഗിച്ചതാണു വായനയിൽ ആകർഷിച്ചത്.കടും കട്ടി സാഹിത്യത്തിന്റെ ഏച്ചു കെട്ടലുകൾ ഇല്ലാതെ യാത്രാവിവരണത്തിൽ ഫിക്ഷൻ കൂട്ടിചേർത്തു നോവലാക്കിയത് അരോചകമായിട്ടില്ല.എങ്കിലും ഒരു വായനക്കാരൻ എന്ന നിലയിൽ രചിയിതാവിന്റെ കാഴ്ചപ്പാടിൽ നിന്നുമുള്ള അവതരണവും, അഭിഷേക് എന്ന പ്രാധാന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നുള്ള വിവരണവും കുറച്ചു കൂടെ നന്നായി അവതരിപ്പിക്കാമായിരുന്നു എന്ന് അഭിപ്രായമുണ്ട്. കേവലം നൂറ്റിപതിനെട്ടു പേജുകൾ മാത്രമുള്ള ഈ കുഞ്ഞ് നോവൽ വായിക്കാൻ എനിക്ക് വേണ്ടി വന്നത് കേവലം രണ്ടു മണിക്കൂർ മാത്രമാണ്. അതിന്റെ പ്രധാന കാരണം എഴുത്തിലെ ലാളിത്യമാണ്.പുതിയതായി വായന ആരംഭിക്കുന്ന സുഹൃത്തുക്കൾക്കു സജസ്റ്റ് ചെയ്യാനുള്ള ബുക്കുകളുടെ കൂട്ടത്തിൽ 307. 47 എന്ന നോവലും ഉൾപ്പെടുത്താം എന്നതാണ് അതിന്റെ ഗുണം. പിന്നെ യാത്രകൾ ഒരു ഹരമായവർക്കും ആകർഷകമായ വായനയാവും ഈ നോവൽ ഓഫർ ചെയ്യുന്നത്. എടുത്തു പറയേണ്ട മറ്റൊന്നു ബുക്കിന്റെ പേപ്പർ& കവർ ക്വാളിറ്റിയെക്കുറിച്ചാണ് “It’s Awesome”.

  1. 307.47
    Author : Ashish Ben Ajay
    Publishser : Dream Bookbindery
    Price : 160/- Genre : Travel Fiction

© Geo George

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം

ചരിത്രം എന്നും  നിഗൂഢതകൾ നിറഞ്ഞതാണ്.അവ സത്യമോ,മിഥ്യയോ ആയേക്കാം.എന്നിരുന്നാലും വർഷങ്ങൾ പഴക്കമുള്ള വിവരങ്ങൾ പഠനവിധേയമാക്കി സാധാരണക്കാർക്ക് മനസിലാകും വിധം അവതരിപ്പിക്കുന്നത് ശ്രമകരമായ ഒരു ജോലിയാണ്.കേരളത്തിന്റെ  കുറ്റാന്വേഷണ ചരിത്രത്തെക്കുറിച്ചു പറയുമ്പോൾ  വർഷങ്ങൾ പിന്നിലേക്കാണ് യാത്ര ചെയ്യേണ്ടത്.

ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്രശാഖയും,വൈദ്യശാസ്ത്രവും  കൂടിച്ചേരുമ്പോൾ  കുറ്റാന്വേഷണത്തിനു  പുതിയ മാനങ്ങൾ കൈ വരാറുണ്ട്. ഈ  മേഖലയിൽ  കേരളത്തിൽ  ഏറെ  പേരെടുത്ത വ്യക്തിയാണ്  പ്രൊഫസർ ഡോ. ഉമാദത്തൻ.അദേഹത്തിന്റെ ഗ്രന്ഥങ്ങൾ  കുറ്റാന്വേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും,ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്രശാഖയിൽ പഠനം നടത്തുന്നവർക്കും, കുറ്റാന്വേഷണ മേഖലയിൽ കഥകൾ, സിനിമകൾ,ലേഖനങ്ങൾ  എന്നിവ തയ്യാറാക്കുന്നവർക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. കേരളത്തിന്റെ  കുറ്റാന്വേഷണ ചരിത്രം എന്ന  ബുക്ക്‌  മേല്പറഞ്ഞവരിൽ  ഉപകാരപ്പെടുന്നത്  ചരിത്രഗവേഷകർക്കാണ്.

ഇന്നത്തെ തലമുറക്ക് ഒരു പരിധി വരെ   അജ്ഞാതമായ നാട്ടുരാജ്യങ്ങളുടെയും, രാജഭരണവും,  തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, കേരളത്തിന്റെയും ചരിത്രവും ഇവിടങ്ങളിൽ പോലീസ് വ്യവസ്ഥ യുടെ ആവിർഭാവവുമാണ്  “ക്രൈം കേരളം ”  എന്ന ബുക്കിന്റെ ആദ്യ പകുതിയിൽ ഡോ. ഉമാദത്തൻ ചുരുങ്ങിയ  വാചകങ്ങളിൽ പരിചയപ്പെടുത്തുന്നത്.അതോടൊപ്പം  ബ്രിട്ടീഷ്, പോർച്ചുഗീസ് അധിനിവേശത്തെയും,അവരിൽ നിന്നുണ്ടായ വിലപ്പെട്ട സംഭാവനകളെയും,അത് നൽകിയ വ്യക്തികളെയും  വ്യക്തമായി പരാമർശിക്കുണ്ട്.
അന്നത്തെ നായർ ബ്രിഗേഡിൽ നിന്നും ഇന്ന്  നമ്മൾ കാണുന്ന   പോലീസ്  സേനയിലേക്കുള്ള  ദൂരം താരതമ്യം ചെയ്യാൻ കഴിയാത്ത വിധം  വലുതാണ് എന്ന അവബോധം ഇതിലൂടെയുണ്ടായി.  കേരള സംസ്ഥാനം നിലവിൽ വരുന്നത് മുന്നേയുള്ള ഓരോ സംഭവങ്ങളെയും, വ്യക്തികളെയുമെല്ലാം പക്ഷഭേദമില്ലാതെ ഉമാദത്തൻ സൂചിപ്പിക്കുന്നുണ്ട് . അതിപുരാതന കാലത്ത് പോലും ഭാരതത്തിൽ നിയമവ്യവസ്ഥകളും,നീതിന്യായ വിഭാഗവും നിലവിലുണ്ടായിരുന്നവെന്ന നിരീക്ഷണമാണ് തന്റെ പഠനത്തിലൂടെ  ഡോ. ഉമാദത്തൻ മുന്നോട്ടു വെക്കുന്നത്.നിയമവാഴ്ചയുടെ സുന്ദരവും, വികൃതവുമായ മുഖത്തെ ചുരുങ്ങിയ വാചകങ്ങളിൽ അനുവാചകരിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരളസംസ്ഥാനരൂപീകരണത്തിന് ശേഷമുള്ള സംഭവങ്ങളും, മന്ത്രിസഭകളെയും കുറിച്ചുള്ള പരമദർശങ്ങളിലൂടെയാണ് ആധുനിക  കുറ്റാന്വേഷണ മേഖലയിലേക്കുള്ള വിവരണം  ആരംഭിക്കുന്നത്.മറ്റൊരർഥത്തിൽ പറഞ്ഞാൽ വളരെ പതുക്കെ നീങ്ങുന്ന വായന യഥാർത്ഥ വേഗം കൈവരിക്കുന്നത് ഇവിടെ മുതലാണ്. പോലീസിന്റെ പ്രവർത്തന മേഖലകൾ എന്ന അദ്ധ്യായം ആണ് വിവിധമേഖലകളുമായി ബന്ധപ്പെട്ടു നടക്കുന്ന കുറ്റകൃത്യങ്ങളേയും അവയുടെ പരാതികൾ സ്വീകരിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും സഹായിക്കുന്ന വിവിധ വകുപ്പുകളെയും  പരിചയപ്പെടുത്തിയത്. ചരിത്രസൂചികയുടെ ഭാഗങ്ങൾ പൂർണ്ണമായാൽ  ഒരു റെഫറെൻസ് ബുക്കിൽ  നിന്നും അതന്ത്യം ആകാംഷ ജനിപ്പിക്കും വിധമാണ് തുടർന്നുള്ള അദ്ധ്യായങ്ങൾ മുന്നോട്ടു നീങ്ങുന്നത്.
വിരലടയാള ബ്യുറോ, ഫോറൻസിക്, രാസപരിശോധനാ ലബോറട്ടറി എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഉമാദത്തൻ വിശിദീകരിക്കുന്നത് അതിനു ഉത്തമ ഉദാഹരണമാണ്.വിവരങ്ങൾ എങ്ങനെ  ഏതു വിധം  അവതരിപ്പിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ പ്ലാനിങ്ങ് ഉണ്ടായിരുന്നു എന്നനുമാനിക്കാം ഇതിൽ നിന്നും.ഫോറൻസിക് മെഡിസിൻ, ക്രൈം ബ്രാഞ്ച്  സി. ഐ ഡി തുടങ്ങിയ  ശാഖളെക്കുറിച്ചുള്ള പ്രായോഗിക അറിവുകൾ സമ്പാദിക്കാനും  ഈ ബുക്ക്‌ ഉപയോഗപ്പെടുത്താം എന്നാണ് എന്റെ അഭിപ്രായം.

സാധാരണക്കാർക്ക് അന്യമായ വിവരങ്ങൾ  തീർത്തും ലളിതമായി പ്രതിപാദിക്കുന്ന ഉമാദത്തന്റെ അവതരണശൈലി ഏറെ ആകർഷകമായി അനുഭവപ്പെട്ടിരുന്നു. നോൺ ഫിക്ഷൻ- ചരിത്ര ഗ്രന്ഥങ്ങൾ   വായിക്കുമ്പോൾ  സാധാരണയായി  പല വിവരണങ്ങളും  അല്പം അരോചകമായി  വായനക്കാരെ മടുപ്പിക്കാറുണ്ട്.പക്ഷെ  കുറ്റാന്വേഷണ ചരിത്രം അറിയാൻ ആഗ്രഹിക്കുന്ന ആർക്കും മടുപ്പില്ലാതെ വായിച്ചു പോകാവുന്ന ഗ്രന്ഥമാണ് ക്രൈം കേരളം എന്ന ടാഗിൽ പുറത്തിറങ്ങിയ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം എന്ന ബുക്ക്‌.ഒരു ത്രില്ലർ നോവലോ, ഓർമ്മക്കുറിപ്പോ പ്രതീഷിച്ചു വായിക്കാതെ ഒരു ചെറിയ പാഠപുസ്തകം എന്ന മനോഭാവത്തിൽ വായിക്കുന്നതും ഗുണകരമാവും.

ക്രൈം കേരളം
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം
GENRE       :  റെഫറൻസ്
Author        :  ഡോക്ടർ ബി. ഉമാദത്തൻ
Publisher   :  ഡിസി ബുക്സ്
Price          :   299

©Geo George

ഭൂമിശ്മശാനം

“ജന്മം ജന്മത്തിനോട് പടവെട്ടുകയാണ്. ഒരു ജീവിതത്തിൽ നിന്നും പറിഞ്ഞു മാറാൻ. സ്വന്തമായി നിലനിൽക്കാൻ ജന്മത്തിന്റെ ആരംഭമേ യുദ്ധത്തിൽ തുടങ്ങുന്നു.
                                             – ഭൂമിശ്‌മശാനം. “

അടിസ്ഥാനസൗകര്യങ്ങൾ പോലും ശോചനീയമായ ഒരാശുപത്രിയിൽ ഗർഭിണിയായ ഭാര്യയെ പ്രവേശിപ്പിക്കേണ്ടി  വരുന്ന  ശിവധർമ്മനെന്ന ജേർണലിസ്റ്റിൽ നിന്നുമാണ് നോവലിന്റെ ആരംഭം.മാസം  തികയാതെ പിറന്നു വീഴുന്ന  തന്റെ കുഞ്ഞിന്റെ    മൃതദേഹവും മാറോടണച്ചു അതു മറവ് ചെയ്യാൻ  ഒരു തുണ്ട് ഭൂമി തേടി ഇരുട്ടിൽ നടക്കുന്ന ശിവധർമ്മന്റെ ചിന്തകളും ഓർമ്മകളും നിറഞാണ് നോവലിന്റെ തുടർന്നുള്ള സഞ്ചാരം.

മരണം ഒരു സത്യമാണ്. നിഴൽ പോലെ ഏതൊരു ജീവിയെയും  പിന്തുടരുന്ന സത്യം.
കാലമോ നേരമോ നോക്കാതെ ഏതു നിമിഷവും മരണം കടന്നു വരാം.ഈ   നോവൽ സംസാരിക്കുന്നതും മരണത്തെക്കുറിച്ചാണ്,മരണത്തെ  ഭയത്തോടെ കാണുന്ന  മനുഷ്യരെക്കുറിച്ചും  ഗ്രാമത്തെകുറിച്ചുമാണ്.അതേ സമയം  മരണത്തെ പുച്ഛത്തോടെ  നോക്കിക്കാണുന്ന കഥാപാത്രങ്ങളേയും  കാണാം.ശിവധർമ്മനൊപ്പം, ഗോവിന്ദേട്ടനും  രാവുണ്ണിയമ്മാവനും,പേറെടുക്കാൻ വരുന്ന വയറ്റാട്ടിയും, കഷ്ടിച്ച് തുടക്കത്തിലേ ഏതാനും പേജുകളിൽ മാത്രം വരുന്ന കൃഷ്ണൻനായരും,പൊട്ടക്കിണറ്റിൽ
ശവമെറിയാൻ വരുന്ന ചെലവനും   അനുവാചകരിൽ ഒരൊഴിയാബാധ പോലെ കേറിക്കൂടുന്ന ലക്ഷണം നോവലിലാകെ കാണാം. ഭൂമിശ്‌മശാനത്തിന്റെ നൂറ്റിരണ്ടു പേജുകളിൽ ആഴ്ന്നിറങ്ങിയ ശേഷം കുറച്ചു ദിവസം  മനസ്സാകെ മൂടിക്കെട്ടി പോയെങ്കിലും  കഥാപാത്രങ്ങളിലൂടെ  കണ്ണും മനസ്സും നിറക്കാൻ
ഇന്ദുഗോപനു കഴിഞ്ഞെങ്കിൽ  അതിൽ കൂടതൽ എന്ത് സംതൃപ്‌തിയാണ് എന്നെപ്പോലെ  ഒരു സാധാരണ വായനക്കാരന് വേണ്ടത്..?

മരണഗന്ധം  നിറഞ്ഞു നിൽക്കുന്ന നോവൽ  എന്ന വിലയിരുത്തൽ കണ്ടു  വായിക്കാൻ ഭയമാണെങ്കിൽ  കൂടി  നിങ്ങൾ ഈ നോവലിന്റെ  ആദ്യത്തെ ഏതാനും പേജുകൾ  ഒന്നോടിച്ചു വായിക്കുക.പിന്നെ പേജുകൾ മറിയുന്നത് അറിയില്ല. അതാണ് വായനക്കാരെ  പിടിച്ചിരുത്തുന്ന    ജി ആർ  ഇന്ദുഗോപന്റെ  വൈദഗ്‌ദ്ധ്യം. 1997 ൽ  കുങ്കുമം  അവാർഡ് സ്വന്തമാക്കിയ ഭൂമിശ്‌മശാനം പുസ്‌തകമാക്കിയ ശേഷം   ഇരുപത് വർഷം  പിന്നിട്ടപ്പോഴാണ് രണ്ടാം പതിപ്പിലേക്ക് കടന്നത് എന്ന കാര്യം  വിചിത്രമാണ്.അതിലും എത്രയോ വായനയും,ചർച്ചകളും അർഹിക്കുന്ന നോവലാണിത്. പുച്ഛം തോന്നുന്നു ഞാനുൾപ്പെടുന്ന വായനക്കാരോടിപ്പോൾ.

ഭൂമിശ്മാശനത്തിലൂടെ ചുറ്റി സഞ്ചരിച്ചപ്പോൾ  എന്റെ മനസ്സിൽ ഉയർന്നു വന്ന ചില ചിന്തകളും, ചോദ്യങ്ങളും കൂടി  കുറിച്ചാലാണ് ഈ വായനാക്കുറിപ്പ് പൂർണ്ണമാവുകയുള്ളു. കാരണം
ഞാൻ ചവുട്ടി നിൽക്കുന്ന ഭൂമിയൊരു  ചുടലക്കാടാണ്.ഇവിടെ എണ്ണിയാലൊടുങ്ങാത്ത ആത്മാക്കൾ കുടിയിരിക്കുന്നു. മരണത്തിന്റെ രൂക്ഷഗന്ധവും പേറി ജീവിതം മുന്നോട്ടു  തള്ളി നീക്കുന്ന കുറെ ജന്മങ്ങൾക്കിടയിൽ ,ആത്മാക്കൾക്ക് ഇടയിൽ  ഒരു ഭ്രാന്തനെപ്പോലെ  അലഞ്ഞു തിരിയുന്ന എനിക്ക്  നാളെ  ഈ ഭൂമിയിൽ  അന്ത്യവിശ്രമം കൊള്ളാൻ ഒരു നുള്ള് ഭൂമിയെങ്കിലും ബാക്കിയുണ്ടാവുമോ?
അതോ  അതില്ലാതെ  നിങ്ങളെന്റെ  ശവം  നദിയിലൊഴുക്കുമോ അതുമല്ലെങ്കിൽ തീച്ചുളയിലെറിയുമോ …?

ഭൂമിശ്‌മശാനം
Author         :  ജി ആർ ഇന്ദുഗോപൻ
Publisher     :  സൈന്ധവ ബുക്സ്
Price           :  130/-

©Geo George

കാന്തമല ചരിതം ഒന്നാം അദ്ധ്യായം അഖിനാതന്റെ നിധി

ഞങ്ങളുടെ കഥയോ ചരിത്രമോ ആർക്കും അറിയേണ്ടല്ലോ എല്ലവരും കുറെ കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പുറകെയാണല്ലോ. സാരമില്ല അതൊക്കെ കാലം തെളിയിച്ചോളും
– കാളിച്ചേകോൻ (കാളിയൻ)”

ശബരിമലയെക്കുറിച്ചും ചില കുറിപ്പുകളിൽ കണ്ട് മറന്ന ഒരു വാക്കാണ് കാന്തമല.സഹ്യാധ്രിയിൽ പരശുരാമനാൽ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന പഞ്ചശാസ്താ ക്ഷേത്രങ്ങളെ കുറിച്ചുള്ള ഓരോ പരമദർശങ്ങളിലും അയ്യപ്പൻ കോവിലിനെക്കുറിച്ചുള്ള വിവരണങ്ങളും കാണാറുണ്ട്.കാന്തമലയെന്നു വിളിക്കപ്പെടുന്ന ഈ അയ്യപ്പൻ കോവിലിനെയും, ശബരിമലയെയും, ഈജിപ്റ്റിലെ പിരമിഡുകളെയും ഫറവോയും ചുറ്റിപ്പറ്റിയാണ് നവാഗത എഴുത്തുകാരനായ വിഷ്ണു എം.സി രചിച്ച കാന്തമല ചരിതം ഒന്നാം അദ്ധ്യായം അഖിനാതന്റെ നിധി എന്ന നോവൽ പുരഗോമിക്കുന്നത്.

പുസ്‌തകത്തിന്റെ പുറം ചട്ടയിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ മൂവായിരം വർഷം പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുനും, അവനു മുന്നിൽ നിൽക്കുന്ന കാന്തമലയെക്കുറിച്ചുള്ള കുറച്ചു കെട്ടുകഥകളും,കേട്ടറിവുകളും മാത്രമാണ്.കാന്തമലയുടെ പിന്നിലുള്ള രഹസ്യങ്ങൾ തേടിയിറങ്ങുന്ന മിഥുന്റെ സാഹസികയാത്രയാണ് നോവലിന്റെ ഇതിവൃത്തം. കഥയെക്കുറിച്ചുള്ള ചുരുക്കെഴുത്ത് സ്പോയ്ലർ ആയേക്കുമെന്നതിനാൽ അതിനെക്കുറിച്ചു ഈ വായനാകുറിപ്പിൽ കൂടതൽ വിശദീകരിച്ചു വായനക്കാരുടെ ത്രില്ല് നശിപ്പിക്കുന്നില്ല.

ചരിത്രം എന്നും ഒരു അത്ഭുതമാണ്. അതിൽ സത്യമേത് മിഥ്യയേത് എന്ന് പ്രവചിക്കുക അസാധ്യമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മിത്തുകളിൽ തന്റെതായ മിത്തുകളും കൂടികലർത്തി യുക്തിക്ക് നിരക്കുന്ന വിധം സമകാലിക സംഭവങ്ങളെ കോർത്തിണക്കിയാണ് കാന്തമല ചരിതം എഴുത്തുകാരൻ രചിച്ചത്.കാന്തമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇതിഹാസങ്ങളെയും, ചരിത്രത്തെയും ഫിക്ഷന്റെ പിൻബലത്തോടെ മികച്ച ഒരു വായനാ അനുഭവമാക്കി മാറ്റാൻ എഴുത്തുകാരന് കഴിഞ്ഞു.
കടിച്ചാൽ പൊട്ടാത്ത പദ പ്രയോഗങ്ങളോ,വലിച്ചു നീട്ടിയ വാചകങ്ങളോ ഇതിലില്ല.സാധാരണക്കാർക്ക് പോലും വളരെയെളുപ്പം വായിക്കാവുന്ന വിധമാണ് അവതരണം.

കാന്തമല വായിച്ചു തുടങ്ങുമ്പോൾ തന്നെ
കഥാപശ്ചാത്തലം പരിചതമായിരിക്കും.ഇടുക്കിയും,പത്തനംതിട്ടയും അത്ര മേൽ ഏതൊരാളെയും ആകർഷിക്കുന്ന സ്ഥലങ്ങളാണ്. പ്രകൃതിയുടെ പച്ചപ്പും, കാടിന്റെ മനോഹരിതയും,വന്യതയും, നിറഞ്ഞു തുളുമ്പി കിടക്കുന്ന ജലാശയങ്ങളും ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അവയുടെ ഒപ്പം ഈജിപ്റ്റിലെ പിരമിഡുകളും കൂടി ചേരുമ്പോൾ വല്ലാത്തൊരു വശ്യതയാവും.കഥാപാത്രങ്ങളിൽ പതിയിരിക്കുന്ന നിഗൂഢതകളും വായനക്കാരെ ഞെട്ടിക്കാൻ ഉതകുന്നവയാണ്. ആക്ഷൻ- അഡ്വഞ്ചർ വിഭാഗത്തിൽ ഉൾപ്പെടുന്ന നോവൽ ആയതിനാൽ വായിക്കാനുള്ള ത്വര അടക്കിപ്പിടിക്കാനും ആവില്ല.

മലയാളത്തിൽ അധികം ആരും കൈ വെക്കാത്ത ഒന്നാണ് ട്രിയോളജി. കാന്തമലചരിതം അങ്ങനെ ഒന്നാണ്.സാഹസികതയും, ആക്ഷനും,ഫാന്റസിയും സമന്വയിപ്പിച്ച
ഒരു ത്രില്ലർ ആണിത്. മൂന്ന് ഭാഗങ്ങളിലായി വായനക്കാരന്റെ ആകാംഷ വർധിപ്പിച്ചും, സമസ്യകൾ പൂർത്തീകരിച്ചും ആസ്വാദന ക്ഷമതക്ക് കോട്ടം തട്ടാതെ പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ആ ജോലിയാണ് നവാഗതനായ വിഷ്ണു എം. സി ഏറ്റെടുത്തിരിക്കുന്നത്.ട്രിയോളജിയിലെ ആദ്യ ബുക്ക്‌ ആ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.

ഇരുന്നൂറ്റി എട്ടു പേജുകൾ ഉള്ള കാന്തമല ചരിതം
വായിക്കാനൊരുങ്ങുമ്പോൾ ഓർക്കുക
ഈജിപ്ഷ്യൻ ഫറവോയാ യിരുന്ന അഖിനാതെന്റെ നിധിയെയും, ജീവന്റെ കല്ലിനെയും ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളുടെ ഒരു തുടക്കം മാത്രമാണ് ഈ ബുക്കെന്നു . കൂടതൽ രഹസ്യങ്ങളും നിഗൂഢതകളും,വായനക്കാരുടെ സംശയങ്ങളും ഇനി വരുന്ന രണ്ടു അദ്ധ്യായങ്ങളിലായേ ചുരുൾ അഴിയൂ.സാഹസിക, ത്രില്ലർ നോവൽ പ്രേമികൾ ഒരു കാരണവശാലും മിസ് ചെയ്യാൻ പാടില്ലാത്ത ബുക്ക്‌. ചുരുങ്ങിയ കാലയളവിൽ രണ്ടാം പതിപ്പിലേക്ക് കടക്കുന്ന നോവലിനും രചിതാവിനും ആശംസകൾ.

കാന്തമല ചരിതം ഒന്നാം അദ്ധ്യായം
അഖിനാതന്റെ  നിധി
Author     :  വിഷ്ണു എം.സി
Genre       :  അഡ്വഞ്ചർ
Publisher :  ലോഗോസ് പട്ടാമ്പി
Price         :  230/-

©Geo George

നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി

പ്രിയപ്പെട്ട  കുഞ്ഞിപാത്തു നിന്റെ ചിരി ഒഴുകിപരക്കുകയാണ്.നൊമ്പരങ്ങളുടെ ലോകത്തു നിന്നും സന്തോഷത്തിന്റെ പുതുലോകത്തേക്ക്.പലപ്പോഴായി ജീവിതത്തിൽ  താങ്ങും തണലുമായവരിലൂടെ,  ജീവിതത്തിന്റെ  കയറ്റിറക്കങ്ങളിലൂടെ,  ഓർമ്മ പുതുക്കലുകളിലൂടെ “നിലാവ് പോലെ ചിരിക്കുന്ന  പെൺകുട്ടി” യെന്ന  കുഞ്ഞു പുസ്‌തകത്തിലൂടെ   നിന്നെ വായിച്ചറിയുമ്പോൾ മനസ്സിനു നല്ല സന്തോഷം.

   
“DREAM BEYOND INFINITY ” എന്ന  യൂട്യൂബ് ചാനലിലെ ചില വീഡിയോകൾ ലോക്ക്ഡൗൺ കാലയളവിൽ   ശ്രദ്ധിച്ചതിലൂടെയാണ്  ഫാത്തിമ അസ്‌ലയെന്ന കുഞ്ഞിപാത്തുവിനെക്കുറിച്ച്  അറിയാനിടയാവുന്നത്.ചിരിക്കുന്ന മുഖത്തോടെ,ആത്മവിശ്വാസത്തോടെ  സംസാരിക്കുന്ന പാത്തുവിന്റെ വിഡിയോകൾ കാഴ്ചക്കാരിലും  ചില്ലറയല്ലാതെ ആത്മവിശ്വാസം നൽകുന്നവയാണ്.നിനക്ക് വൈകല്യമാണ്. നിനക്കൊന്നിനും കഴിയില്ല എന്ന് പറയുന്നവരുടെ മുൻപിൽ എനിക്കത് കഴിയും എന്ന് വീറോടെ  തെളിയിച്ചു കാണിച്ച കുഞ്ഞിപാത്തുവിന്റെ ജീവിതം   ആഗ്രഹങ്ങൾ  ഉള്ളിലൊതുക്കി  വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്നവർക്ക് മികച്ചൊരു മോട്ടിവേഷൻ ആണ്. ജനിച്ചു വീണപ്പോഴേ
അസ്ഥികൾ ഒടിയുന്ന ‘Osteogenesis imperfecta’ എന്ന രോഗാവസ്ഥയിലും  വാശിയോടെ പഠിച്ചു  ഡോക്ടർ ആവാനുള്ള അവസാന വട്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങുന്ന പാത്തുവിന്റെ ഓർമ്മകുറിപ്പുകൾ ലളിതവും സുന്ദരവുമായ വായനാ അനുഭവമായിരുന്നു.

പിന്നിട്ട വഴികളിൽ സ്നേഹം നിറച്ചു കൈ പിടിച്ചു നടത്തിയ ഓരോ വ്യക്തികളെയും, സാഹചര്യങ്ങളെയും സാഹിത്യത്തിന്റെ  അതിഭാവുകത്വമോ  വലിച്ചു നീട്ടലുകളോ ഇല്ലാതെ കുഞ്ഞിപാത്തു  നമുക്ക് പരിചയപ്പെടുത്തുന്നു.അസ്ഥി നുറുങ്ങുന്ന വേദനയിലും  തളരാതെ മുന്നേറുന്ന ഫാത്തിമയെ പോലുള്ള  ഒരുപാടു ആളുകൾ ഉണ്ടാവും.പലവിധത്തിലുള്ള ശാരീരിക അവശതകൾ അനുഭവിക്കുമ്പോഴും മനസ്സിനെ  അവയൊന്നും ബാധിക്കുന്നില്ലെങ്കിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരാൻ അവരോരോരുത്തർക്കും കഴിയുമെന്ന എന്റെ വിശ്വാസം  ഇത് വായിക്കുമ്പോൾ കൂടതൽ ബലപ്പെടുകയാണ് ഉണ്ടായത്.
പിന്മാറാൻ മനസ്സില്ലാത്തവർക്ക്  വേണ്ടിയുള്ളതാണ് ഈ ലോകം.കാരണം മാറി നിൽക്കുന്നവരെ സമൂഹവും  മാറ്റി നിർത്തിയേക്കാം.അത് കൊണ്ട് മാറി നിൽക്കാതെ മുന്നോട്ടു വരുന്നതാണ് നല്ലതെന്ന ആശയവും പാത്തു നമ്മളോട് പങ്കുവെക്കുന്നു. കാണുന്നവരുടെ കണ്ണിലും,മനസ്സിലുമാണ് യഥാർത്ഥ   വൈകല്യമിരിക്കുന്നത് എന്ന്  കൂടി തുറന്നു പറയട്ടെ. നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടിയിൽ  എന്നെ ഏറെ ആകർഷിച്ച   വാചകങ്ങളിലൊന്ന് ഞാനിവിടെയും ആവർത്തിക്കുന്നു. “ഓരോ കുഞ്ഞും ഓരോ അത്ഭുതങ്ങളാണ്, ഞങ്ങൾക്ക് വേണ്ടത് സഹതാപമല്ല, ചേർത്തു പിടിക്കലാണ്… അവസരങ്ങളാണ്.”

കേവലം അറുപത്തിരണ്ടു  പേജുകൾ മാത്രമുള്ള  പാത്തുവിന്റെ ഓർമ്മക്കുറിപ്പ്  എനിക്ക്  ഇഷ്ടപ്പെട്ട  പുസ്തകങ്ങളിലൊന്നാണ്.പിന്നെയൊരു കാര്യം പറയാനുള്ളത് പ്രസാധകരോടാണ്‌
എഡിറ്റിംഗിലെ പാളിച്ചകൾ മൂലം  ചില പേജുകളിൽ  കടന്നു കൂടിയ അക്ഷരപിശാചുക്കളും, വെണ്ടക്കാ വലുപ്പത്തിൽ ഒരു തലക്കെട്ടിൽ ഉണ്ടായ തെറ്റും മുഴച്ചു നിന്നിരുന്നു.

നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി
Author       : ഫാത്തിമ അസ്‌ല
Publisher  : പെൻഡുലം ബുക്സ്
Genre        : ഓർമ്മക്കുറിപ്പുകൾ
Price         : 80/-

©Geo George

രക്തനിറമുള്ള ഓറഞ്ച്

രക്തനിറമുള്ള  ഓറഞ്ച് ” ജി ആർ ഇന്ദുഗോപന്റെ  പ്രഭാകരൻ സീരിസിൽ മൂന്നാമത്തെ പുസ്തകം.ആദ്യ  രണ്ടു  ബുക്കിൽ  നിന്നും ഒരുപാട് വ്യത്യസ്തമാണ്  പ്രഭാകരന്റെ  മൂന്നാം  വരവ്.ആദ്യ നോവലുകൾ പോലെ ഡിറ്റക്റ്റീവ്  പ്രഭാകരന്റെ  ത്രില്ലടിപ്പിക്കുന്ന അന്വേഷണവഴികൾ  പ്രതിഷിക്കുന്നവർക്ക്  ചിലപ്പോൾ ചെറിയൊരു  നിരാശ തോന്നും  രക്തനിറമുള്ള  ഓറഞ്ച്  വായിക്കുമ്പോൾ. കാരണം ഇത് പ്രഭാകരന്റെ  മാത്രം  കഥയല്ല.പുതിയ കുറച്ചു കഥാപാത്രങ്ങളുടെ  ജീവിതത്തിലൂടെയാണ്   പ്രിയപ്പെട്ട ഇന്ദുഗോപൻ വായനക്കാരെ കൊണ്ട് പോവുന്നത്. ‘രക്ത നിറമുള്ള ഓറഞ്ച്’, ലഘുനോവലായ  ‘രണ്ടാം നിലയിൽ  ഉടൽ’ എന്നിവയാണ്  നൂറ്റിഇരുപത്തിയേഴു പേജുള്ള  ബുക്കിന്റെ  ഉള്ളടക്കം.

രക്തനിറമുള്ള ഓറഞ്ച്

“സാധാരണ ജനം സ്വന്തം  വയറ്റിപിഴപ്പിനെകുറിച്ചാ ചിന്തിക്കുന്നത്. അതൊക്കെ മാറ്റി, അവന്റെ ശ്രദ്ധ മാറ്റി ആംഡബരത്തിന്റെ പുറകെ നടത്തിച്ചു, കച്ചോടം നടത്തുകയാണ്  ലോകം ചെയ്യുന്നത്. അവനെ  നശിപ്പിക്കുന്നതിലാണ് ഗവേഷണം.”
നാഗ്പൂരിൽ നിന്നും വാങ്ങുന്ന  ഓറഞ്ച് പാക്കറ്റും അതിലുള്ള  ഫോൺ നമ്പറും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും,കൊല്ലം ബസ്‌ സ്റ്റാൻഡിൽ ഓറഞ്ച്  വിറ്റു നടന്നു  അപ്രതീഷിതമായി കോടിശ്വരനാവുന്ന  അബൂബക്കറിലൂടെയുമാണ്  നോവൽ  മുന്നോട്ടു  പോവുന്നത്. പ്രഭാകരന്റെ  സഹാസിക രംഗങ്ങൾ  പ്രതിഷിച്ചു  ഇരിക്കുന്ന  വായനക്കാരന്  മുന്നിലേക്ക്  നിഗൂഢസ്വാഭാവം  നന്നേ  കുറഞ്ഞ  ഒരു സ്ലോ  ഡ്രാമയാണ് വന്നു ചേരുന്നത് .ഓറഞ്ച്  മുതലാളി സേട്ടുവിന്റെ  കഥാപാത്രം ഏറെ  ആകർഷകമായിരുന്നു. വർത്തമാന കാലത്ത് ഏറെ  പ്രസക്തവും, അർഥവത്തുമായ  കഥയാണ്  രക്തനിറമുള്ള ഓറഞ്ച്. മേല്പറഞ്ഞതു പോലെ  ആഡംബരത്തിന്റെ പുറകെ  പായുന്ന  ഒരു  ജനതയെ  നമുക്ക്  കാണാനാവും. അതു ചിലപ്പോൾ ഞാനാവാം, നിങ്ങളാവാം, അതുമല്ലെങ്കിൽ  നമുക്ക്  ചുറ്റുമുള്ളവരാകാം.എന്ത് തന്നെയാണെകിലും  രക്തനിറമുള്ള  ഓറഞ്ച്  മുന്നോട്ടു  വെക്കുന്ന  ആശയങ്ങൾ  ഏറെ പ്രാധാന്യമർഹിക്കുന്നവയാണെന്നാണ് നിഗമനം.മനുഷ്യന്റെ  ആർത്തി,പക, ദാരിദ്ര്യം, നിസ്സഹായത,  ക്ഷമിക്കാനുള്ള  മനസ്സ് എന്നിവയെല്ലാം രക്തനിറമുള്ള  ഓറഞ്ചിൽ ദർശിക്കാനാവും.

രണ്ടാം നിലയിൽ  ഉടൽ

വായനയിലുടനീളം 
സിനിമാറ്റിക് എക്സ്പീരിയൻസ്  തരുന്ന ഗംഭീര ലഘു  നോവലാണ് രണ്ടാം നിലയിൽ  ഉടൽ.ഡിറ്റക്റ്റീവ് പ്രഭാകരൻ തന്നെ  ഏറെ  കുഴപ്പിച്ച  ഒരു കേസിനെക്കുറിച്ചു സുഹൃത്തുക്കളോട് വിവരിക്കുന്നതിലൂടെ കൗതുകവും ആകാംഷയും  വായനക്കാരിൽ ഉണർത്തുന്ന നോവലാണിത്. സാഹസിക നീക്കങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന   പ്രഭാകരന്റെ  പ്രായം എഴുത്തുകാരൻ കൃത്യമായി  വെളിപ്പെടുത്തിയത്  കൗതുകകരമായി തോന്നി.യുക്തിയുള്ള അപകടങ്ങളിൽ കാലുവെക്കാനുറച്ചു നടന്നു നീങ്ങുന്ന  പ്രഭാകരൻ   പുതിയ സാഹസികതകളുമായി വീണ്ടും  വരുമെന്ന് കരുതുന്നു.

രക്തനിറമുള്ള ഓറഞ്ച്
Author        :  ജി. ആർ  ഇന്ദുഗോപൻ
Publisher   :  ഡിസി ബുക്സ്
Price          :   80/-

©Geo George

ദാമിയന്റെ അതിഥികൾ

“Historical fiction at it’s Best.”

ദാമിയന്റെ അതിഥികൾ എന്ന നോവലിനെ ചുരുങ്ങിയ  വാചകങ്ങളിൽ  ഇങ്ങനെ വിശേഷിപ്പിക്കാം.”ഓഷ് വിറ്റസിലെ  ചുവന്ന പോരാളി” എന്ന  ആദ്യ നോവലിലൂടെ തന്നെ മലയാള  സാഹിത്യ രംഗത്ത് തന്റെ വരവറിയിച്ച എഴുത്തുകാരനാണ് അരുൺ ആർഷ.അദേഹത്തിന്റെ  രണ്ടാം നോവലാണ് ഇത്. ജർമ്മനിയിലെ ചോരമണക്കുന്ന നാസിപ്പടയുടെ കഥകളിൽ നിന്നും  തെക്കേ അമേരിക്കയിലെ  സ്പാനിഷ് കോളനി വാഴ്ചയിലേക്കും, സ്വർണ്ണവേട്ടക്കാരായ നാവികരിലേക്കും, അവരുടെ സാഹസികതകളിലേക്കുമാണ്  രണ്ടാം  നോവലിൽ എഴുത്തുകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. തീർത്തും അപരിചിതമായ  കഥയും, കഥാപാത്രവും, ദേശവും ചടുലമായ ഭാഷയിൽ വിവർത്തന കൃതികളോട് കിട പിടിക്കുന്ന രീതിയിൽ അവതരിപ്പിച്ച എഴുത്തുകാരന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

എന്റെ  പരിമിതമായ അറിവുകളും, ഓർമ്മകളും ശെരിയാണെങ്കിൽ  കടൽയാത്രയും, നിധിവേട്ടയും, യുദ്ധവും ഇതിവൃത്തമാക്കി മലയാളത്തിൽ അധികം രചനകൾ ഉണ്ടായിട്ടുണ്ടാവില്ല. ചോരയുടെ മണമുള്ള കടൽയാത്രകളും, കടൽകൊള്ളയും, കടൽയുദ്ധങ്ങളുമെല്ലാം  ദാമിയനിൽ പശ്ചാത്തലമായി വരുന്നുണ്ട്.കഥയെക്കുറിച്ചു നിങ്ങൾക്ക്  വ്യക്തമായ  ഒരു ധാരണ തരാതെ  ഇങ്ങനെയൊരു വായനാകുറിപ്പ് എഴുതുന്നത്  വായനാസുഖത്തെ യാതൊരു വിധത്തിലും  ബാധിക്കാൻ പാടില്ല എന്ന് ഈ  നോവൽ  മൂന്നാവർത്തി വായിച്ചു എനിക്ക്  ബോധ്യമായത് കൊണ്ടാണ്.

ചരിത്രവും  ഭാവനയും   കൂടിക്കലർത്തി ഒരുക്കിയ  നോവലാണ് ആറു വർഷം സമയമെടുത്ത്  മൂന്നു ഭാഗങ്ങളായി അരുൺ ആർഷ രചിച്ച  ദാമിയന്റെ അതിഥികൾ.ആദ്യ രണ്ടു  ഭാഗവും  പരസ്പരം ബന്ധിപ്പിച്ചു മൂന്നാം ഭാഗത്തിൽ  എത്തുമ്പോൾ  വായനയിലെ ത്രില്ലിങ്ങും ആകാംഷയും  അതിന്റെ  ഉന്നതിയിലെത്തുന്നു.ആദ്യ ഭാഗത്തിൽ  ജുവാനയിലൂടെയും,ഗോൺസാലസിലൂടെയും  രണ്ടാം ഭാഗത്തിൽ ബാൽവോവോയിലൂടെയും പറഞ്ഞു പോവുന്ന നോവൽ മൂന്നാം ഭാഗത്തിൽ  അവസാനിക്കുന്നത്  പിസ്സാരോയുടെ  സാഹസികതയിലൂടെയാണ്.ഓരോ ഭാഗങ്ങളും  വളരെ ചെറിയ അദ്ധ്യായങ്ങൾ ആയി എഴുതിയത് കൊണ്ടാണോ എന്നറിയില്ല മികച്ച വായനാസുഖമാണ് ലഭിച്ചത്. പാശ്ചാത്യൻ ഭംഗിയുള്ള ഗംഭീര അവതരണമാണ് ദാമിയന്റെ മറ്റൊരു പ്രിത്യേകത.വായനക്കാരെ ഞെട്ടിക്കാനുള്ള  ഒരുപാടു  രംഗങ്ങളാൽ സമ്പന്നമാണ്  അവസാന അദ്ധ്യായങ്ങൾ.കടലിലെ യുദ്ധരംഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ  ചെറുതെങ്കിലും  അത്രയേറെ  ആകർഷകമായിരുന്നു.വായനയെ സ്വാധീനിച്ച മറ്റൊരു ഘടകമാണ്  പ്രവചനാതീതമായ രീതിയിൽ  അരങ്ങേറുന്ന സംഭവങ്ങളും കഥാപാത്രങ്ങളും.ഊഹിക്കാൻ പോലും കഴിയാത്ത ഒരു തലത്തിലേക്ക് കഥയും , കഥാപാത്രങ്ങളും ഈ നോവലിൽ  മാറ്റപ്പെടുന്നത് വായനക്കാരിൽ അത്ഭുതം സൃഷ്ടിച്ചേക്കാം.

കഥ, കഥാപാത്രസൃഷ്ടി, സംഭാക്ഷണം, അവതരണശൈലി, ഭാഷ എന്നീ  ഏതു  മേഖലയെ  എടുത്തു നോക്കിയാലും  ദാമിയന്റെ അതിഥികൾ എന്ന നോവൽ ഒരു പാഠപുസ്തകം ആയിട്ട് എടുക്കാൻ കഴിയുമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.മുന്നൂറ്റി അറുപതു പേജുകളുള്ള  ഈ  നോവൽ മലയാളത്തിൽ   വന്ന മികച്ച വർക്കുകളിൽ ഒന്നാണ്.വായിക്കാതെ മാറ്റി വെക്കുന്നവരുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണു .കാരണം പാശ്ചാത്യൻ ഭംഗി നുകർന്നു കൊണ്ട്  ഒരു  മലയാളിയുടെ തൂലികയിൽ പിറവിയെടുത്ത ഗംഭീര നോവൽ  ആസ്വദിക്കാനുള്ള  അവസരമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. 

ദാമിയന്റെ അതിഥികൾ
Author        :  അരുൺ ആർഷ
Publisher   :  ഗ്രീൻ ബുക്സ്
Price           :   435/-

© Geo George

വെളിപാടിന്റെ പുസ്തകം

“ദിനേശൻ മൂപ്പനാവുകയാണ്. പകർന്നാട്ടം. ഒന്നിനിന്ന്  മറ്റൊന്നിലേക്ക്;പഴമയിൽനിന്ന് പുതുമയിലേക്ക്. നിയോഗത്തിന്റെ ബാധ്യത പകർത്തപ്പെടുകയാണ്. തീരാത്ത വൃഥകളുടെ വ്യർത്ഥത തുളുമ്പാൻ ഒരു ജന്മം കൂടി.
                  – വെളിപാടിന്റെ പുസ്തകം “

ചോച്ചേരികുന്നിനു കീഴെ പരന്നു കിടക്കുന്ന ഏഴാലിപ്പാടം.കുന്നിന്റെ ഉച്ചിയിൽ അമ്പല കോവിലിൽ കഴിഞ്ഞു കൂടുന്ന സുപ്രൻ തെയ്യം.പാടത്തിന്റെ നടുക്ക് ദെച്ചുവിന്റെ കിണർ.ഏഴാലിപ്പാടത്തെ ഓരോ ആത്മാക്കളുടെയും ചൂടും ചൂരും അറിഞ്ഞ മൂപ്പന്മാർ,പറഞ്ഞോടിക്കാവിൽ കുടിയിരിക്കുന്ന ദേവത. ദിനേശൻ, ദെച്ചു, കുറുമ്പ, അങ്ങനെ ഒരുപിടി കഥാപാത്രങ്ങളിലൂടെ വായനയുടെ ഭ്രാന്തമായ ഒരു ലോകത്തേക്ക് വായനക്കാരെ നയിക്കുന്ന നോവലാണ്  വെളിപാടിന്റെ പുസ്തകം.

മിത്തുകളും, ഐതിഹ്യങ്ങളും, പഴങ്കഥകളും കോർത്തിണക്കി  നൂറ്റിപന്ത്രണ്ടു പേജുകളിലായി വിപിൻ‌ദാസ് നായർ  എന്ന  നവാഗത എഴുത്തുകാരൻ  ഒളിപ്പിച്ചു  വെച്ചിരിക്കുന്നത്  മാജിക്കൽ  റിയലിസത്തിന്റെ മായകാഴ്ചകളും  കഥാപാത്രങ്ങളുമാണ്. വിശ്വസിക്കാൻ  പ്രയാസമായ ഒരു കഥയെ അവിശ്വസനീയമായി വായനക്കാരിലേക്ക് എത്തിക്കുക  എന്നത്  ശ്രമകരമായ  ഒരു ജോലിയാണ്.ആ  ജോലി  വിപിൻ‌ദാസ്   ഭംഗിയായി  നിർവഹിക്കുന്നു.

മരണത്തിന്റെയും, പകയുടെയും ഗന്ധം വായനക്കാരന് ചുറ്റും വാരിയെറിഞ്ഞു  ഞെട്ടിക്കുന്നതിൽ  നോവൽ  വിജയമാണ്.ചില കഥാപാത്രങ്ങൾ  നിമിഷ നേരം  കൊണ്ട്  വന്ന് അതെ വേഗതയിൽ മാഞ്ഞു പോവുമ്പോൾ വായനക്കാരൻ ഭ്രമാത്കമായ ഒരു ലോകത്തേക്ക് നയിക്കപ്പെടുന്നു.ദെച്ചുവിന്റെ മരണം നോവലിൽ ഏറെ വേദനിപ്പിച്ച ഒരു ഭാഗമാണ്. മരണഗന്ധത്തിൽ  വീർപ്പുമുട്ടുന്ന ദിനേശന്റെ  രൂപം അവസാനം വരെ  വേട്ടയാടിയേക്കാം വായനക്കാരെ.

ഏറ്റവും  ആകർഷണീയമായി  അനുഭവപ്പെടുന്നത്  ഭാഷയും അവതരണ ശൈലിയുമാണ്. ആദ്യ വായനയിൽ ചില പ്രാദേശിക പദങ്ങളുടെ  അർഥം അറിയാത്തതിനാൽ   നിഘണ്ടു തപ്പേണ്ടി വന്നിരുന്നു.നോൺ ലീനിയർ നരേഷൻ ആയതിനാൽ  ആദ്യ വായനയിൽ തോന്നിയ കൺഫ്യൂഷൻ   രണ്ടാം വായനയിൽ തുടക്കത്തിലേ   നികത്താൻ  കഴിഞ്ഞിരുന്നു. നമുക്ക്  അപരിചിതമായ ഒരു  പ്രാദേശിക  ഭാഷയും,ശൈലിയും  ആദ്യമായി  വായിക്കുമ്പോൾ ആദ്യമൊരു  അപരിചിത്വം  തീർച്ചയായും   ഫീൽ  ചെയ്യും.വെളിപാടിന്റെ പുസ്തകം  വായിക്കാനെടുക്കുമ്പോഴും അങ്ങനെയൊരു  അനുഭവം ഉണ്ടാവും.അവതരണത്തോടും ഭാഷയോടും  പതിയെ  ഇഴുകിചേർന്ന്  കഴിഞ്ഞാൽ  ഒറ്റ ഫ്ലോയിൽ  വായിച്ചു തീർക്കാവുന്നതേയുള്ളു ഈ ചെറിയ നോവൽ .എഴുത്തുകാരന്റെ  ആദ്യ നോവലിന്റെ കുറവുകൾ ഉണ്ടാവാം.അത് ഒഴിവാക്കിയാൽ  വ്യത്യസ്തമായ വായനാ അനുഭവമാകും   വെളിപാടിന്റെ പുസ്തകം.

വെളിപാടിന്റെ പുസ്തകം
Author        :  വിപിൻ‌ദാസ് നായർ
Publisher   :  കൈരളി ബുക്സ്
Price          : 120/-

©Geo George